കേരള ശാസ്ത്ര കോണ്‍ഗ്രസ് കൊല്ലത്ത്
കൊല്ലം: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ നടത്തുന്ന 31ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസ് രണ്ട്, മൂന്ന് തിയതികളില്‍ കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളജില്‍ നടക്കും. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ഫാത്തിമ മാതാ നാഷണല്‍ കോളജ് എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായാണ് ശാസ്ത്ര കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. രണ്ടിന് രാവിലെ 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യും. പ്രളയാനന്തര കേരളത്തില്‍ ശാസ്ത്രവും സാങ്കേതിക വിദ്യയും നവകേരള നിര്‍മിതിക്ക് എങ്ങനെ ഉപയോഗപ്പെടുത്താമെന്ന ശാസ്ത്രീയ വിശകലനത്തിനുള്ള വേദിയാകും ഇത്തവണത്തെ ശാസ്ത്ര കോണ്‍ഗ്രസെന്ന് കെ.എസ്.സി.എസ്.ടി.ഇ അംഗം സെക്രട്ടറിയും ശാസ്ത്ര കോണ്‍ഗ്രസ് ജനറല്‍ കണ്‍വീനറുമായ ഡോ. എസ്. പ്രദീപ്കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇരുപത്തിയഞ്ചോളം അന്താരാഷ്ട്ര ശാസ്ത്രജ്ഞരും 1300 ഓളം ഗവേഷകരും പങ്കെടുക്കും. 426 ഗവേഷണ പ്രബന്ധങ്ങള്‍ കോണ്‍ഗ്രസില്‍ അവതരിപ്പിക്കും. കൂടാതെ 250 ഓളം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന ബാല ശാസ്ത്ര കോണ്‍ഗ്രസും, ബിരുധാനന്തര ബിരുധ വിദ്യാര്‍ഥികള്‍ക്ക് വിവിധ മേഖലകളിലെ ശാസ്ത്രജ്ഞരുമായി സംവദിക്കുന്ന മുഖാമുഖം പരിപാടിയും ശാസ്ത്ര കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ജെ.എന്‍.ടി.ബി.ജി.ആര്‍.ഐ ഡയറക്ടര്‍ ഡോ. ആര്‍. പ്രകാശ്കുമാര്‍, ഫാത്തിമ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വിന്‍സന്റ് ബി. നെറ്റോ, അധ്യാപകന്‍ ഡോ. എസ്. മനോജ്, ഡോ. എ.വി മനോജ് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."