ബഹ്‌റൈനില്‍ വീണ്ടും മലയാളികളുടെ സെക്‌സ് റാക്കറ്റ് സജീവമെന്ന് റിപ്പോര്‍ട്ട്
മനാമ: ഇടവേളക്കു ശേഷം ബഹ്‌റൈനില്‍ വീണ്ടും മലയാളികളുടെ നേതൃത്വത്തിലുള്ള സെക്‌സ് റാക്കറ്റ് സജീവമെന്ന് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം സെക്‌സ് റാക്കറ്റിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് രണ്ടു മലയാളി സ്ത്രീകള്‍ ബഹ്‌റൈന്‍ പൊലിസില്‍ അഭയം തേടുകയും ഇവിടെ സാമൂഹ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.
കോഴിക്കാട്, കോട്ടയം ജില്ലകളിലെ രണ്ടു യുവതികളാണിപ്പോള്‍ അഭയം തേടി ബഹ്‌റൈനിലെ എമിഗ്രേഷന്‍ ജയിലില്‍ കഴിയുന്നത്.
തിരുവനന്തപുരത്തു നിന്നും വീട്ടു ജോലി ഓഫര്‍ ചെയ്താണ് ഇരുവരെയും ബഹ്‌റൈനിലെത്തിച്ചതെന്നും എന്നാല്‍ ബഹ്‌റൈനിലെത്തിയതു മുതല്‍ ഒരു മുറിയില്‍ അടച്ചിട്ട് ലൈംഗിക പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുകയും പീഢിപ്പിക്കുകയുമാണെന്നും പുറത്തുവന്ന ശബ്ദ സന്ദേശങ്ങളില്‍ യുവതികള്‍ വ്യക്തമാക്കുന്നുണ്ട്.
ബഹ്‌റൈനിലുള്ള തിരുവനന്തപുരം സ്വദേശികളായ സജീര്‍,സുധീര്‍ എന്നിവരാണ് സെക്‌സ് റാക്കറ്റിനു പിന്നിലെന്നും തങ്ങളെ പോലെ നിരവധി സ്ത്രീകള്‍ ഇവരുടെ കസ്റ്റഡിയിലുണ്ടെന്നും സ്ത്രീകള്‍ ആരോപിക്കുന്നുണ്ട്.
കഴിഞ്ഞ ഒരു മാസക്കാലമായി ഗുദൈബിയയില്‍ പെണ്‍വാണിഭ സംഘം നടത്തുന്ന ഫഌറ്റിലാണ് രക്ഷപ്പെട്ട രണ്ടു സ്ത്രീകളും കഴിഞ്ഞിരുന്നത്.
ബഹ്‌റൈനിലെത്തും മുന്‍പ്് 25000 രൂപ വിസയ്ക്കും മെഡിക്കലിനുമായി ഇവരില്‍ നിന്നും ഏജന്റ് കൈപ്പറ്റിയിരുന്നുവെന്നും വീട്ടുജോലിക്കുള്ള വിസയാണ് ലഭിക്കുകയെന്നും ഏജന്റ് ഇവരെ അറിയിച്ചിരുന്നുവത്രെ.
തിരുവനന്തപുരത്തു നിന്നും വിമാനം കയറിയ സ്ത്രീകളെ ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ എത്തിയ ഉടന്‍ ഏജന്റുമാര്‍ ഗുദൈബിയയിലെ ഒരു ഫഌറ്റിലേയ്ക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് പല ആളുകളും അവിടെ വരികയും തങ്ങളെ അനാശ്യാസത്തിന് ഉപയോഗിക്കുകയുമായിരുന്നു. എതിര്‍ത്തപ്പോള്‍ ക്രൂര മര്‍ദ്ദനമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. നാട്ടില്‍ കൊലവരെ നടത്തിയവരാണ് തങ്ങളെന്നും എതിര്‍ത്താല്‍ നിങ്ങളുടെ ജീവന്‍ പോകുമെന്നും അവര്‍ ഭീഷണിപ്പെടുത്തിയിരുന്നു.
എങ്ങിനെയെങ്കിലും നാട്ടിലേക്ക് വിടണമെന്ന് കേണപേക്ഷിച്ചപ്പോള്‍ ഇരുവരും കൂടി 4 ലക്ഷം രൂപ നല്‍കിയാല്‍ വിടാമെന്നായിരുന്നു അവരുടെ മറുപടിയെന്നും സ്ത്രീകളുടെ ശബ്ദ സന്ദേശത്തിലുണ്ട്.
ഫഌറ്റില്‍ മുഴുവന്‍ സമയവും ചീട്ട് കളിക്കാന്‍ വേണ്ടി നിരവധി ആളുകളെ ഏജന്റുമാര്‍ എത്തിച്ചിരുന്നുവത്രെ. മദ്യവും മയക്കുമരുന്നും അടക്കമുള്ളവ സുലഭമായിരുന്ന ഫഌറ്റില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനും ലൈംഗിക വൃത്തികള്‍ക്കുമാണ് സ്ത്രീകളെ കൂടി നിര്‍ത്തിയിരിക്കുന്നതെന്നാണ് നിഗമനം.
