ഇ.എം.എസ് സ്റ്റേഡിയം: ധാരണാപത്രത്തിന്റെ കരട് ഇന്ന് അംഗീകരിക്കും
നീലേശ്വരം: നിര്‍ദിഷ്ട ഇ.എം.എസ് സ്റ്റേഡിയത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട ധാരണാ പത്രത്തിന്റെ കരട് ഇന്ന് നീലേശ്വരം നഗരസഭ കൗണ്‍സില്‍ അംഗീകരിക്കും. സംസ്ഥാന കായിക യുവജനകാര്യ മന്ത്രാലയം ഡയരക്ടറും, നഗരസഭയും തമ്മില്‍ ഒപ്പുവയ്ക്കേണ്ട ധാരണാപത്രത്തിന്റെ കരടിനാണ് അംഗീകാരം നല്‍കുക. കൂടാതെ നഗരസഭയ്ക്കു വേണ്ടി ധാരാണാ പത്രം ഒപ്പുവയ്ക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്താനും തീരുമാനം കൈക്കൊള്ളും. ഇതോടൊപ്പം സംയുക്ത നിര്‍വാഹക സമിതി രൂപീകരിക്കുന്ന കാര്യത്തിലും ധാരണയാകും.
ഈ വിഷയങ്ങള്‍ കഴിഞ്ഞദിവസം ചേര്‍ന്ന വിദ്യാഭ്യാസ, കലാ-കായിക സ്ഥിരം സമിതിയുടെ യോഗം അംഗീകരിച്ചിരുന്നു. അതിന് അന്തിമ അംഗീകാരം നല്‍കുക എന്നതാണ് ഇന്ന് നടക്കുന്ന അടിയന്തര നഗരസഭാ കൗണ്‍സില്‍ യോഗത്തിന്റെ ചുമതല. സ്റ്റേഡിയത്തിന്റെ രൂപരേഖ നേരത്തേ തയാറാക്കിയിരുന്നു. പവലിയന്, ഫുട്ബോള്‍ ഫീല്‍ഡ്, എട്ടു ലൈനുകളിലായി സിന്തറ്റിക് ട്രാക്ക്, സ്വിമ്മിങ് പൂള്, ബാസ്ക്കറ്റ് ബോള്‍, വോളിബോള്‍ കോര്‍ട്ടുകള്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങളോടെയായിരിക്കും സ്റ്റേഡിയത്തിന്റെ നിര്‍മാണം.
സര്‍ക്കാര്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 17.50 കോടി രൂപ ചെലവിലാണ് സ്റ്റേഡിയം നിര്‍മിക്കുന്നത്. നീലേശ്വരം ബ്ലോക്ക് ഓഫിസിന് സമീപം പൊതുമരാമത്ത് റോഡിനോടു ചേര്‍ന്ന ഏഴേക്കര്‍ സ്ഥലമാണ് സ്റ്റേഡിയം നിര്‍മാണത്തിനായി കണ്ടെത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."