HOME
DETAILS
MAL
ഭൂചലനം: ഇടുക്കിയില്‍ മൂന്നിടങ്ങളില്‍ ഡിജിറ്റല്‍ സീസ്‌മോഗ്രാഫ് സ്ഥാപിക്കും
backup
March 21 2020 | 05:03 AM
സ്വന്തം ലേഖകന്‍
തൊടുപുഴ: ഇടുക്കിയില്‍ മൂന്നിടങ്ങളില്‍ ആധുനിക ഡിജിറ്റല്‍ സീസ്‌മോഗ്രാഫ് (ഭൂകമ്പമാപിനി) സ്ഥാപിക്കാന്‍ ഭൂചലനത്തെപ്പറ്റി പഠനം നടത്തുന്നതിനെത്തിയ നാഷണല്‍ സീസ്‌മോളജി സെന്ററിലെ ശാസ്ത്രസംഘം തീരുമാനിച്ചു. ഇടുക്കി ഡാം, ആലടി, ചോറ്റുപാറ എന്നിവിടങ്ങളിലാണ് ഡിജിറ്റല്‍ സീസ്‌മോഗ്രാഫ് സ്ഥാപിക്കുന്നത്. ഇടുക്കിയില്‍ കഴിഞ്ഞ മാസം 27 മുതല്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ ഉണ്ടായ ഭൂചലനത്തെപ്പറ്റി പഠനം നടത്തുന്നതിനാണ് കേന്ദ്ര ശാസ്ത്രസംഘം എത്തിയത്. ഡിജിറ്റല്‍ ഭൂകമ്പമാപിനികള്‍ തകരാറിലായത് സംബന്ധിച്ച് 'ഹൈടെക് യുഗത്തിലും ഭൂകമ്പം അളക്കാന്‍ കാലഹരണപ്പെട്ട മാപിനി' എന്ന തലക്കെട്ടില്‍ മാര്‍ച്ച് ഒന്നിന് സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു.
മൂന്നുമാസമെങ്കിലും ഉപകരണങ്ങള്‍ ഇവിടങ്ങളില്‍ നിലനിര്‍ത്തും. ഇടുക്കി ഭ്രംശമേഖലയില്‍ ഉള്‍പ്പെടുന്ന സ്ഥലമാണെങ്കിലും ഇപ്പോഴുണ്ടായ ചലനങ്ങള്‍ റിക്ടര്‍ സ്‌കെയിലില്‍ 2.5 പോയിന്റില്‍ താഴെ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂവെന്ന് സംഘം വിലയിരുത്തി. ആദ്യഘട്ട നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍പഠനം സംബന്ധിച്ച് തീരുമാനിക്കും. കഴിഞ്ഞ മാസം 27 മുതല്‍ ഈ മാസം 19 വരെ ഇടുക്കിയില്‍ മുപ്പതില്‍ അധികം ഭൂചലനങ്ങള്‍ ഉണ്ടായതായാണ് വൈദ്യുതി ബോര്‍ഡിന്റെ ഇടുക്കി,ആലടി,ചോറ്റുപാറ എന്നീ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള അനലോഗ് ഭൂചലന മാപനികളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
കൊടൈക്കനാല്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ മാത്രമാണ് ഇടുക്കിക്ക് സമീപം നാഷണല്‍ സീസ്‌മോളജി വിഭാഗത്തിന് നിലവില്‍ ഭൂകമ്പമാപിനി സ്റ്റേഷനുകള്‍ ഉള്ളത്. ഈ സ്റ്റേഷനുകളിലെ മാപിനികളില്‍ ഇടുക്കിയില്‍ ഉണ്ടായ 12 ഭൂചലനങ്ങള്‍ മാത്രമാണ് രേഖപ്പെടുത്തിയിത്. ഇതിനാല്‍ കൂടുതല്‍ പഠനത്തിന് വേണ്ടിയാണ് പുതിയ ഭൂചലനമാപനികള്‍ സ്ഥാപിക്കാന്‍ ശാസ്ത്രജ്ഞര്‍ തീരുമാനിച്ചത്. ഇടുക്കി ആര്‍ച്ച് ഡാമിന് ചേര്‍ന്ന് ഭൂചലനമാപനി സ്ഥാപിക്കുന്നത് ഉചിതമാണെന്ന് സംഘം വിലയിരുത്തി. സംഘം ഇന്ന് ആലടി, ചോറ്റുപാറ എന്നി സ്ഥലങ്ങളില്‍ വൈദ്യുതി ബോര്‍ഡിന്റെ അനലോഗ് ഭൂചലന മാപനികള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തും.
സീസ്‌മോളജി ശാസ്ത്രജ്ഞരായ കുല്‍വീര്‍ സിങ്, എം.എല്‍ ജോര്‍ജ്, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഹസാര്‍ഡ് ആന്‍ഡ് റിസ്‌ക് അനലിസ്റ്റ് വിദഗ്ധന്‍ ജി.എസ് പ്രദീപ് എന്നിവര്‍ അടങ്ങിയ സംഘത്തോടൊപ്പം വൈദ്യുതി ബോര്‍ഡ് ഡാം സേഫ്റ്റി ആന്‍ഡ് റിസര്‍ച്ച് വിഭാഗം അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സജീവ്കുമാര്‍, അസി. എന്‍ജിനീയര്‍മാരായ അംബിമതി,സുനില്‍കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."