ഫഌറ്റില്‍ എത്തിച്ച ഉടനെ തന്നെ സ്ത്രീകളുടെ പാസ്‌പോര്‍ട്ട് സജീര്‍ നിര്‍ബന്ധപൂര്‍വ്വം വാങ്ങി വച്ചിരുന്നുവെന്നും യുവതികള്‍ പറഞ്ഞു. ഫ്‌ളാറ്റിന് എപ്പോഴും കാവല്‍ക്കാരനുണ്ടായിരുന്നതിനാല്‍ രക്ഷപ്പെടാന്‍ ഒരു പഴുതുമുണ്ടായിരുന്നില്ല. ഒടുവില്‍ കാവല്‍ക്കാരന്‍ ടോയ്‌ലെറ്റില്‍ പോയ തക്കം നോക്കിയാണ് ഇരുവരും ഫഌറ്റില്‍ നിന്ന് ഇറങ്ങി ഓടി പൊലിസ് സ്റ്റേഷനില്‍ അഭയം പ്രാപിച്ചത്. തുടര്‍ന്ന് പൊലിസ് നേരിട്ട് തന്നെ യുവതികളെ എമിഗ്രെഷനില്‍ ഹാജരാക്കിയിരിക്കുകയായിരുന്നു.
ബഹ്‌റൈനില്‍ ഈയിടെ സാമ്പത്തിക തട്ടിപ്പില്‍ ജയിലിലായ മലയാളിയുടെ ഗുദൈബിയയിലെ ഫഌറ്റിലാണ് സംഘം യുവതികളെ തടവിലാക്കിയതെന്നാണ് സൂചന. യുവതികള്‍ തങ്ങളുടെ അവസ്ഥ വിശദമാക്കി നാട്ടിലേയ്ക്ക് വിളിച്ചതോടെയാണ് വിഷയം സാമൂഹ്യപ്രവര്‍ത്തകനും പ്രവാസി കമ്മീഷന്‍ അംഗവുമായ സുബൈര്‍ കണ്ണൂരിന്റെ ശ്രദ്ധയില്‍പെട്ടത്.
തുടര്‍ന്ന് സുബൈര്‍ കണ്ണൂരിന്റെ നിര്‍ദേശ പ്രകാരം ബഹ്‌റൈന്‍ സാമൂഹ്യ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ബഹ്‌റൈന്‍ കേരള സോഷ്യല്‍ ഫോറം വഴി ബഷീര്‍ അമ്പലായി എന്ന സാമൂഹ്യ പ്രവര്‍ത്തകനാണ് സ്ത്രീകളുടെ കാള്‍ റെക്കോര്‍ഡുകളുള്‍പ്പെടെയുള്ള ശബ്ദ സന്ദേശങ്ങള്‍ പുറത്തുവിട്ടത്.
പെണ്‍വാണിഭ സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്നും ഇന്ത്യന്‍ എംബസി,കേരളാ മുഖ്യ മന്ത്രി,വിദേശ കാര്യ മന്ത്രാലയം എന്നിവിടങ്ങളില്‍ ഇത് സംബന്ധിച്ച പരാതികള്‍ വൈകാതെ ഉന്നയിക്കുമെന്നും കേരളത്തിലുള്ള പ്രവാസി കമ്മീഷന്‍ അംഗം കൂടിയായ സുബൈര്‍ കണ്ണൂര്‍ സുപ്രഭാതത്തെ അറിയിച്ചു.
ഈ വരുന്ന 16 ന് എന്‍ ആര്‍ ഐ കമ്മീഷന്‍ എറണാകുളം ജില്ലാ അദാലത്തില്‍ കമ്മീഷന്‍ ഇതേകുറിച്ച് വിശദമായ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ബഹ്‌റൈനിലേയ്ക്ക് ഏജന്റ് മുഖാന്തിരം വിസ സംഘടിപ്പിച്ചു വരുമ്പോള്‍ കൃത്യമായ അന്വേഷണം നടത്താതെയും പരിചയമില്ലാത്ത ആളുകള്‍ വാഗ്ദാനം ചെയ്യുന്ന വിസയില്‍ സ്ത്രീകള്‍ അകപ്പെട്ടു പോകരുതെന്നുമുള്ള താക്കീതാണ് ഇത്തരം സംഭവങ്ങള്‍ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഗള്‍ഫ് രാഷ്ട്രങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന വന്‍ സെക്‌സ് റാക്കറ്റുകളെ കുറിച്ച് നേരത്തെ സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയായ ഒരു യുവതിയെ ഗള്‍ഫിലെപെണ്‍വാണിഭ സംഘത്തിന് കൈമാറിയ സംഭവത്തെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ 50 ഓളം സ്ത്രീകളെ സെക്‌സ് റാക്കറ്റിലേക്കെത്തിച്ച അര്‍ച്ചന എന്ന കൊല്ലം കിളിക്കൊല്ലൂര്‍ സ്വദേശിനി മിനി മുരുകേഷിന്റെ അറസ്റ്റാണ് ഇതില്‍ അവസാനമായി ബഹ്‌റൈനില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."