കണ്ണൂരില്‍ എസ്.കെ.എസ്.എസ്.എഫ്, യൂത്ത് ലീഗ് നേതാക്കളെ വെട്ടിക്കൊലെപ്പടുത്താന്‍ ശ്രമം
തലശ്ശേരി: ഉമ്മന്‍ചിറയില്‍ എസ്.കെ.എസ്.എസ്.എഫ് കണ്ണൂര്‍ ജില്ലാ ജനറല്‍സെക്രട്ടറിയെയും യൂത്ത്‌ലീഗ് നേതാവിനെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. മുസ്‌ലിംലീഗ് പൊതുയോഗത്തിന് സ്റ്റേജ് നിര്‍മാണം നടത്തുന്നതിനിടെ ഇന്നലെ പുലര്‍ച്ചെ രണ്ടോടെയായിരുന്നു അക്രമം. ഗുരുതരമായി പരുക്കേറ്റ എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറിയും ഉമ്മന്‍ചിറ ശിഹാബ്തങ്ങള്‍ റിലീഫ്‌സെല്‍ കണ്‍വീനറുമായ വായച്ചിറമ്പത്ത് വി. ഷൗക്കത്തലി (38), യൂത്ത്‌ലീഗ് പിണറായി പഞ്ചായത്ത് പ്രസിഡന്റ് ഉമ്മന്‍ചിറ സിദറത്ത് മന്‍സില്‍ അബ്ദുല്‍സലാം (32) എന്നിവരെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി.പി.എം പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് പരുക്കേറ്റവര്‍ പറഞ്ഞു.
ഉമ്മന്‍ചിറയില്‍ ലീഗ് രാഷ്ട്രീയ വിശദീകരണ യോഗത്തിനായി വേദിയൊരുക്കുന്നതിനിടെയാണ് സംഭവം. ഷൗക്കത്തലിയുടെയും അബ്ദുല്‍സലാമിന്റെയും നേതൃത്വത്തില്‍ അവസാന മിനുക്കുപണി നടത്തുന്നതിനിടെ എത്തിയ 12 അംഗ സി.പി.എം സംഘം മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ എഴുതിയ ചുവരെഴുത്ത് മായ്ക്കുകയും പ്രകോപനം ഉണ്ടാക്കുകയും ചെയ്തു. പ്രദേശത്ത് പൊതുയോഗം സംഘടിപ്പിക്കാന്‍ ലീഗിനെ അനുവദിക്കില്ലെന്ന് ആക്രോശിച്ച് ബോംബെറിയുകയും സ്ഥലത്തുണ്ടായിരുന്ന അഞ്ചു ലീഗ് പ്രവര്‍ത്തകര്‍ക്കു നേരേ അക്രമം നടത്തുകയുമായിരുന്നു.
അക്രമിസംഘത്തെ കണ്ട് ഒപ്പമുണ്ടായിരുന്ന മറ്റു മൂന്നുപേര്‍ ഭയന്നോടി. ഇതിനിടെ ഷൗക്കത്തലിയെ വടിവാളും കത്തിയും ഇരുമ്പ് വടിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഷൗക്കത്തലിയുടെ തലയ്ക്കും ഇടതു കൈക്കുമാണു പരുക്ക്. അബ്ദുല്‍സലാമിനെ ഇരുമ്പുവടി കൊണ്ട് മര്‍ദിക്കുകയും ചെയ്തു. പരുക്കേറ്റ ഷൗക്കത്തലി സുപ്രഭാതത്തിന്റെ ഉമ്മന്‍ചിറ, തലശ്ശേരി എന്നിവിടങ്ങളിലെ ഏജന്റ് കൂടിയാണ്.
ഉമ്മന്‍ചിറ പ്രദേശത്ത് യു.ഡി.എഫ് വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നവര്‍ക്കു സ്വീകരണം നല്‍കുന്നതിനായി കഴിഞ്ഞ വ്യാഴാഴ്ച പി. ജയരാജന്‍ ഉള്‍പ്പെടെ പങ്കെടുത്ത പൊതുയോഗം നടന്നിരുന്നു. എന്നാല്‍ ലീഗ് പ്രവര്‍ത്തകരാരും സി.പി.എമ്മില്‍ ചേര്‍ന്നില്ലെന്നു പ്രഖ്യാപിക്കാനായിരുന്നു ലീഗ് പൊതുയോഗം സംഘടിപ്പിച്ചത്. ഇതില്‍ വിറളിപൂണ്ട സി.പി.എം പ്രവര്‍ത്തകരാണ് അക്രമം അഴിച്ചുവിട്ടതെന്നു ലീഗ് നേതൃത്വം പരാതിപ്പെട്ടു. സംഭവത്തില്‍ കതിരൂര്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സലാം ദാരിമി കിണവക്കല്‍, സിദ്ദീഖ് ഫൈസി വെണ്‍മണല്‍, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് അഹമ്മദ് തേര്‍ളായി, എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് ബഷീര്‍ അസ്അദി നമ്പ്രം, അസ്‌ലം അസ്ഹരി, ഷക്കീര്‍ മൗവഞ്ചേരി, ലീഗ് നേതാക്കളായ വി.കെ അബ്ദുല്‍ഖാദര്‍ മൗലവി, പി.വി സൈനുദീന്‍, കെ.എ ലത്തീഫ്, എന്‍.പി താഹിര്‍ ഹാജി എന്നിവര്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."