പക്ഷിപ്പനി: ഇന്നലെ കൊന്നത് 1,700 പക്ഷികളെ
കോഴിക്കോട്: പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിക്കോട് വേങ്ങേരിയിലെയും വെസ്റ്റ് കൊടിയത്തൂരിലെയും രോഗബാധിത പ്രദേശങ്ങളിലുള്ള കോഴികളെയും മറ്റ് വളര്‍ത്തു പക്ഷികളേയും നശിപ്പിക്കുന്ന നടപടികള്‍ക്ക് തുടക്കമായി. വേങ്ങേരി, വെസ്റ്റ് കൊടിയത്തൂര്‍ പ്രദേശങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളുടെ ഒരു കിലോമീറ്റര്‍ പരിധിയിലുള്ള വളര്‍ത്തു പക്ഷികളെയാണ് കൊന്നൊടുക്കുന്നത്.
ഇന്നലെ മാത്രം 1700 പക്ഷികളെ ഇതിനായുള്ള ദ്രുതകര്‍മസേന കൊന്നു. പക്ഷിപ്പനി സ്ഥിരീകരിച്ച വെസ്റ്റ് കൊടിയത്തൂരിലെ ഫാമില്‍ ബാക്കിയുണ്ടായിരുന്ന 115 കോഴികളെയും മറ്റ് വളര്‍ത്തു പക്ഷികളെയുമാണ് നശിപ്പിച്ചത്. കൊന്ന ശേഷം പ്രത്യേകം സജ്ജീകരിച്ച സ്ഥലങ്ങളില്‍ വച്ച് തീയിടുകയായിരുന്നു. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി രോഗബാധിത പ്രദേശത്തെ കോഴി, താറാവ്, ഓമനപ്പക്ഷികള്‍ തുടങ്ങിയവയെയാണ് കൊന്നൊടുക്കിയത്. ഇവയുടെ തീറ്റ, മുട്ട, കാഷ്ഠം എന്നിവയും ശേഖരിച്ച് തീയിട്ട് നശിപ്പിച്ചു. വാര്‍ഡുകള്‍ തോറും ദ്രുതകര്‍മസേനയെ വിന്യസിച്ചാണ് ഈ പ്രവര്‍ത്തനം നടത്തുന്നത്.
പക്ഷികളെ കൊന്നൊടുക്കുന്ന ദൗത്യം ഇന്നും തുടരും. പ്രവര്‍ത്തനങ്ങള്‍ക്ക് കോഴിക്കോട് ജില്ലാ കലക്ടര്‍ സാംബശിവ റാവു, മൃഗസംരക്ഷണ വകുപ്പ് ഡയരക്ടര്‍ ഡോ.എം.കെ പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി.
അതേസമയം പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊന്നൊടുക്കുന്ന വളര്‍ത്തുപക്ഷികളുടെ ഉടമസ്ഥര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പു നല്‍കിയതായി ജില്ലാ കലക്ടര്‍ സാംബശിവറാവു അറിയിച്ചു. കൂടാതെ വെസ്റ്റ് കൊടിയത്തൂരിലും വേങ്ങേരി ഉള്‍പ്പെടുന്ന കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലും പക്ഷികളുടെ മാംസ വ്യാപാരം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."