സൈനുല്‍ ഉലമായുടെ ഓര്‍മകള്‍ ജ്വലിപ്പിക്കാന്‍ കവിതയുടെ ഊര്‍ജവും
ചെമ്മാട്: കേരളത്തിലെ ഇസ്‌ലാമിക മതവിജ്ഞാനരംഗത്ത് ദീര്‍ഘകാലം നിറഞ്ഞുനിന്നിരുന്ന പണ്ഡിതജ്യോതിസ്സും കര്‍മശാസ്ത്ര രംഗത്തെ ആധികാരിക ശബ്ദവുമായിരുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുന്‍ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ നോവുന്ന ഓര്‍മകള്‍ക്ക് അറബിയില്‍ കാവ്യാവിഷ്‌കാരം തീര്‍ത്ത് വിദ്യാര്‍ഥികള്‍.
ദീര്‍ഘകാലം ഉസ്താദ് സേവനം ചെയ്തിരുന്ന ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളാണു തങ്ങളുടെ പ്രിയപ്പെട്ട ഉസ്താദിന്റെ ഓര്‍മകള്‍ക്ക് അറബി അനുസ്മരണ കവിതകളിലൂടെ പുതുജീവന്‍ പകരുന്നത്. കേരളത്തില്‍ ഇതുവരെ പുറത്തിറങ്ങിയ കാവ്യസമാഹാരങ്ങളില്‍ നിന്ന് വേറിട്ട് അറബി കാവ്യാശാസ്ത്രനിയമങ്ങള്‍ക്കനുസൃതമായി എഴുതപ്പെട്ട കവിതകള്‍ ഉള്‍ക്കൊള്ളിച്ച സമാഹാരം കേരളത്തിലെ അറബി സാഹിത്യത്തിനും മുതല്‍ക്കൂട്ടാണ്. അതീവ സാഹിത്യ ഭംഗിയോടെ എഴുതപ്പെട്ട കൃതിയില്‍ തങ്ങളുടെ പ്രിയപ്പെട്ട ഉസ്താദിന്റെ ജീവിതം, അധ്യാപനം, സൂഫി ചിന്തകള്‍, വിയോഗം, ഓര്‍മകള്‍ തുടങ്ങിയ വിവിധ മേഖലകള്‍ ഏറെ വൈകാരികമായാണ് അവതരിപ്പിക്കപ്പെടുന്നത്.
ചെറുശ്ശേരി ഉസ്താദിന്റെ നോവുന്ന ഓര്‍മകള്‍ നിറഞ്ഞ നൂറുകണക്കിനു കവിതകള്‍ക്കിടയില്‍ നിന്ന് തിരഞ്ഞടുത്ത കവിതകള്‍ സമാഹരിച്ച് പുറത്തിറക്കുന്ന ഗ്രന്ഥത്തില്‍ പഴയകാലം മുതല്‍ക്കുള്ള ഉസ്താദിന്റെ ശിഷ്യഗണങ്ങള്‍, കേരളത്തിലെ പ്രമുഖ അറബികവികള്‍, പണ്ഡിതര്‍, ദാറുല്‍ഹുദാ വിദ്യാര്‍ഥികള്‍, സമകാലികര്‍ തുടങ്ങിയവരുടെ കവിതകളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
ഹാദിയ റമദാന്‍ പ്രഭാഷണവേദിയില്‍ കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ സമാഹാരം ഇന്ന് പ്രകാശനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."