ജമ്മുവില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചു
ശ്രീനഗര്‍: വടക്കന്‍ ജമ്മുവിലെ കുപ്‌വാര ജില്ലയില്‍ ജുഗ്തിയാല്‍ ഗ്രാമത്തില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചു.
ഏറ്റുമുട്ടലിന് 100മീറ്റര്‍ അകലെ വീട്ടിലുണ്ടായിരുന്ന 12 വയസുള്ള പെണ്‍കുട്ടിയും കൊല്ലപ്പെട്ടു. പെണ്‍കുട്ടിയുടെ ആറു വയസുകാരനായ സഹോദരനും വെടിയേറ്റു. ഏറ്റുമുട്ടലിനിടയില്‍ കുട്ടികള്‍ക്ക് വെടിയേറ്റത് ദൗര്‍ഭാഗ്യകരമാണെന്ന് കാശ്മിര്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ജാവിദ് ഗിലാനി പറഞ്ഞു.
ഭീകരര്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സുരക്ഷാസേന ഗ്രാമത്തിലെത്തിയത്, ഇന്നലെ രാവിലെ ആരംഭിച്ച ഏറ്റുമുട്ടല്‍ ഉച്ചയോടെയാണ് അവസാനിച്ചത്. എട്ട് മണിക്കൂര്‍ നീണ്ടുനിന്ന ഏറ്റമുട്ടലില്‍ ഒരു പൊലിസുകാരനും പരുക്കേറ്റു. ഭീകരരില്‍ നിന്നും മൂന്ന് തോക്കുകളും ആശയ വിനിമയത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടിച്ചെടുത്തതായി പൊലിസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പുല്‍വാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ 15കാരനായ ഒരു കുട്ടി കൊല്ലപ്പെട്ടിരുന്നു. അതേസമയം വടക്കന്‍ ജമ്മു പ്രദേശങ്ങളില്‍ ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമങ്ങള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നിരട്ടി വര്‍ധിച്ചതായി ആഭ്യന്തര മന്ത്രാലയം ഡല്‍ഹിയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."