ബാലലൈംഗികാതിക്രമ പ്രവണത: സ്വാഭാവികചോദനയോ, കുറ്റകൃത്യമോ
ലൈംഗികതയെക്കുറിച്ചുള്ള ശരിയായ അവബോധം ചെറുപ്രായത്തില്‍ തന്നെ വീട്ടിലും വിദ്യാലയത്തിലുംവച്ചു കുട്ടികള്‍ക്കു നല്‍കണമെന്നതാണു ശാസ്ത്രീയമായ നിലപാട്. എങ്കിലും ലൈംഗികതയെക്കുറിച്ചു തുറന്ന ചര്‍ച്ച നടത്താന്‍ കേരളസമൂഹം ഇന്നും പാകത കൈവരിച്ചിട്ടില്ല. ഉദാരവല്‍ക്കരണത്തിന്റെ ഫലമായി സമൂഹത്തില്‍ വേരൂന്നിയ ഉപഭോക്തൃസംസ്‌കാരം രതിവൈകൃതമുള്‍പ്പെടെ കേരളീയജീവിതങ്ങളില്‍ മൂടിക്കിടന്ന പല സ്വഭാവവൈചിത്ര്യങ്ങളും പുറംലോകത്തെത്തിച്ചതോടെ സാമൂഹികാന്തരീക്ഷം കൂടുതല്‍ അരക്ഷിതവും അസ്വസ്ഥജനകവുമായിട്ടുണ്ട്.
നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന പോരാട്ടങ്ങളിലൂടെ ആര്‍ജിച്ച സ്വാതന്ത്ര്യവും ജനാധിപത്യവും സൃഷ്ടിച്ച അവബോധമാണ് ഇത്തരം അക്രമങ്ങള്‍ക്കെതിരേ പ്രതിരോധിക്കാന്‍ പീഡിത സമൂഹത്തെ പ്രാപ്തമാക്കിയത്. മുമ്പ് എല്ലാം കുടുംബത്തിന്റെ നാലുചുവരുകള്‍ക്കുള്ളില്‍ അമര്‍ന്നുതീരാറാണു പതിവ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ കൂടുതല്‍ പുറത്തുവരാന്‍ തുടങ്ങിയതും ഇതേതുടര്‍ന്നാണ്. സാങ്കേതികതയുടെ വളര്‍ച്ചയ്ക്കു ധാരാളം അനുകൂലഘടകങ്ങളുണ്ടാകുമ്പോഴും അവ ഉണ്ടാക്കുന്ന ചില സാമൂഹികപ്രശ്‌നങ്ങള്‍ ഇത്തരമൊരു സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുവെന്നത് ഇന്ത്യന്‍ യാഥാര്‍ഥ്യമാണ്. സൈബര്‍ലോകം കാട്ടിത്തരുന്ന ലൈംഗികാരാജകത്വം അത്തരത്തിലൊന്നാണ്.
ബാലലൈംഗികപീഡനങ്ങളുമായി ബന്ധപ്പെട്ടു നടത്തിയ പഠനങ്ങള്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ ആരെയും അമ്പരപ്പിക്കുന്നതാണ്. “I am a pedophile, you are the monsters...!” എന്നത് റ്റൊദ് നിക്കെഴ്‌സന്‍ എന്നു പേരുള്ള, ബ്രിട്ടനിലെ പ്രഫഷനല്‍ ഫോട്ടോഗ്രാഫറായ ബാലപീഡകന്‍ ഒരു വെബ്‌പോര്‍ട്ടലില്‍ എഴുതിയ ലേഖനമാണ്. ഈ മനുഷ്യനും ലൈംഗികകൃത്യത്തിനു സമ്മതം നല്‍കാനുള്ള മാനസിക, ശാരീരിക വളര്‍ച്ച കുട്ടികള്‍ക്കുണ്ടാവില്ലെന്ന പക്വമായ തിരിച്ചറിവില്‍ സ്വന്തംതെറ്റില്‍ പശ്ചാത്തപിച്ച്, താനിനി മരണംവരെ ഇത്തരം കൃത്യങ്ങളില്‍ ഏര്‍പ്പെടില്ലെന്നു പ്രതിജ്ഞ ചെയ്തതായും പ്രസ്തുത വെബ്‌പോര്‍ട്ടലും ബ്രിട്ടിഷ് പൊലിസും സാക്ഷ്യപ്പെടുത്തുന്നു.
