പാര്‍ട്ടിക്കാര്‍ വെറും ഡമ്മികളും നുഴഞ്ഞുകയറുന്ന പറ്റിക്കലുകാര്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥികളുമാവുന്നത് എത്ര വലിയ നിലവാരത്തകര്‍ച്ചയാണ്; വി.ടി ബല്‍റാം
പാലക്കാട്: പാലക്കാട് നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലെ പി സരിന്റെ സ്ഥാനാര്‍ഥിത്വത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം. പാലക്കാട്ട് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചവരില്‍ സി.പി.എം. അംഗമായ കെ. ബിനുമോള്‍ ഉണ്ടായിട്ടും എങ്ങനെയാണ് പാര്‍ട്ടിയുമായി ബന്ധമില്ലാത്ത സ്വതന്ത്രനായ മറ്റൊരാള്‍ എല്‍.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയാകുന്നതെന്ന് ബല്‍റാം ചോദിച്ചു.
പണിയെടുക്കുന്ന പാര്‍ട്ടിക്കാര്‍ വെറും ഡമ്മികളും നുഴഞ്ഞുകയറുന്ന പറ്റിക്കലുകാര്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥികളുമാവുന്നത് എത്ര വലിയ നിലവാരത്തകര്‍ച്ചയാണ്, എത്ര വലിയ ഗതികേടാണ്, എത്ര വലിയ വഞ്ചനയാണ്, എത്ര വലിയ രാഷ്ട്രീയ അധാര്‍മികതയാണെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ഈ ഡമ്മി രാഷ്ട്രീയത്തെക്കുറിച്ചു കൂടി ചര്‍ച്ച ചെയ്യാന്‍ മാധ്യമങ്ങള്‍ ആര്‍ജ്ജവം കാണിക്കണം.
പാലക്കാട് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥികളെല്ലാം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു കഴിഞ്ഞു. സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഇപ്പോഴും ഒരു കമ്മ്യൂണിസ്റ്റുകാരി ഉണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) അഥവാ സിപിഐ(എം)ന്റെ പേരില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയിട്ടുള്ള ബിനുമോള്‍ കെ. അവര്‍ സിപിഎമ്മുകാരി ആണെന്നതില്‍ ആര്‍ക്കും രണ്ടഭിപ്രായമില്ല. കമ്മ്യൂണിസ്റ്റ് പശ്ചാത്തലമുള്ള കുടുംബത്തിലെ അംഗമെന്നതിലപ്പുറം നിലവില്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടു കൂടിയാണ്. പാര്‍ട്ടിയുടെ ജില്ലയിലെ നേതൃനിരയിലെ പ്രധാന മുഖങ്ങളിലൊന്നാണ്.
ഇങ്ങനെയൊരാള്‍ സ്ഥാനാര്‍ത്ഥിയായി കയ്യിലുണ്ടായിട്ടും എങ്ങനെയാണ് പാര്‍ട്ടിയുമായി ബന്ധമില്ലാത്ത സ്വതന്ത്രനായ മറ്റൊരാള്‍ എല്‍ഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയാവുന്നത്! പണിയെടുക്കുന്ന പാര്‍ട്ടിക്കാര്‍ വെറും ഡമ്മികളും നുഴഞ്ഞുകയറുന്ന പറ്റിക്കലുകാര്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥികളുമാവുന്നത്
എത്ര വലിയ നിലവാരത്തകര്‍ച്ചയാണ്,
എത്ര വലിയ ഗതികേടാണ്,
എത്ര വലിയ വഞ്ചനയാണ്,
എത്ര വലിയ രാഷ്ട്രീയ അധാര്‍മ്മികതയാണ്
ഇത്തവണ പാലക്കാട് പോളിംഗ് ബൂത്തിലേക്ക് കടന്നുചെല്ലുന്ന ഒരു പരമ്പരാഗത സിപിഎം വോട്ടര്‍ ബാലറ്റ് മെഷീനിലേക്ക് നോക്കുമ്പോള്‍ അതിലൊരു കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥിയെ കാണാന്‍ കഴിയുമോ? കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചിഹ്നം കാണാന്‍ കഴിയുമോ? ഇത് രണ്ടും കാണാനില്ലാത്ത അവസ്ഥയില്‍ ആ വോട്ടറുടെ കമ്മ്യൂണിസ്റ്റ് മനസ്സ് എങ്ങോട്ടാണ് ചായുക?
പാലക്കാടിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരവസ്ഥ ആ പാര്‍ട്ടി സ്വന്തം അണികള്‍ക്കായി ഒരുക്കിവെച്ചിരിക്കുന്നത്.
പാര്‍ട്ടിക്കാരനായ സ്ഥാനാര്‍ത്ഥിയില്ലാത്ത,
പാര്‍ട്ടി ചിഹ്നമില്ലാത്ത, ഈ തെരഞ്ഞെടുപ്പില്‍ സ്വന്തം ഇഷ്ടത്തിന് മനസ്സാക്ഷി വോട്ട് ചെയ്യാനാണ് സിപിഎം നേതൃത്വം സ്വന്തം അണികള്‍ക്ക് യഥാര്‍ത്ഥത്തില്‍ നല്‍കുന്ന ആഹ്വാനം. കമ്മ്യൂണിസ്റ്റുകാരുടെ മനസ്സാക്ഷി എവിടെയാണെന്ന് വോട്ടെടുപ്പിന് ശേഷം നമുക്ക് കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."