പകര്‍ച്ചവ്യാധി ബാധിച്ചവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്
കൊച്ചി: ആരോഗ്യജാഗ്രതയുടെ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടുതുടങ്ങിയെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍. 2017നെ അപേക്ഷിച്ച് ഈ വര്‍ഷം ജില്ലയില്‍ ഇതേവരെ പ്രധാന പകര്‍ച്ച വ്യാധികളായ ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, എലിപ്പനി, തുടങ്ങിയവ വളരെ കുറവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മറ്റ് പ്രധാന പകര്‍ച്ചവ്യാധികളായ മലമ്പനി, ടൈഫോയ്ഡ്, വയറിളക്കരോഗങ്ങള്‍ എന്നിവയിലും ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡെങ്കിപ്പനിയുടെ എണ്ണത്തിലാണ് ഏറ്റവും കുറവ് വന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരി ഒന്ന് മുതല്‍ ഏപ്രില്‍ 26 വരെയുള്ള കാലയളവില്‍ 35 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. ഈ വര്‍ഷം ആറ് പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഡെങ്കിപ്പനി സമാനലക്ഷണങ്ങളുമായി മുന്‍വര്‍ഷം ഇതേ കാലയളവില്‍ 330 പേര്‍ ചികിത്സ തേടിയപ്പോള്‍ ഈ വര്‍ഷം അത് 123 ആയി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ സ്ഥിരീകരിച്ച എലിപ്പനി കേസുകള്‍ 17 ആയിരുന്നത് ഈ വര്‍ഷം അഞ്ച് ആയി കുറഞ്ഞു. സമാനരോഗലക്ഷണങ്ങളുമായി ചികിത്സ തേടിയവരുടെ എണ്ണം 60 ല്‍ നിന്നും 29 ആയും കുറഞ്ഞു. വൈറല്‍ ഹെപ്പറ്റൈറ്റിസ് എ (മഞ്ഞപ്പിത്തം) കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ പിടിപെട്ടത് 63 പേര്‍ക്കാണെങ്കില്‍ ഈ വര്‍ഷം അത് 12 പേര്‍ക്കാണ്.
മഞ്ഞപ്പിത്ത രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയവരുടെ എണ്ണം പോയ വര്‍ഷം 136 ഉം ഈ വര്‍ഷം 98 ഉം ആണ്. കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച ആര്‍ദ്രം മിഷന്റെ ഭാഗമായി നടപ്പിലാക്കുന്ന പകര്‍ച്ചവ്യാധി നിയന്ത്രണപരിപാടിയായ ആരോഗ്യ ജാഗ്രത 2018 ന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നത്.
2017 ലെ പകര്‍ച്ചവ്യാധികളുടെ തോതിലുണ്ടായ വര്‍ദ്ധനവ് കണക്കിലെടുത്ത് 2018 ല്‍ സമഗ്രവും തീവ്രവുമായ പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നത്. മഴക്കാലപൂര്‍വ പ്രവര്‍ത്തനങ്ങള്‍ക്കു പകരമായി വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പ്രവര്‍ത്തനമാണ് ഏറ്റെടുത്ത് നടത്തുന്നത്. തദ്ദേശസ്വയം ഭരണ വകുപ്പ്, ശുചിത്വ മിഷന്‍, ഹരിതകേരളം മിഷന്‍, സാമൂഹ്യനീതി വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, കുടുംബശ്രീ, ഫിഷറീസ് തുടങ്ങി വിവിധ വകുപ്പുകളും, ജനങ്ങളും ഒറ്റക്കെട്ടായി പകര്‍ച്ചവ്യാധി നിയന്ത്രണം സാധ്യമാക്കുക എന്നതാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
ഓരോ വ്യക്തിയും കൊതുകു വളരുന്ന സാഹചര്യങ്ങള്‍ തങ്ങളുടെ വീട്ടിലും പരിസരത്തും, ജോലിസ്ഥലത്തും, പൊതുസ്ഥലങ്ങളിലും ഇല്ലായെന്ന് ഉറപ്പാക്കിയാല്‍ മാത്രമേ ഡെങ്കിപനി പോലുള്ള മാരകങ്ങളായ സാംക്രമിക രോഗങ്ങളെ നമുക്ക് പ്രതിരോധിക്കുവാന്‍ സാധിക്കുകയുള്ളുവെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു. പൂര്‍ണ്ണമായ ജനപങ്കാളിത്തം ഉറപ്പുവരുത്തി കൊണ്ട് മാത്രമെ പകര്‍ച്ചവ്യാധികള്‍ക്കെതിരേ ഫലപ്രദമായ രോഗപ്രതിരോധം സാധ്യമാകൂ. വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ വാര്‍ഡ് തലത്തില്‍ ആരോഗ്യ ശുചിത്വ പോഷണ സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും.
ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ക്കായി വാര്‍ഡ്തല ആരോഗ്യ ശുചിത്വ പോഷണ സമിതികള്‍ക്ക് 10,000 രൂപ വീതം ദേശീയ ആരോഗ്യ ദൗത്യം ഫണ്ടില്‍ നിന്നും ലഭ്യമാക്കി കഴിഞ്ഞു. ഈ പ്രവര്‍ത്തനങ്ങളോടൊപ്പം ബോധവത്ക്കരണത്തിനായുള്ള ക്യാമ്പയിനുകള്‍, സന്ദേശയാത്രകള്‍, മറ്റു പ്രചാരണ പ്രവര്‍ത്തനങ്ങള്‍, ശില്‍പശാലകള്‍, ദിനാചരണങ്ങള്‍ എന്നിവയും നടപ്പിലാക്കി വരുന്നു. കൊതുക്ജന്യ രോഗങ്ങള്‍ക്കെതിരെയുള്ള ആരോഗ്യ സന്ദേശ യാത്ര ജില്ലയില്‍ രണ്ട് ഘട്ടങ്ങളിലായി പൂര്‍ത്തീകരിച്ചു. വാര്‍ഡ് തലത്തില്‍ ആരോഗ്യസേന, ഹരിത കര്‍മ്മ സേന, വാര്‍ഡ്തല ആരോഗ്യ ശുചിത്വ പോഷണ സമിതി, സന്നദ്ധ സംഘടനകള്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍, അയല്‍ക്കൂട്ടങ്ങള്‍, റെസിഡന്റ്‌സ് അസോസിയേഷനുകള്‍, വിവിധ വകുപ്പുകള്‍, ജനപ്രതിനിധികള്‍ തുടങ്ങി എല്ലാവരുടെയും കൂട്ടായ്മയിലൂടെയാണ് ആരോഗ്യ ജാഗ്രത പരിപാടി നടപ്പാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."