അമേരിക്കന്‍ സൈക്യാര്‍ട്ടി അസോസിയേഷന്‍ നടത്തിയ പഠനങ്ങളില്‍ ബാലലൈംഗികാതിക്രമപ്രവണത (പിഡോഫിലിയ) ലൈംഗികാഭിരുചിയാണെന്നു വ്യക്തമാക്കുന്നതായി 2015ല്‍ വാഷിങ്ടന്‍ ടൈംസില്‍ പ്രസിദ്ധീകരിച്ചു. ഇതിനെത്തുടര്‍ന്ന് പൊതുജനങ്ങളുടെയും നിയമവിദഗ്ധരുടെയും വലിയരൂപത്തിലുള്ള എതിര്‍പ്പുകളുണ്ടായപ്പോഴാണ് അവര്‍ ശാസ്ത്രീയമായി അതിനെ നിര്‍വചിക്കാന്‍ നിര്‍ബന്ധിതരായത്.
“Pedophilia is a sexual preference or profession of sexual preference devoid of consummation, hence comes under paraphilia which includes others like exhibitionism, sexual sadism, transvestism and there is feeling of personal ditsress about a typical sexual interest without consent. Whereas pedophilia disorder there is no guilt and there is compulsion for individual to act on their sexualtiy.’ എന്നായിരുന്നു വിശദീകരണം. ശാരീരികവും മാനസികവുമായ സമ്മതമില്ലാതെ നടക്കുന്ന ലൈംഗികകൃത്യങ്ങള്‍ കുറ്റകൃത്യങ്ങളായി കണക്കാക്കപ്പെടുന്നുവെന്നു സാരം.
കേരളീയ പശ്ചാത്തലത്തിലെ അനുഭവപരിസരങ്ങള്‍
പുരുഷന്മാരില്‍ ബാലലൈംഗികാതിക്രമപ്രവണത രോഗമായിക്കഴിഞ്ഞാല്‍ ഭേദമാക്കാന്‍ പ്രയാസമാണ്. കേരളത്തില്‍ ഇത്തരം പഠനങ്ങള്‍ പുരുഷന്മാരില്‍, പ്രത്യേകിച്ച് ഉപരിവര്‍ഗക്കാര്‍ക്കിടയില്‍ നടക്കുന്നില്ല. മധ്യവര്‍ഗം രഹസ്യമായി ചികിത്സ തേടാറുണ്ട്. പിഡോഫീലിയ ബാധിക്കുന്ന പുരുഷന്മാരില്‍ ചെറിയപ്രായത്തിലുള്ള പെണ്‍കുട്ടികളോടു ലൈംഗികാസക്തി കൂടുന്നത് അവര്‍ പുരുഷനാണെന്ന ആത്മവിശ്വാസം നഷ്ടപ്പെടുന്നതുകൊണ്ടാണ്. മുതിര്‍ന്ന സ്ത്രീകളുമായി ഇടപഴകാന്‍ ആവശ്യമായ പക്വത ഇത്തരം പുരുഷന്മാര്‍ക്കു കുറവായിരിക്കും.
