കര്‍ണാടക വിധിയെഴുതുമ്പോള്‍
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ കര്‍ണാടകയില്‍ ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പിന് നിരവധി പ്രത്യേകതയുണ്ട്.
ഭരണകക്ഷിക്കെതിരേ ഭരണവിരുദ്ധ വികാരം രൂക്ഷമല്ലാത്ത തെരഞ്ഞെടുപ്പ്. രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റായ ശേഷം തുടക്കം മുതല്‍ രംഗത്തിറങ്ങിയ സംസ്ഥാനം, പ്രാദേശിക വികാരം മറ്റെന്തിനേക്കാളേറെ ശക്തമായ സംസ്ഥാനം, കന്നഡികരെ കൂടാതെ, തമിഴ്, മലയാളം, ഹിന്ദി, ബംഗാളി, തെലുങ്ക്, മറാഠി വിഭാഗങ്ങള്‍ ധാരാളമുള്ള സംസ്ഥാനം, പ്രാദേശിക മത വിഭാഗങ്ങളും മഠങ്ങളും എടുക്കുന്ന തീരുമാനങ്ങളുടെ സ്വാധീനം തുടങ്ങി നിരവധി പ്രത്യേകതകളാണ് കര്‍ണാടക തെരഞ്ഞെടുപ്പിനുള്ളത്. നാമനിര്‍ദേശം ചെയ്യപ്പെടുന്ന ഒരംഗം ഉള്‍പ്പെടെ 225 അംഗ നിയമസഭയാണ് കര്‍ണാടകയിലുള്ളത്. 223 സീറ്റുകളിലേക്കാണ് മത്സരം. ജയനഗര്‍ സീറ്റില്‍ സിറ്റിങ് അംഗത്തിന്റെ മരണം മൂലം തെരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്. മറ്റൊരു സീറ്റായ രാജരാജേശ്വരി നഗറില്‍ ആയിരക്കണക്കിന് കള്ളവോട്ടര്‍ ഐഡി കാര്‍ഡുകള്‍ പ്രചരിക്കുന്നതായി കണ്ടെത്തുകയും കോണ്‍ഗ്രസ് സിറ്റിങ് എം.എല്‍.എക്കെതിരേ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി സ്വീകരിക്കുകയും ചെയ്തതോടെ ഇവിടുത്തെയും തെരഞ്ഞെടുപ്പ് മാറ്റിയിട്ടുണ്ട്. ഇവിടെ ഈ മാസം 28നാണ് തെരഞ്ഞെടുപ്പു നടക്കുക.
ത്രികോണ മത്സരം
കോണ്‍ഗ്രസിനും ബി.ജെ.പിക്കുമൊപ്പം മത്സരരംഗത്ത് തുല്യശക്തിയായി ജെ.ഡി.എസ് ഉള്ളതുകൊണ്ട് കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് ത്രികോണമത്സരമാണ്. തെരഞ്ഞെടുപ്പിനുശേഷം പാര്‍ട്ടി സംതുലിതാവസ്ഥയിലും ചേരികളിലും മാറ്റിമറിച്ചിലുകള്‍ ഉണ്ടാകുമെന്നുള്ളത് കര്‍ണാടക രാഷ്ട്രീയചരിത്രം നോക്കിയാല്‍ മനസിലാകും. ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഈ തെരഞ്ഞെടുപ്പില്‍ ജയം അനിവാര്യമാണ്. ഇരുപാര്‍ട്ടികളെയും നിഷ്പ്രഭരാക്കി കര്‍ണാടക ഭരണം പിടിക്കാനും അതിനാവുന്നില്ലെങ്കില്‍ മുഖ്യമന്ത്രി ആരെന്നു നിര്‍ണയിക്കുന്നതില്‍ നിര്‍ണായക തീരുമാനമെടുക്കാനുള്ള ശേഷി നേടുന്നതിലേക്കും മുന്നേറാനാണ് ജെ.ഡി.എസിന്റെ നോട്ടം.
ശ്രദ്ധിക്കണം ഈ മണ്ഡലങ്ങള്‍
കര്‍ണാടക തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായ നിരവധി മണ്ഡലങ്ങളാണുള്ളത്. ശിക്കാരിപുര, ബാദാമി, ചാമുണ്ഡേശ്വരി, വരുണ, ചന്നപട്ടണ, രാമനഗര, പദ്മനാഭനഗര്‍, ഹുബ്ലി, ധാര്‍വാര്‍ സെന്‍ട്രല്‍ തുടങ്ങിയ മണ്ഡലങ്ങളിലെ മത്സരങ്ങള്‍ ഏറെ ശ്രദ്ധ ആകര്‍ഷിക്കുന്നു.
കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സിദ്ധരാമയ്യ മത്സരിക്കുന്ന മൈസൂരുവിലെ ചാമുണ്ഡേശ്വരിയും വടക്ക് ബാഗല്‍കോട്ട് ജില്ലയിലെ ബാദാമിയുമാണ് അതിലേറ്റവും പ്രധാനമായുള്ളത്. ജെ.ഡി.യുവിന്റെ ശക്തികേന്ദ്രമായ ചാമുണ്ഡേശ്വരിയില്‍ അവരുടെ വെല്ലുവിളി ഏറ്റെടുത്താണ് സിദ്ധരാമയ്യ സ്ഥാനാര്‍ഥിയാവുന്നത് എന്ന പ്രത്യേകതയുമുണ്ട്. ജെ.ഡി.എസിന്റെ സിറ്റിങ് എം.എല്‍.എ ജി.ടി.ദേവ ഗൗഡയാണ് അദ്ദേഹത്തെ നേരിടുന്നത്. പരാജയഭീതിയുള്ളതിനാല്‍ പാര്‍ട്ടി നിര്‍ദേശപ്രകാരം സിദ്ധരാമയ്യ ബാദാമിയിലും നാമനിര്‍ദേശപത്രിക നല്‍കിയിട്ടുണ്ട്.
