വിദ്യാര്‍ഥികളെ ഇടിച്ചുതെറിപ്പിച്ച കാര്‍ഡ്രൈവര്‍ അറസ്റ്റില്‍
പൂച്ചാക്കല്‍ (ആലപ്പുഴ): അമിത വേഗതയിലെത്തിയ കാര്‍ വിദ്യാര്‍ഥികളെ ഇടിച്ചുതെറിപ്പിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍. അസം സ്വദേശി ആനന്ദ് മുഡോ (29) യാണ് അറസ്റ്റിലായത്. പൂച്ചാക്കലിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ആനന്ദ് അപകടത്തിന് ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെയാണ് പൂച്ചാക്കല്‍ പൊലിസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
വാഹനം ഓടിച്ചിരുന്നത് താനാണെന്നും മദ്യപിച്ചിരുന്നെന്നും ഇയാള്‍ പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് ആനന്ദിനെതിരേ വധശ്രമം, മദ്യപിച്ച് വാഹനം ഓടിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കാറിലുണ്ടായിരുന്ന പാണാവള്ളി ഇടവഴിയ്ക്കല്‍ മനോജ് തലയ്ക്ക് പരുക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച രണ്ട് മണിയോടെ പൂച്ചാക്കല്‍ ഇലക്ട്രിസിറ്റി ജങ്ഷന്‍ - പള്ളി വെളി റോഡിലാണ് അപകടമുണ്ടായത്. അമിതവേഗത്തിലെത്തിയ കാര്‍ ബൈക്ക് യാത്രക്കാരന്‍ അനീഷിനെയും മകന്‍ വേദവിനെയും ഇടിച്ചതിന് ശേഷം എതിര്‍വശത്ത് കൂടി നടന്നു വരികയായിരുന്ന ശ്രീകണേ്ഠശ്വരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനികളായ ചന്ദന, അനഘ, സാഖി എന്നിവരെ ഇടിച്ചു തെറിപ്പിച്ചു. പിന്നീട് സൈക്കിളില്‍ വരികയായിരുന്ന പാരല്‍ കോളജ് വിദ്യാര്‍ഥിനി അര്‍ച്ചനയെയും ഇടിച്ച് തെറിപ്പിച്ച് മരത്തിലിടിച്ചു നില്‍ക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ ചേര്‍ത്തല കോടതിയില്‍ ഹാജരാക്കി.
അപകടത്തില്‍ പരുക്കേറ്റ പാണാവള്ളി കോണത്തേഴത്ത് ചന്ദ്രബാബുവിന്റെ മകള്‍ ചന്ദനയ്ക്ക് വലത് കാലിന്റെ തുടയെല്ല് ഒടിഞ്ഞതിനാല്‍ നാല് ദിവസത്തിന് ശേഷം ശസ്ത്രക്രിയ നടത്തും. ഉരുവന്‍ കുളത്ത് ചന്ദ്രന്റെ മകള്‍ അനഘയുടെ ഇടത് കാല് ഒടിഞ്ഞതിനാല്‍ കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയിരുന്നു.
അയ്യന്‍കേരിയില്‍ സാബുവിന്റെ മകള്‍ സാഖിയുടെ രണ്ട് കാലിന്റെയും തുടയെല്ല് പൊട്ടിയിട്ടുണ്ട് വെള്ളിയാഴ്ച ശസ്ത്രക്രിയ നടത്തുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇവര്‍ മൂന്ന് പേരും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. ബൈക്ക് യാത്രക്കാരനായ പാണാവള്ളി മാനശേരിയില്‍ അനീഷിന്റെ വലതു കൈ ഒടിഞ്ഞതിനാല്‍ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."