ലൈംഗികപീഡനത്തിനിരയാകുന്ന പെണ്‍കുട്ടിയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനോടൊപ്പം മാനസികമായ മുറിവുകള്‍ ചികിത്സിക്കുകയെന്നതും ഏറെ ശ്രദ്ധിക്കേണ്ടതാണെന്നു പ്രമുഖ മനോരോഗവിദഗ്ധന്‍ ഡോ. സി.ജെ ജോണ്‍ അഭിപ്രായപ്പെടുന്നു. പിതാവ് കുട്ടിയെ ചൂഷണം ചെയ്യുന്നതായി കണ്ടെത്തിയാല്‍ കുട്ടിയെ കെയര്‍ ഹോമിലേക്കോ സുരക്ഷിതമായ മറ്റേതെങ്കിലും സ്ഥലത്തേക്കോ മാറ്റുകയാണു വേണ്ടത്.
നമ്മുടെ സമൂഹത്തില്‍ അതു നടക്കുന്നില്ലെന്നു മാത്രമല്ല കുട്ടിയെ കുറ്റപ്പെടുത്താനാണ് മാതാവുപോലും ശ്രമിക്കുക. അതു നിന്റെ തോന്നലാണെന്നു പറഞ്ഞു നിസ്സാരവല്‍ക്കരിക്കും. അതിനുള്ള കാരണം രണ്ടാണ്. അച്ഛന്‍ മകളോട് അങ്ങനെ ചെയ്യില്ലെന്ന വിശ്വാസമാണ് ഒന്ന്. മറ്റൊന്ന്, ഭര്‍ത്താവിനെ എങ്ങനെ ചോദ്യം ചെയ്യുമെന്നും ദാമ്പത്യബന്ധം തകര്‍ന്നാല്‍ കുടുംബം ആരു സംരക്ഷിക്കുമെന്നുമുള്ള ആകുലതയാണ്. അങ്ങനെ പ്രശ്‌നം മൂടിവയ്ക്കാന്‍ മാതാവു നിര്‍ബന്ധിതയാകും.
പിതാവില്‍നിന്നു ലൈംഗികപീഡനത്തിനിരയാകുന്ന കുട്ടിയുടെ മനസ്സിലെ മുറിവുകള്‍ മാറ്റുക ദുഷ്‌കരമാണ്. എത്ര കൗണ്‍സലിങ് നല്‍കിയാലും മുറിവു പൂര്‍ണമായും മാറില്ല. സ്വന്തംവീട്ടില്‍നിന്ന് ഇത്തരമൊരനുഭവമുണ്ടാകുമ്പോള്‍ വേറെവിടെയും സുരക്ഷിതത്വമില്ലെന്ന ചിന്തയാണതിനു കാരണം.
ഇത്തരം കേസുകളില്‍ പ്രതി ശിക്ഷിക്കപ്പെടാന്‍ സാധ്യത കുറവാണ്. ഇത്തരം പിതാക്കന്മാര്‍ സമൂഹത്തില്‍ മാന്യന്മാരായി തുടരുമെന്നതാണു മറ്റൊരു സത്യം. പലപ്പോഴും ഇവരുടെ വ്യക്തിവൈകല്യം തിരിച്ചറിയാന്‍ കഴിയില്ല. ഭാര്യയോടും മറ്റുള്ളവരോടും മാന്യമായി പെരുമാറും. മറ്റാരും അറിയാതെ ലഭ്യമാകുന്ന ലൈംഗികവസ്തുവായാണ് ഇവര്‍ പെണ്‍മക്കളെ കാണുക. പുറത്തുപറഞ്ഞാല്‍ എല്ലാവരും നിന്നെ കുറ്റപ്പെടുത്തുമെന്ന ഭീഷണിയില്‍ കുട്ടി ഭയന്നുപോകും. പീഡിപ്പിക്കുന്നയാള്‍ ക്രിമിനല്‍സ്വഭാവമുള്ളയാളാകുമ്പോഴാണു പറവൂര്‍ കേസിലെ പ്രതിയെപ്പോലെ പണത്തിനുവേണ്ടി കുട്ടിയെ വീണ്ടും ഉപയോഗിക്കുവാന്‍ തുനിയുന്നത്.
