സഊദി ഉപ കിരീടാവകാശി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച്ച നടത്തി
റിയാദ്: സഊദി ഉപ കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് സല്മാന് ഇബ്നു അബ്ദുല്‍ അസീസ് അല്‍ സഊദ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. അമേരിക്കയിലെത്തിയ രാജകുമാരന് ചൊവ്വാഴ്ച്ച വൈകീട്ടോടെയാണ് വാഷിങ്ടണ്ണില്‍ യു എസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാനുള്ള കാര്യങ്ങള്‍ ഇരുവരും ചര്‍ച്ച നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യുദ്ധം രൂക്ഷമായ യമനിലെ സ്ഥിതി ഗതികള്‍ വിലയിരുത്തി വേണ്ട നടപടികള്‍ കൈക്കൊള്ളാനുള്ള നടപടികളെ കുറിച്ചാണ് ചര്‍ച്ചകള്‍ നടന്നെതെന്നാണ് റിപ്പോര്‍ട്ടുകള്‍. യമനിലെ ഔദ്യോഗിക സര്‍ക്കാരിന് വേണ്ടി സഊദിയുടെ നേതൃത്വത്തില്‍ കനത്ത യുദ്ധം നടക്കുന്നതിനിടെ യമനിലെ മറ്റൊരു ശക്തി വിഭാഗമായ അല്‍ ഖാഇദക്കെതിരെ അടുത്തിടെ അമേരിക്ക ആക്രമണം ശക്തമാക്കിയിരുന്നു. ട്രംപ് ഭരണകൂടം യമനിലെ യുദ്ധത്തില്‍ കൂടുതല്‍ കൈകടത്തല്‍ നടത്താന്‍ ആഗ്രഹിക്കുന്നതായി നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു.
മേഖലയിലെ പ്രധാന രാജ്യമായ സഊദി അറേബ്യയും മറ്റു ജി സി സി രാജ്യങ്ങളും ചേര്‍ന്ന് നിന്നാല്‍ മേഖലയിലെ പ്രധാന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകുമെന്നും നിലവില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ നേരിടുന്ന സിറിയ, ഫലസ്തീന് പ്രശ്നത്തെ ഉയര്‍ത്തിക്കാട്ടി ട്രംപ് പറഞ്ഞു. സിറിയയില്‍ സമാധാന മേഖല (സേഫ് സോണ്‍) നിര്‍മ്മിക്കുന്നതിലും ഫലസ്തീന് ഇസ്റാഈല്‍ പ്രശ്ന പരിഹാരത്തിനും ഈ ശക്തി ഉപകാരപ്പെടുമെന്നും ട്രംപ് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു . ഇറാന്റെ പ്രശ്നവും പരമ പ്രധാനമായി ട്രംപിന്റെ ശ്രദ്ധയില്‍ സഊദി കൊണ്ട് വന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."