ഫൈസല്‍വധം; രണ്ടു പ്രതികള്‍ക്കുകൂടി ജാമ്യം
തിരൂരങ്ങാടി: കൊടിഞ്ഞി പുല്ലാണി ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന രണ്ടു പ്രതികള്‍ക്കുകൂടി ജാമ്യം അനുവദിച്ചു. കേസിലെ മുഖ്യപ്രതികളിലൊരാളായ ബിബിനെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ച തിരൂര്‍ ആലത്തിയൂര്‍ സ്വദേശി എടക്കാപറമ്പില്‍ രതീഷ് (27 ), കൊലയ്ക്കുപയോഗിച്ച ആയുധം സൂക്ഷിച്ച കേസില്‍ അറസ്റ്റിലായ തിരൂര്‍ തൃപ്രങ്ങോട് പൊയിലിശ്ശേരി പുതുശ്ശേരി വിഷ്ണുപ്രകാശ് (27) എന്നിവര്‍ക്കാണ് പരപ്പനങ്ങാടി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്നലെ ജാമ്യം അനുവദിച്ചത്.
ഫെബ്രുവരി ആറിനാണ് മൈസൂരുവിനടുത്ത് ഫര്‍ഗൂരിലെ കൃഷി ഫാമിലെ രഹസ്യകേന്ദ്രത്തില്‍വച്ച് ബിബിനോടൊപ്പം രതീഷും ക്രൈംബ്രാഞ്ച് പൊലിസിന്റെ പിടിയിലായത്. ബിബിനു രക്ഷപ്പെടാനും വയനാട്, കര്‍ണാടക എന്നിവിടങ്ങളില്‍ ഒളിവില്‍ താമസിക്കാനും ജോലിയടക്കമുള്ള സൗകര്യങ്ങളും ചെയ്തുകൊടുത്തതു രതീഷ് ആയിരുന്നു.
കഴിഞ്ഞ മാസം പതിനെട്ടിനായിരുന്നു വിഷ്ണു പ്രകാശിനെ അറസ്റ്റ് ചെയ്തത്. ഫൈസലിന്റെ വയറിനു കുത്തിയ ശേഷം കത്തി സൂക്ഷിച്ചതു വിഷ്ണുപ്രകാശ് ആയിരുന്നു. ആലത്തിയൂര്‍ കുട്ടിച്ചാത്തന്‍പടി വടക്കേപാടത്തെ പ്ലംബിങ് പൈപ്പില്‍നിന്നു കത്തി വിഷ്ണുപ്രകാശ് പൊലിസിന് കാണിച്ചുകൊടുത്തിരുന്നു. ഫൈസല്‍ വധക്കേസില്‍ ആകെ പതിനാറ് പ്രതികളാണ് അറസ്റ്റിലായത്. മുഖ്യപ്രതികളടക്കം പതിനൊന്നു പേര്‍ക്ക് ഈയിടെ ജാമ്യം ലഭിച്ചിരുന്നു. ബിബിന്‍, മുഖ്യ ഗൂഢാലോചനാ പ്രതി മഠത്തില്‍ നാരായണന്‍, മറ്റൊരു ഗൂഢാലോചനാ പ്രതി വള്ളിക്കുന്ന് കോട്ടാശ്ശേരി ജയകുമാര്‍ എന്നിവരാണിപ്പോള്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."