മത്സ്യത്തൊഴിലാളികളെ ബാധിച്ചാല്‍ സീ- പ്ലെയിന്‍ പദ്ധതി എതിര്‍ക്കുമെന്ന് പിപി ചിത്തരഞ്ജന്‍ എംഎല്‍എ
ആലപ്പുഴ: മത്സ്യത്തൊഴിലാളികളെ ബാധിച്ചാല്‍ സീ പ്ലെയിന്‍ പദ്ധതി എതിര്‍ക്കുമെന്ന് സി.ഐ.ടി.യു മത്സ്യത്തൊഴിലാളി യൂണിയന്‍ സംസ്ഥാന സെക്രട്ടറി പിപി ചിത്തരഞ്ജന്‍ എം.എല്‍.എ. ആലപ്പുഴയുടെ അടിയന്തരാവശ്യമല്ല സീപ്ലെയിനെന്നും, അതുകൊണ്ട് തന്നെ ജില്ലയിലേക്ക് സ്വാഗതം ചെയ്യുന്നില്ലെന്നും എം.എല്‍.എ പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്ക് ദോഷകരമല്ലാത്ത വിധത്തിലാണ് പദ്ധിതിയെങ്കില്‍ അംഗീകരിക്കുമെന്നും ചിത്തരഞ്ജന്‍ പറഞ്ഞു.
2013ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സീപ്ലെയിന്‍ പദ്ധിതിക്കെതിരെ ചിത്തരഞ്ജന്റെ നേതൃത്വത്തില്‍ സമരം ചെയ്തിരുന്നു.
അതേസമയം സംസ്ഥാനത്തെ വിനോദ സഞ്ചാര സ്വപ്‌നങ്ങള്‍ക്ക് പുതിയ മാനം നല്‍കി സീപ്ലെയിന്‍ പറന്നുയര്‍ന്നു. 17 സീറ്റുള്ള വിമാനത്തിന്റെ മാട്ടുപ്പെട്ടിയിലെക്കുള്ള പരീക്ഷണ പറക്കല്‍ ഇന്ന് രാവിലെ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫ്‌ളാഗ് ഓഫ് ചെയ്തു. മന്ത്രി മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ളവരുമായി ബോള്‍ഗാട്ടിയില്‍ തന്നെ ഒരു റൗണ്ട് യാത്ര നടത്തി അവരെ തിരിച്ചിറക്കിയ ശേഷമാണ് സീ പ്ലെയിന്‍ മാട്ടുപ്പെട്ടിയിലേക്ക് പുറപ്പെട്ടത്. ഇടുക്കി മാട്ടുപ്പെട്ടി ഡാമില്‍ ഇറങ്ങുന്ന വിമാനത്തിന് ഡാം പരിസരത്ത് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും.
കൊച്ചി കായലില്‍ ബോള്‍ഗാട്ടി പാലസിന് സമീപമാണ് ഇന്നലെ സീപ്ലെയിന്‍ 'ഡിഹാവ്‌ലാന്‍ഡ്' കാനഡ ഇറങ്ങിയത്. സംസ്ഥാന ടൂറിസം സെക്രട്ടറി കെ.ബിജു, വ്യോമായാന സെക്രട്ടറി ബിജു പ്രഭാകര്‍, ജില്ലാ കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്, കേരള ടൂറിസം അഡി. ഡയരക്ടര്‍ (ജനറല്‍) പി.വിഷ്ണുരാജ്, വിവിധ ടൂറിസം സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സീപ്ലെയിനിന് സ്വീകരണം നല്‍കി.
റണ്‍വേയ്ക്ക് പകരം ജലത്തിലൂടെ നീങ്ങി ടേക്ക് ഓഫ് നടത്തുകയും വെള്ളത്തില്‍ തന്നെ ലാന്‍ഡിങും സാധിക്കുന്ന ചെറു വിമാനങ്ങളാണ് സീ പ്ലെയിനുകള്‍. കരയിലും ഇവയ്ക്ക് ഇറങ്ങാന്‍ സാധിക്കും. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന വാട്ടര്‍ഡ്രോമുകളില്‍ നിന്നാണ് യാത്രക്കാര്‍ വിമാനത്തില്‍ കയറുക. കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ റീജ്യനല്‍ കണക്ടിവിറ്റി സ്‌കീമിന് കീഴിലുള്ള സീപ്ലെയിന്‍ സര്‍വിസ് ആണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. കേരളത്തിലെ വിമാനത്താവളങ്ങളും ജലാശയങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നതാണ് പദ്ധതി. ഉഡാന്‍ പദ്ധതി പ്രകാരം നിരക്കുകളില്‍ ഇളവുകളുമുണ്ടാകും.
ഇന്നലെ രാവിലെ 11 മണിക്കാണ് വിമാനം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. പിന്നീടാണ് കൊച്ചിക്കായലിലിറക്കിയത്. കനേഡിയന്‍ പൗരന്മാരായ ക്യാപ്റ്റന്‍ ഡാനിയല്‍ മോണ്‍ഗോമറി, ക്യാപ്റ്റന്‍ റോഡ്ജര്‍ ബ്രെന്‍ജര്‍ എന്നിവരാണ് പൈലറ്റുമാര്‍. സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിന്നുള്ള സ്വകാര്യ കമ്പനിയും സ്‌പൈസ്‌ജെറ്റും ചേര്‍ന്നാണ് ഡിഹാവ്‌ലാന്‍ഡ് യുടെ സര്‍വിസ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ആന്ധാപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലെ പരീക്ഷണ സര്‍വിസിനു ശേഷമാണ് വിമാനം കേരളത്തിലെത്തിയത്.
PP Chittaranjan MLA said that he will oppose the sea-plane project if it affects the fishermen
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."