ബി.ജെ.പി മുഖ്യമന്ത്രിസ്ഥാനാര്‍ഥി ബി.എസ്.യെദ്യൂരപ്പ മത്സരിക്കുന്ന മണ്ഡലമാണ് ശിക്കാരിപുര. 1983 മുതല്‍ തുടര്‍ച്ചയായി ഏഴുതവണ അദ്ദേഹം ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പഞ്ചായത്ത് നേതാവ് ഗോണി മല്‍തേഷ് ആണ് അദ്ദേഹത്തെ എതിരിടുന്നത്.
ചിത്രദുര്‍ഗയിലെ മൊളകാല്‍മൂരുവില്‍ മത്സരിക്കുകയും ബാദാമിയില്‍ സിദ്ധരാമയ്യയെ നേരിടുകയും ചെയ്യുന്ന മുന്‍ മന്ത്രി ശ്രീരാമുലുവിന്റെ വിധിയും ശ്രദ്ധിക്കേണ്ടതുണ്ട്.
രാമനഗര ജില്ലയിലെ രാമനഗരയിലും ചെന്നപട്ടണയിലും ജെ.ഡി.യു മുഖ്യമന്ത്രി സ്ഥാനാര്‍ഥി എം.കുമാരസ്വാമി മത്സരിക്കുന്നു.
മുന്‍മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ജഗദീഷ് ഷെട്ടാര്‍ ഹൂബ്‌ളി ധാര്‍വാഡ് സെന്‍ട്രലില്‍ കോണ്‍ഗ്രസിന്റെ മഹേഷ് നാല്‍വാദില്‍ നിന്നാണ് വെല്ലുവിളി നേരിടുന്നത്.
സിദ്ധരാമയ്യയുടെ മകന്‍ യെതീന്ദ്ര മത്സരിക്കുന്ന മണ്ഡലമാണ് വരുണ. ഓള്‍ഡ് മൈസൂര്‍ മേഖലയില്‍പ്പെടുന്ന വരുണയില്‍ ബി.ജെ.പിയുടെ ടി.ബസവരാജുവാണ് എതിരാളി. നേരത്തെ യെദ്യൂരപ്പയുടെ മകന്‍ വിജയേന്ദ്രയ്ക്ക് സീറ്റുനല്‍കാന്‍ തീരുമാനമുണ്ടായിരുന്നെങ്കിലും പിന്നീട് വേണ്ടെന്നുവച്ചിരുന്നു.
ത്രികോണ പോരാട്ടം കൊണ്ട് ശ്രദ്ധേയമായ മണ്ഡലമാണ് പദ്മനാഭനഗര്‍. സൗത്ത് ബംഗലൂരുവിലെ ഈ മണ്ഡലത്തില്‍ ബി.ജെ.പിയുടെ സിറ്റിങ് എം.എല്‍.എ ആര്‍.അശോകിനെ നേരിടുന്നത് ബി.ജെ.പി മുന്‍ എം.പിയും 2013ല്‍ കോണ്‍ഗ്രസില്‍ എത്തിയ നേതാവുമായ എം.ശ്രീനിവാസും ജെ.ഡി.എസിന്റെ വി.കെ.ഗോപാലുമാണ്.
ശിവമോഗയിലും ത്രികോണ പോരാട്ടമാണ്. കെ.എസ്.ഈശ്വരപ്പയാണ് ബി.ജെ.പിക്കുവേണ്ടി രംഗത്തുള്ളത്. കെ.ബി പ്രസന്നകുമാറാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. എച്ച.എന്‍.നിരഞ്ജനെ രംഗത്തിറക്കി ഭാഗ്യംപരീക്ഷിക്കുകയാണ് ജെ.ഡി.എസ്.
ചിക്കമംഗലൂരിലേത് കോണ്‍ഗ്രസിന്റെ അഭിമാനപ്പോരാട്ടമാണ്. അടിയന്തരാവസ്ഥയ്ക്കുശേഷം 1978ല്‍ അധികാരത്തിലേക്ക് തിരിച്ചുവരാന്‍ ഇന്ദിരാഗാന്ധിയെ പ്രാപ്തമാക്കിയ ലോക്‌സഭാ മണ്ഡലമാണ് ചിക്കമംഗലൂര്‍. അവിടുത്തെ ചിക്കമംഗലൂര്‍ നിയമസഭാ സീറ്റിനെ 2004 മുതല്‍ ബി.ജെ.പിയാണ് പ്രതിനിധീകരിക്കുന്നത്. 2013ല്‍ തിരിച്ചുപിടിച്ചെങ്കിലും ഇത്തവണ നിലനിര്‍ത്താനായില്ലെങ്കില്‍ അഭിമാനക്ഷതമുണ്ടാകുമെന്ന ഭീതിയിലാണ് കോണ്‍ഗ്രസ്. സി.ടി.രവിയെ ബി.ജെ.പി രംഗത്തിറക്കിയപ്പോള്‍ കോണ്‍ഗ്രസിന്റെ ബി.എല്‍.ശങ്കറും ജെ.ഡി.എസിന്റെ ബി.എച്ച്.ഹരീഷും എതിര്‍രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."