ഖുര്‍ആന്റെ ആദ്യ ഉദ്ബോധനം വിപ്ലവങ്ങളുടെ കേന്ദ്രബിന്ദുവായ പേനയെപ്പറ്റി: മഅ്ദനി
കൊല്ലം: ചരിത്രത്തിലെ സ്വീകാര്യമായ വിപ്ലവങ്ങളുടെ കേന്ദ്രബിന്ദുവായ പേനയെപറ്റിയാണ് വിശുദ്ധ ഖുര്‍ആന്റെ ആദ്യ ഉദ്ബോധമെന്നും ജ്ഞാനത്തെയും യുക്തിയെയും കുറിച്ച് 700 ലേറെ തവണ പ്രതിപാദിച്ച ഖുര്‍ആന്‍ ഒരു മാരകായുധത്തെപ്പറ്റിയും പറയുന്നില്ലെന്നും അബ്ദുന്നാസര്‍ മഅ്ദനി. അന്‍വാര്‍ശ്ശേരി സ്ഥാപനങ്ങളില്‍ നിന്ന് മതപഠനത്തോടൊപ്പം കേരള യൂനിവേഴ്സിറ്റിയില്‍ നിന്ന് പി.എച്ച്.ഡി കരസ്ഥമാക്കിയ അബ്ദുല്‍ മജീദ് അമാനിക്കും വിശുദ്ധ ഖുര്‍ആന്‍ മനപ്പാഠമാക്കിയ വിദ്യാര്‍ഥികള്‍ക്കുമായി സംഘടിപ്പിച്ച അനുമോദന സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഖുര്‍ആന്‍ ലോകത്തിന് സന്മാര്ഗ ദര്‍ശനമാണ് വിഭാവനം ചെയ്യുന്നത്. തിന്മകളെ നന്മകള് കൊണ്ട് നേരിടാനാണ് ഖുര്‍ആന്‍ കല്‍പ്പിക്കുന്നത്. ലോകത്തിലെ മുഴുവന്‍ മനുഷ്യരുടെയും നന്മയും ഉയര്‍ച്ചയും ഖുര്‍ആന്‍ ആഗ്രഹിക്കുന്നു. പ്രതിസന്ധികളെ അതിജീവിച്ച് അന്‍വാര്‍ശ്ശേരിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനം ചെയ്യുന്ന വിദ്യാര്‍ഥികളെയും അവരുടെ കുടുംബങ്ങളെയും മഅ്ദനി അഭിനന്ദിച്ചു.
ചടങ്ങ് സോമപ്രസാദ് എം.പി ഉദ്ഘാടനം ചെയ്തു. കേരള യൂനിവേഴ്സിറ്റിയില്‍ നിന്ന് പി.എച്ച്.ഡി കരസ്ഥമാക്കിയ അന്‍വാര്‍ശ്ശേരി വിദ്യാര്‍ഥി ഡോ.അബ്ദുല്‍ മജീദ് അമാനിക്കും എസ്.എസ്.എല്‍.സി-പ്ലസ് ടു പരീക്ഷകളിലും കലാ-കായിമത്സരങ്ങളിലും മികവ് പുലര്‍ത്തിയവര്‍ക്കും പുരസ്കാരം നല്കി. കോവൂര്‍ കുഞ്ഞുമോന് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. വര്‍ക്കിങ് പ്രസിഡന്റ് ചേലക്കുളം അബ്ദുല്‍ഹമീദ് മൗലവി, പ്രിന്‍സിപ്പല്‍ എസ് ശിഹാബുദീന് മൗലവി, പട്ടാമ്പി മുഹമ്മദ് മൗലവി, ശാഫി മൗലവി, ടി.എ സിദ്ദീഖ്, അഡ്വ.ഷാജഹാന്, മുഹമ്മദ് ഫൈസി മൗലവി, അബ്ദുസലാം, അഹമ്മദ് കബീര്‍ മൗലവി, ടി.എ ഹസന് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."