HOME
DETAILS

ബജറ്റില്‍ തുകയില്ല; പ്രതീക്ഷയറ്റ് മാമ്പുഴ

  
backup
March 08 2017 | 22:03 PM

%e0%b4%ac%e0%b4%9c%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%81%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4

കോഴിക്കോട്: എട്ടുവര്‍ഷത്തോളമായി ഒരു പുഴയുടെ പുനര്‍ജനിക്കുവേണ്ടി കോഴിക്കോട് ജില്ലയിലെ സന്നദ്ധ പ്രവര്‍ത്തകരും ജനപ്രതിനിധികളും നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വേണ്ടത്ര ഇടപെടല്‍ ഇല്ലാത്തതിനാല്‍ ഫലം കാണാതെ പോവുന്നു.
2013 ല്‍ കുന്ദമംഗം എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്ന് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ടൂറിസം മന്ത്രി എ.പി അനില്‍കുമാര്‍ കോഴിക്കോട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനോട് മാമ്പുഴ ടൂറിസം ഡെസ്റ്റിനേഷന്‍ പദ്ധതി തയാറാക്കാന്‍ നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം അസിസ്റ്റന്റ് കലക്ടര്‍ രോഹിത് മീണ ഐ.പി.എസ് മാമ്പുഴയുടെ മിക്കഭാഗങ്ങളും സന്ദര്‍ശിക്കുകയും ജനങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.
ഇതല്ലാതെ ഈ കാര്യത്തില്‍ യാതൊരു നടപടിയും മുമ്പോട്ടുനീങ്ങിയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.കോഴിക്കോട് താലൂക്കില്‍ പെരുവയല്‍ വില്ലേജിലെ ചെറുകുളത്തൂര്‍ മുണ്ടക്കലില്‍ നിന്നും ഉത്ഭവിച്ച് മാങ്കാവില്‍ വെച്ച് കല്ലായിപ്പുഴയുമായി ചേരുന്നതാണ് മാമ്പുഴ. മൂന്ന് പഞ്ചായത്തുകളിലും കുറഞ്ഞ പ്രദേശങ്ങള്‍ കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലുമാണുള്ളത്.
ആഫ്രിക്കന്‍ പായലും പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും നിറഞ്ഞ് ഒഴുക്ക് നിലച്ചിരിക്കുന്ന പുഴയെ വീണ്ടെടുക്കുന്നതിനു വേണ്ടി വര്‍ഷാവര്‍ഷങ്ങളില്‍ യുവജന സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ടെങ്കിലും പുഴക്കടിയില്‍ കുമിഞ്ഞ് കൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും രണ്ടുമീറ്റര്‍ ആഴത്തില്‍ ചളിയെടുത്ത് നീക്കി ഉറവകള്‍ ശക്തിപ്പെടുത്തുന്നതിനും സര്‍ക്കാര്‍ തലത്തില്‍ വലിയ ഫണ്ട് ഉപയോഗിച്ച് പ്രവൃത്തി നടത്തേണ്ടതുണ്ട്. അതിനുള്ള നീക്കങ്ങള്‍ ഒന്നും തന്നെ നടന്നിട്ടില്ലെന്നും നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.ജലവിഭവ വികസന വകുപ്പിന്റെ (സി.ഡബ്ല്യു.ആര്‍.ഡി.എം) നേതൃത്വത്തില്‍ കുന്ദമംഗലം എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നു കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പ്രത്യേക അനുമതി വാങ്ങി അഞ്ചുലക്ഷം രൂപ ചെലവഴിച്ച് മാമ്പുഴയെക്കുറിച്ച് പഠന റിപ്പോര്‍ട്ട് തയാറാക്കുകയും ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് ഏതാനും പരിസ്ഥിരി സൗഹൃദ ടോയ്‌ലറ്റുകള്‍ നിര്‍മിക്കുകയും ചില സ്ഥലങ്ങളില്‍ പുഴയുടെ ഓരത്ത് മുളച്ചെടികള്‍ നട്ടുവളര്‍ത്തുകയും ചെയ്തു എന്നത് മാത്രമാണ് സര്‍ക്കാര്‍തലത്തില്‍ ആകെ നടന്നിട്ടുള്ള പ്രവൃത്തികള്‍. മാമ്പുഴയുടെ തീരത്തുള്ള കൈയേറ്റ ഭൂമി തിരിച്ചുപിടിച്ച് അതിലുള്ള വൃക്ഷങ്ങള്‍ക്ക് നമ്പറിട്ട് സംരക്ഷണച്ചുമതലയുള്ള തദ്ദേശ സ്ഥാപനങ്ങളോട് ആസ്തി രജിസ്റ്ററില്‍ ചേര്‍ത്തി ഏറ്റെടുക്കാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും യോഗത്തില്‍ തീരുമാനമായെങ്കിലും പെരുമണ്ണ, ഒളവണ്ണ പഞ്ചായത്തുകളില്‍ ഒന്നും തന്നെ നടന്നിട്ടില്ല.
പെരുവയല്‍ ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍പെടുന്ന സ്ഥലങ്ങളില്‍ ടോട്ടല്‍ സ്‌റ്റേഷന്‍ യന്ത്രം ഉപയോഗിച്ച് വില്ലേജ് രേഖകള്‍ പ്രകാരം അടയാളപ്പെടുത്തി സര്‍വേ കല്ലുകള്‍ സ്ഥാപിച്ച് വൃക്ഷങ്ങള്‍ക്ക് നമ്പറിട്ട് ഏറ്റെടുക്കുന്ന പ്രവൃത്തി നടന്നുവരുന്നതായും ജനങ്ങളില്‍ നിന്നും മികച്ച സഹകരണമാണ് ലഭിക്കുന്നതെന്നും പെരുവയല്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ പറയുന്നു.
കോഴിക്കോട് ജില്ലയില്‍ തന്നെ മാവൂര്‍, ചാത്തമംഗലം, രാമനാട്ടുകര പഞ്ചായത്തുകളില്‍ അതാത് സ്ഥലത്തെ പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്ത് ജനങ്ങളുടെ സഹകരണത്തോടെ പുറമ്പോക്ക് ഭൂമി ഏറ്റെടുത്ത് വൃക്ഷങ്ങള്‍ക്ക് നമ്പറിടുകയും വര്‍ഷാവര്‍ഷങ്ങളില്‍ ലേലത്തിലൂടെ ആദായമെടുക്കലും നടന്നുവരുന്നുണ്ട്. ഒളവണ്ണ, പെരുമണ്ണ പഞ്ചായത്ത് അധികൃതര്‍ പുഴപുറമ്പോക്ക് ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ മുഖം തിരിക്കുകയാണ്. ടൂറിസം വകുപ്പിന്റെ തലപ്പത്തിരുന്ന വ്യക്തി ഇപ്പോള്‍ കോഴിക്കോട് ജില്ലാ കലക്ടറായി വന്നതിനാല്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുകയാണ് നാട്ടുകാര്‍.

 Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."