വര്‍ഷങ്ങള്‍ നീണ്ടുനിന്ന പഠനങ്ങള്‍ക്കുശേഷം മനഃശാസ്ത്രജ്ഞര്‍ പറയുന്നത്, ബാലപീഡനത്തിനു വിധേയരാകുന്നവരാണ് പില്‍ക്കാലത്തു ബാലപീഡനത്തിനു തുനിയുന്നവരില്‍ പലരുമെന്നാണ്. മുകളില്‍ പറഞ്ഞ ഫോട്ടോഗ്രാഫറടക്കം ബാല്യത്തില്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായവരാണ്. കുഞ്ഞുനാളില്‍ തുടര്‍ച്ചയായി ഇത്തരം അനുഭവമുണ്ടാകുമ്പോള്‍ വ്യക്തിത്വ വൈകല്യങ്ങള്‍ നിരന്തര കൗണ്‍സലിങ് കൊണ്ടുപോലും പരിഹരിക്കാനാവാത്ത തീവ്രമായ വിഷാദംവരെ ഉണ്ടായേക്കാം. അത് ഒടുവില്‍ ആത്മഹത്യയിലേക്കുവരെ എത്തുമെന്നും പഠനങ്ങള്‍ തെളിയിക്കുന്നു. പിതാവടക്കം രക്തബന്ധമുള്ളവരില്‍നിന്നാണു പീഡനമെന്നാകുമ്പോള്‍ അതിന്റെ ഭയാനകമായ മനഃശാസ്ത്ര മാനങ്ങള്‍ സംബന്ധിച്ച് ഇപ്പോഴും പഠനങ്ങള്‍ പുരോഗമിക്കുന്നതേയുള്ളൂവെന്ന് വേദനയോടെ പറയേണ്ടിവരുന്നു.
അപരിചിതനില്‍നിന്നാണു ലൈംഗികാക്രമണമുണ്ടാകുന്നതെങ്കില്‍ അതു മാതാപിതാക്കളോ അധ്യാപകരോ മറ്റു പ്രിയപ്പെട്ടവരോ സമാധാനിപ്പിക്കുമ്പോഴോ ഒന്നോ രണ്ടോ ദിവസത്തെ ഉറക്കത്തിനുശേഷമോ മറന്നുപോയേക്കാം. പക്ഷേ, അടുപ്പമുള്ളവരില്‍നിന്നും വീട്ടകങ്ങളില്‍ നിന്നുമാകുമ്പോള്‍ അതു മായാത്ത മുറിവും വിഷാദത്തിന്റെ സ്രോതസ്സുമായി മനസ്സില്‍നിലനില്‍ക്കും. ആ വേദന ആരോടും പങ്കുവയ്ക്കാന്‍പോലും സാധിക്കില്ലെന്നു വരുമ്പോള്‍ കാലാകാലം ഒരു ജന്മത്തെത്തന്നെ വികൃതമാക്കുന്ന രൂപത്തില്‍ ദുരന്തമാവും.
ബോളിവുഡ് നടന്‍ അനില്‍കപൂറിന്റെ മകളും അഭിനേത്രിയുമായ സോനം കപൂര്‍ കൗമാരത്തുടക്കത്തില്‍ താന്‍ ലൈംഗികമായി അതിക്രമിക്കപ്പെട്ട അനുഭവം അടുത്ത കാലത്താണു ലോകത്തോടു പങ്കുവച്ചത് . ഇക്കാര്യം പറഞ്ഞതിലൂടെ ഇതുവായിക്കുന്ന സ്ത്രീകളില്‍ പലരുടെയും മനസ്സ് കുട്ടിക്കാലത്തോ കൗമാരത്തിലോ അനുഭവിച്ച സമാനമായ ഓര്‍മകളെ വേദനയോടെ ഓര്‍ത്തുപോകുന്നെങ്കില്‍ എന്നോടു പൊറുക്കുക.
