കാഞ്ഞങ്ങാട്ട് അമ്മയും കുഞ്ഞും ആശുപത്രി: നിര്‍മാണോദ്ഘാടനം നാളെ
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് അമ്മയും കുഞ്ഞും പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തി ഉദ്ഘാടനം നാളെ രാവിലെ 11 ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ നിര്‍വഹിക്കുമെന്ന് നഗരസഭാ ചെയര്മാന് വി.വി രമേശന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് അധ്യക്ഷനാകും.
എട്ടു കോടിയോളം ചെലവില്‍ 3000 സ്ക്വയര്‍ ഫീറ്റ് ചുറ്റളവിലാണ് മൂന്നുനിലകളോടു കൂടിയ ആശുപത്രി ഒരുങ്ങുന്നത്. ആദ്യം 112 കിടക്കകളോട് കൂടിയൊരുങ്ങുന്ന ആശുപത്രിയില്‍ ആത്യന്താധുനിക സൗകര്യങ്ങളുണ്ടായിരിക്കും. പ്രസവസംബന്ധവും ശിശുപരിപാലനവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ആശുപത്രിയില്‍ ലഭ്യമാകും.
സൗജന്യമായി പരിശോധന, മരുന്ന്, ഭക്ഷണം, 500 രൂപ യാത്രാ ബത്ത, പ്രസവാനന്തര ചികിത്സ, ബത്ത 700 എന്നിവ നല്‍കുന്നതാണ് പദ്ധതി. പ്രസവ-പ്രസവാനന്തര ചികിത്സക്കായി സ്വകാര്യമേഖലയെ ആശ്രയിക്കുന്ന ജില്ലയിലെ 70 ശതമാനത്തോളം പാവപ്പെട്ട രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സാസൗകര്യം കുറഞ്ഞചെലവില്‍ ഒരുക്കാന്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് കഴിയും. വാര്‍ത്താസമ്മേളനത്തില്‍ ഡി.എം.ഒ ഇന്‍ചാര്‍ജ് ഡോ. രാമദാസ് , ഡോ. മനോജ്, പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ്. നായര്‍, അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. ദാമോദരന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."