പ്രതാപം നഷ്ടപ്പെട്ട് പരവൂര്‍ മാര്‍ക്കറ്റ്; പഴക്കമേറെയായിട്ടും വികസനമില്ല
സ്വന്തം ലേഖകന്‍
കൊല്ലം: പരവൂര്‍ നഗരസഭയുടെ കീഴിലെ പരവൂര്‍ മാര്‍ക്കറ്റിന്റെ വികസനം നിലച്ചിട്ട് ഏറെനാളായിട്ടും തിരിഞ്ഞു നോക്കാതെ അധികൃതര്‍. ജില്ലയിലെ തന്നെ ഏറെ പേരു കേട്ട പ്രശസ്തമായൊരു മാര്‍ക്കറ്റാണ് പരവൂരിലേത്. ഏറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പരവൂര്‍ മാര്‍ക്കറ്റിലെ വിപണിയില്‍ കിട്ടാത്തതായി ഒന്നും തന്നെ ഇല്ലായിരുന്നു. കമ്പോളത്തില്‍ നൂറ് ശതമാനം വിജയം കൊയ്ത ജില്ലയിലെ ഏക മാര്‍ക്കറ്റായിരുന്നു ഇത്.
എന്നാല്‍ കാലത്തിനൊത്തു മാറാതെ ഇപ്പോഴും പഴയ സ്ഥിതിയില്‍ തന്നെയാണ്. നഗരഹൃദയത്തിലെ മാര്‍ക്കറ്റ് പുതുക്കിപ്പണിയണമെന്ന നഗരവാസികളുടെ ആവശ്യത്തിന് അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു മറുപടിയും ഇല്ല. കാലം മാറിയതോടെ ചന്തയുടെ സകല പ്രതാപങ്ങളും ചോര്‍ന്നുപോയി. ചന്ത ആദ്യം പഞ്ചായത്തിന്റെ കീഴില്‍ പൊളിച്ച് നിര്‍മിച്ചു. പിന്നീട് നഗരസഭയുടെ അധീനതയിലായതോടെ പഴയ കെട്ടിടങ്ങളെല്ലാം പൊളിച്ചുനീക്കി പുതിയവ നിര്‍മിച്ചു. ദീര്‍ഘവീക്ഷണമില്ലാത്ത നിര്‍മാണമാണ് ചന്തയുടെ പ്രതാപം നഷ്ടപ്പെടുത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ വേണ്ടി പഴയ മാര്‍ക്കറ്റ് പൊളിച്ചു മാറ്റി മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡ് വളപ്പിലേക്ക് മാറ്റി. കെട്ടിട നിര്‍മാണം കഴിഞ്ഞ് മാര്‍ക്കറ്റ് പുനര്‍നിര്‍മിച്ചപ്പോള്‍ മാര്‍ക്കറ്റില്‍ ഇടം കുറഞ്ഞു.
മാര്‍ക്കറ്റില്‍ ആള്‍ക്കാരുടെ എണ്ണം കൂടികൊണ്ടിരിക്കുമ്പോള്‍ കടകളുടെ എണ്ണവും കൂടികൊണ്ടിരിക്കുകയാണ്. സ്ഥല പരിമിതിയില്‍ പൊറുതി മുട്ടിയിരിക്കുകയാണ് കച്ചവടക്കാരും നഗരവാസികളും. അത് കൊണ്ട് തന്നെ മാര്‍ക്കറ്റിലെ വൃത്തിഹീനമായ അവസ്ഥക്കെതിരെ പരാതികളുമുണ്ട്.
മാര്‍ക്കറ്റ് വിപുലീകരിക്കാന്‍ സ്ഥലമില്ലാത്തതാണ് പ്രധാന പ്രശ്‌നമെന്ന് നഗരസഭാ അധികൃതര്‍ പറയുന്നത്. മാര്‍ക്കറ്റിന് പിറകിലെ ഏകദേശം 28 സെന്റ് വസ്തു ഏറ്റെടുത്ത് നല്‍കണമെന്ന് ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കുകയും 75 ലക്ഷം രൂപ നഗരസഭ കെട്ടിവെക്കുകയും ചെയ്തു.
ഒന്‍പതുലക്ഷം രൂപ കെട്ടിവെക്കണമെന്ന് കാണിച്ച് വീണ്ടും തഹസില്‍ദാര്‍ ഓഫിസില്‍നിന്ന് നിര്‍ദേശം വന്നതായി അറിഞ്ഞു.
ഈ സ്ഥലം ഏറ്റെടുത്താല്‍ അവിടെ ആധുനിക സംവിധാനങ്ങളുള്ള മത്സ്യമാംസ വില്പന കേന്ദ്രവും മറ്റും സ്ഥാപിക്കാനാണ് നഗരസഭാ തീരുമാനം.
നിലവില്‍ മാര്‍ക്കറ്റും മത്സ്യച്ചന്തയും മറ്റും പ്രവര്‍ത്തിക്കുന്ന സ്ഥലം പാര്‍ക്കിങ് ഏരിയയാക്കാനും പദ്ധതിയുണ്ട്. മുനിസിപല്‍ ബജറ്റില്‍ ഇത്തരം നിര്‍ദേശങ്ങള്‍ നേരത്തേ ഉള്‍പ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."