ലൈംഗിക കൃത്യത്തിനുള്ള സമ്മതം
ഒലലേൃീ ടലഃൗമഹശാെ ആണെങ്കിലും , ഒീാീ ടലഃൗമഹശാെ ആണെങ്കിലും ലോകവും നിയമവ്യവസ്ഥയും അംഗീകരിച്ച രണ്ടു ലൈംഗികചോദനകളെന്ന നിലയില്‍, സമ്മതമില്ലാതെ ലൈംഗികാതിക്രമം നടത്തുന്നത് ലോകമാകെ ലൈംഗികക്കുറ്റമാണ്.
ആ നിലയില്‍ സമ്മതം നല്‍കാനുള്ള പ്രായവും ശാരീരികവും മാനസികവുമായ വളര്‍ച്ചയുമില്ലാത്ത കുഞ്ഞുങ്ങളോടു കാമംതീര്‍ക്കാന്‍ അതിക്രമം ചെയ്യുന്ന തെമ്മാടിത്തത്തെ എങ്ങനെയാണു ന്യായീകരിക്കാന്‍ കഴിയുക. ആരുടെ സമ്മതമാണ് ഈ ലൈംഗികവേഴ്ചയ്ക്ക് ഈ മനോരോഗികള്‍ വാങ്ങുന്നത്!
ലൈംഗിക ഹോര്‍മോണ്‍ വളര്‍ച്ചയുള്ള ജീവിക്ക് ശാരീരികമായ പാകതവന്നതിനു ശേഷം പരസ്പരസമ്മതത്തോടെ ആനന്ദിക്കാനുള്ളതാണ് ലൈംഗികത. പഴഞ്ചന്‍ ഭാഷയില്‍ പറഞ്ഞാല്‍, നിറഞ്ഞ പ്രണയമുണ്ടെങ്കില്‍മാത്രം സാധ്യമാകുന്നതാണത്. അതിനെ അഞ്ചുരൂപയുടെ മഞ്ചിലേക്കു ചുരുട്ടിക്കെട്ടിയ മനോരോഗികളെയും അവരെ പിന്തുണച്ചവരെയും എത്രയും വേഗത്തില്‍ ചികിത്സ തേടാന്‍ മാത്രം നിര്‍ദേശിക്കട്ടെ.
പിഡോഫീലിയ ഒരുപക്ഷേ, നാളെ ലൈംഗികാഭിരുചിയാണെന്നു വല്ല ഭ്രാന്തന്‍നിരീക്ഷകരും കണ്ടെത്തിയേക്കാം. അപ്പോഴും, പീനല്‍ നിയമങ്ങളുടെ കണ്ണില്‍ എപ്പോഴും അതൊരു സാമൂഹിക കുറ്റംതന്നെയായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
വിരാമാതിലകം:
അമേരിക്കന്‍ ഐക്യനാടുകളിലെയും യൂറോപ്യന്‍ രാജ്യങ്ങളിലെയും പട്ടണങ്ങളില്‍ താമസസൗകര്യമന്വേഷിച്ചു വരുന്ന കുടുംബങ്ങള്‍ക്ക്, തൊട്ടടുത്ത പൊലിസ് സ്റ്റേഷനില്‍നിന്നു പ്രഖ്യാപിതകുറ്റവാളികളുടെ ഫോട്ടോസഹിതമുള്ള വിവരങ്ങള്‍ക്കൊപ്പം ബാലപീഡകരുടെയും വിവരങ്ങളും ലഭ്യമാണ്. നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്കു ലൈംഗികാനന്ദം വേണമെങ്കില്‍ 'അയിനു പറ്റിയ ആള്‍ക്കാരും ഞമ്മളെ ടൗണില്‍ ഉണ്ട്' -ഈ ലിസ്റ്റു വ്യക്തമാക്കുന്നത്, ഇത്തരം മനോരോഗികള്‍ ഈ പട്ടണത്തില്‍ ഉണ്ട് മക്കളേ, സൂക്ഷിക്കണം എന്നാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."