സഊദിയിൽ ഗോഡൗണിൽ പൂഴ്ത്തിവെച്ച 20 ദശലക്ഷത്തിലധികം മാസ്‌കുകളും കയ്യുറകളും പിടിച്ചെടുത്തു
റിയാദ്: സഊദിയിൽ ഗോഡൗണിൽ പൂഴ്ത്തിവെച്ച 20 ദശലക്ഷത്തിലധികം മാസ്‌കുകളും കയ്യുറകളും പിടിച്ചെടുത്തു. നിലവിലെ അവസ്ഥയിൽ കുറച്ച സമയം കൂടി കഴിയുകയാണെങ്കിൽ വൻ തുകയിൽ ഇവ വിൽപ്പന നടത്താനുള്ള ഒരുക്കത്തോടെയാണ് ഇവ സൂക്ഷിച്ചിരുന്നത്. സഊദി വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥർ നടത്തിയ പരോശോധനയിലാണ് ഇവ കണ്ടെടുത്തത്. സഊദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ (എസ്‌എഫ്‌ഡിഎ) സഹകരണത്തോടെ നടത്തിയ റെയ്‌ഡുകളിൽ അനധികൃതമായി സാധനങ്ങൾ സംഭരിക്കുന്ന വാണിജ്യ സ്ഥാപനവും കണ്ടെത്തിയിട്ടുണ്ട്. കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ മാസ്ക്കുകളും സ്റ്റെറിലൈസറുകളും ആവശ്യത്തിന് വിപണിയിലെത്തിച്ച് ലഭ്യത ഉറപ്പുവരുത്തണമെന്ന് നിർമാതാക്കളോട് അധികൃതർ ആവശ്യപ്പെട്ടിരുന്നു.
എസ്‌എഫ്‌ഡിഎയുടെ അനുമതിയില്ലാതെ ലൈസൻസില്ലാത്ത സ്ഥലത്ത് സൂക്ഷിച്ചിച്ചു വെച്ച സാധനങ്ങൾ അധികൃതർ കണ്ടുകെട്ടിയിട്ടുണ്ട്. കേസ് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും പ്രതികൾക്കെതിരെ സ്ഥാപനത്തിനെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്‌തു. ഫേസ്മാസ്ക്കുകൾക്ക് നിലവിലുണ്ടായിരുന്നതിനേക്കാൾ നൂറും ഇരുനൂറും ഇരട്ടിവരെ വില ഈടാക്കുന്ന പ്രവണതകളുമുണ്ടാകുകയും പൊതുജനം മാസ്ക്കുകൾക്കുവേണ്ടി അലയുന്ന സാഹചര്യവും ഉടലെടുത്തിരുന്നു. ഇതിനെ തുടർന്നാണ് സഊദിഫുഡ് ആൻഡ് ഡ്രഗ് ജനറൽ അതോറിറ്റിയുടെ സഹകരണത്തോടെ വാണിജ്യ മന്ത്രാലയം പരിശോധന ആരംഭിച്ചത്. നിലവിലെ സാഹചര്യത്തിൽ അവശ്യ വസ്‌തുക്കൾ അനാവശ്യമായി സൂക്ഷിക്കുന്നതിനെതിരെ സഊദി നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം പരാതികളിൽ “കൊമേഴ്‌സ്യൽ നോട്ടിഫിക്കേഷൻ” എന്ന ആപ്ലിക്കേഷനിലൂടെയോ 1900 എന്ന നമ്പർ വഴിയോ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ പരാതി നൽകണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."