മുഖഛായ മിനുക്കാനൊരുങ്ങി സഊദി
റിയാദ്: സഊദിയില്‍ വിദേശികള്‍ക്ക് ജീവിത നിലവാരം മെച്ചപ്പെടുത്തി കൂടുതല്‍ സേവനങ്ങളോടെ ദീര്‍ഘ കാല താമസ വിസാ പദ്ധതി നടപ്പിലാക്കുന്നു.
സഊദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയും സാമ്പത്തിക വികസന സമിതി അധ്യക്ഷനുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് 'ഗോള്‍ഡ് കാര്‍ഡ്' പദ്ധതി പ്രഖാപിച്ചത്. 2020 വികസന വര്‍ഷത്തിന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയുടെ പ്രയോജനം വിദേശികള്കൊപ്പം സ്വദേശികള്‍ക്കും ലഭ്യമാകും.
വിദേശ ജോലിക്കാരെ കൂടാതെ അവരുടെ ആശ്രിതര്‍ക്കും ഉപകാരമാകുന്ന നിലയിലാണ് ഗോള്‍ഡ് കാര്‍ഡ് പദ്ധതി നടപ്പിലാക്കുന്നത്. സഊദിയില്‍ ഇവര്‍ക്ക് അനുയോജ്യമായ ജീവിത സാഹചര്യം ഒരുക്കുന്നതോടൊപ്പം അവര്‍ക്ക് നല്കുന്ന സേവനങ്ങള്‍ക്ക് മാനദങ്ങളും മാര്‍ഗ രേഖ നിശ്ചയിക്കലും പദ്ധതിയുടെ ഭാഗമാണ്. കുടുംബവുമായി കഴിയുന്ന വിദേശ തൊഴിലാളികളുടെ മക്കള്‍ക്ക് ഉപരിപഠനമടക്കമുള്ള സൗകര്യങ്ങള്‍ പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്.
സ്വദേശികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. സ്വദേശികളുടെയും വിദേശികളുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് 13,000 കോടി റിയാല്‍ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായാണ് ലോകത്തെ മികച്ച നഗരങ്ങളുടെ ഗണത്തിലേക്ക് സഊദി നഗരങ്ങളെയും ഉയര്‍ത്താനുള്ള പദ്ധതി.
3,46,000 തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതിയില്‍ ഇതിനായി പെട്രോളിതര മേഖലയില്‍ നിന്ന് 190 കോടി റിയാല്‍ പൊതു വരുമാനം നേടുന്നതിനും ലക്ഷ്യമിടുന്നുണ്ട്. ഇതോടെ സഊദിയിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അഭ്യസ്ത വിദ്യരായ ആളുകളെ ആകര്‍ഷിക്കാനാകുമെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."