മക്കളെല്ലാം നമ്മള്‍ക്കൊരു പോലെ; അവഗണനയ്‌ക്കെതിരേ ഭിന്നശേഷിക്കാര്‍ അരങ്ങിലെത്തി
കോഴിക്കോട്: നമ്മുടെ മക്കളെങ്ങനെയായാലെന്താ? നമുക്കെല്ലാ മക്കളും ഒരു പോലെ തന്നെയാണ്... ഒരമ്മ ഇങ്ങനെ പറഞ്ഞ് കര്‍ട്ടന്‍ താഴ്ന്നപ്പോള്‍ ടൗണ്‍ ഹാളിലെത്തിയ നിറഞ്ഞസദസ് മുഴുവന്‍ കരഘോഷം മുഴക്കുകയായിരുന്നു. പുറക്കാട് ശാന്തിസദനം സ്‌കൂള്‍ ഫോര്‍ ഡിഫറന്‍ഡ്‌ലി ഏബിള്‍ഡ് സ്ഥാപനത്തിലെ 40 ഓളം വിദ്യാര്‍ഥികളും 15 അധ്യാപകരും അരങ്ങിലെത്തി അവഗണനയ്‌ക്കെതിരേ പ്രതിഷേധം ഉയര്‍ത്തിയപ്പോള്‍ അതു സദസിനും ബോധ്യമായി.
രണ്ട് അച്ഛന്‍മാരുടെ കഥയാണ് 'മണിവര്‍ണത്തൂവല്‍' ദൃശ്യാവിഷ്‌കാരത്തിന്റെ ഇതിവൃത്തം. പ്രണയവിവാഹത്തിനു ശേഷം അധ്യാപകനായ പിതാവിനും നാടക സംവിധായികയായ മാതാവിനും ഓട്ടിസമുള്ള കുഞ്ഞ് പിറക്കുന്നതോടെയാണ് നാടകം വികസിക്കുന്നത്. കുഞ്ഞിന്റെ ഇളംപ്രായത്തില്‍ തന്നെ അമ്മ നഷ്ടപ്പെട്ടു. ശേഷം മകനു വേണ്ടി അധ്യാപകജോലി ഉപേക്ഷിച്ച് ആ പിതാവ് ദിവസങ്ങള്‍ തള്ളിനീക്കുന്നു. അതിനിടെയാണ് മകന്‍ കാന്‍വാസില്‍ വരച്ചിട്ട ചിത്രങ്ങള്‍ പിതാവ് കാണുന്നത്. ജീവനുള്ള ആ ചിത്രങ്ങളില്‍ കണ്ണിമക്കാതെ നോക്കുമ്പോള്‍ പിതാവിന്റെ മനം കുളിരുന്നു.
മറുപുറത്ത് മറ്റൊരച്ഛന്‍ രണ്ടു പെണ്‍മക്കളുടെ ഭാവിയെക്കുറിച്ചും ആത്മാഭിമാന നഷ്ടത്തെക്കുറിച്ചും ഓര്‍ത്ത് ജീവിക്കുകയാണ്. അഭിമാനക്ഷതം ഭയന്ന് ബുദ്ധിവൈകല്യമുള്ള ഒരു മകളെ ഇരുട്ടുമുറിയിലേക്ക് തള്ളി പുറംലോകത്ത് അയാള്‍ തലയുയര്‍ത്തി നടക്കുകയാണ്.
ഈ രണ്ടു ജീവിതങ്ങള്‍ക്കിടയിലെ സംഘര്‍ഷങ്ങളും പ്രതീക്ഷകളുമാണു പ്രധാനമായും നാടകത്തിലൂടെ പുറത്തെത്തിക്കുന്നത്. കൂടാതെ അധികാരി വര്‍ഗത്തിന്റെ ചുവപ്പുനാടയില്‍ കുടുങ്ങി പല ആനുകൂല്യങ്ങളും നഷ്ടപ്പെടുത്തുന്നതിനെ കുറിച്ചും സമൂഹത്തിന്റെ ഭിന്നശേഷിക്കാരായ കുട്ടികളോടുള്ള അവഗണനയെ കുറിച്ചും നാടകം കൃത്യമായി അവതരിപ്പിക്കുന്നു.
വിഷയാവതരണത്തോടൊപ്പം തന്നെ രംഗം മാറിവരുമ്പോള്‍ കുട്ടികള്‍ അവതരിപ്പിക്കുന്ന ഒപ്പനയും നൃത്തശില്‍പവും കാഴ്ചയുടെ വേറിട്ട അനുഭവമാണ് സദസിനു സമ്മാനിച്ചത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ്. മായയുടെ നേതൃത്വത്തില്‍ ദീപു തൃക്കോട്ടൂരാണ് ദൃശ്യാവിഷ്‌കാരത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.
വി.പി ബഷീര്‍ ഉദ്ഘാടനം ചെയ്തു. പി.ടി ഹനീഫ അധ്യക്ഷനായി. മുന്‍ മേയര്‍ ഭാസ്‌കരന്‍, സി.എസ് ഹാഷിം, എ.കെ നിഷാദ്, ടി.കെ അബ്ദുറഹ്മാന്‍, നജീബ് കുറ്റിപുറം, പി.കെ മുഹമ്മദ് ഹാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."