ഭാരവാഹനങ്ങള്‍ക്ക് താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം
കല്‍പ്പറ്റ: താമശ്ശേരി ചുരത്തില്‍ വീണ്ടും ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി. ചുരം റോഡിലെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് ബസുകള്‍ ഒഴികെയുള്ള വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം ചുരത്തിലെ പ്രധാന വളവുകളില്‍ അറ്റകുറ്റപ്പണി നടത്തിയിരുന്നു. അവധി ദിനത്തിലും മറ്റ് വിശേഷ ദിവസങ്ങളിലും ക്രമാതീതമായ വാഹന തിരക്കാണ് ചുരത്തില്‍ ഉണ്ടാവുന്നത്. ഹെയര്‍പിന്‍ വളവുകളില്‍ റോഡ് തകര്‍ന്നതോടെ ബ്ലോക്ക് പതിവായിരുന്നു. ഇതിന് പുറമെ ഗതാഗത തടസ്സമുണ്ടാകുന്ന സമയങ്ങളില്‍ വാഹന യാത്രക്കാരുടെ ലൈന്‍ ട്രാഫിക് പാലിക്കാതെയുള്ള മറികടക്കലും ചുരത്തില്‍ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു.
പൂര്‍ണമായും ഗതാഗതം നിലയ്ക്കുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തുന്ന സാഹചര്യങ്ങൾ വരെ ചുരത്തിൽ ഉണ്ടാകാറുണ്ട്. ഇതിനിടെ ബസുകള്‍ പോലെയുള്ള വലിയ വാഹനങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചാല്‍ അത് പരിഹരിക്കാന്‍ താമരശ്ശേരിയില്‍ നിന്നോ മറ്റോ ആയിരിക്കും മെക്കാനിക്കുകള്‍ എത്തേണ്ടി വരിക. കഴിഞ്ഞ ദിവസം ചുരത്തില്‍ തകരാറിലായ കെഎസ്ആര്‍ടിസി ബസ് താമരശ്ശേരി ഡിപ്പോയില്‍ നിന്ന് മെക്കാനിക്കുകള്‍ എത്തിയതിന് ശേഷമാണ് മാറ്റാൻ സാധിച്ചത്. ഇത് കാരണം മണിക്കൂറുകളോളമാണ് ചുരം റോഡില്‍ ഗതാഗതം തടസമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."