'ഭര്‍തൃവീട്ടില്‍ സംഭവിക്കുന്ന എല്ലാ പീഡനങ്ങളും ക്രൂരതയല്ല' ; നവവധു ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനെയും വീട്ടുകാരെയും കുറ്റവിമുക്തരാക്കി കോടതി
മുംബൈ: ഭര്‍തൃഗൃഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന എല്ലാ കാര്യങ്ങളും ക്രൂരതയുടെ പരിധിയില്‍ വരില്ലെന്ന് കോടതി. വിവാഹം കഴിഞ്ഞ് ആറു മാസത്തിനുശേഷം വധു ആത്മഹത്യ ചെയ്ത കേസില്‍ പ്രതികളുടെ ഹരജി പരിഗണിക്കവെയാണ് ബോംബെ ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. ഭര്‍തൃഗൃഹത്തില്‍ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും പീഡനമായി കരുതാനാകില്ലെന്നാണ് 20 വര്‍ഷം പഴക്കമുള്ള ഉത്തരവ് റദ്ദാക്കിക്കൊണ്ട് ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച് ഉത്തരവിട്ടത്.
ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കും എതിരെ ഐ പി സി 498A, 306 (ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കല്‍) വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ വിചാരണക്കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് പ്രതികള്‍ നല്‍കിയ അപ്പീലിലാണ് സിംഗിള്‍ ബഞ്ചിന്റെ വിധി.
''ടിവി കാണാന്‍ അനുവദിക്കാതിരിക്കുക, കാര്‍പറ്റില്‍ ഉറങ്ങാന്‍ നിര്‍ബന്ധിക്കുക, പാകം ചെയ്ത ഭക്ഷണത്തിന്റെ പേരില്‍ കുറ്റപ്പെടുത്തുക, രോഗിയായിരിക്കെ വീട്ടുജോലികള്‍ ചെയ്യിപ്പിക്കുക, അയല്‍വാസികളെ കാണാനോ ക്ഷേത്രം സന്ദര്‍ശിക്കാനോ ഒറ്റയ്ക്കു പോകാന്‍ അനുവദിക്കാതിരിക്കുക, രാത്രിയില്‍ ശുദ്ധജല വിതരണം നടത്തുന്ന ഗ്രാമത്തില്‍ രാത്രി തന്നെ വെള്ളം ശേഖരിച്ചുവയ്ക്കാന്‍ ആവശ്യപ്പെടുക തുടങ്ങിയ കാര്യങ്ങള്‍ 'ക്രൂരത'യുടെ പരിധിയില്‍ വരില്ലെന്ന് കോടതി ഉത്തരവില്‍ പറയുന്നു.
കുടുംബത്തിന്റെ ക്രൂരമായ പീഡനം മൂലമാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് അന്വേഷണ സംഘത്തിനു തെളിയിക്കാനായില്ല. മരിച്ച യുവതിയുടെ വീട്ടുകാരുടെ മൊഴിയില്‍ നിന്ന് അവര്‍ ഏതെങ്കിലും തരത്തിലുള്ള പീഡനങ്ങള്‍ നേരിട്ടതായി അറിയിച്ചിരുന്നില്ലെന്നും വ്യക്തമായതായി കോടതി ഉത്തരവില്‍ പറഞ്ഞു. സ്ത്രീ ആത്മഹത്യചെയ്യുന്നതിന് സമീപ ദിവങ്ങളില്‍ എപ്പോഴെങ്കിലും ഭര്‍ത്താവുമായി അവര്‍ക്ക് എന്തെങ്കിലും ആശയവിനിമയം ഉണ്ടായിരുന്നില്ലന്നെ് സ്ത്രീയുടെ കുടുംബം സമ്മതിച്ചതിനാല്‍ ആത്മഹത്യാ പ്രേരണകുറ്റം നിലനില്‍ക്കില്ലെന്നും ആത്മഹത്യയുടെ കാരണം ദുരൂഹമാണെന്നും കോടതി നിരീക്ഷിച്ചു.
2002 ഡിസംബറിലായിരുന്നു പ്രതിയുടെയും മരിച്ച യുവതിയുടെയും വിവാഹം. ഭര്‍തൃഗൃഹത്തിലെ പീഡനവും അപമാനവും സഹിക്കവയ്യാതെ 2003 മേയ് മാസം യുവതി ആത്മഹത്യ ചെയ്തുവെന്നാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."