കരൂപ്പടന്ന ഗ്രാമീണ വായനശാല അംഗീകാര നിറവില്‍
കരൂപ്പടന്ന: അക്ഷര വഴിയില്‍ 75 വര്‍ഷത്തിലെത്തിയ കരൂപ്പടന്ന ഗ്രാമീണ വായനശാല അംഗീകാരത്തിന്റെ നിറവില്‍. ജൈവ പച്ചക്കറി കൃഷി വ്യാപന പ്രവര്‍ത്തനത്തില്‍ ജില്ലയില്‍ ഏറ്റവും മികച്ച ലൈബ്രറിയായി കരൂപ്പടന്ന ഗ്രാമീണ വായനശാലയെ തെരഞ്ഞെടുത്തു. മുകുന്ദപുരം താലൂക്കിലെ ഏറ്റവും മികച്ച ലൈബ്രറിയായി തെരഞ്ഞെട്ടക്കപ്പെട്ടതിന് തൊട്ട് പിറകെയാണ് ഈ അംഗീകാരവും വായനശാലയെ തേടിയെത്തിയത്.
1941 ല്‍ കൊച്ചി സര്‍ക്കാര്‍ ഗ്രാമീണവായനശാല എന്ന പേരില്‍ തുടങ്ങിയ വായനശാലയില്‍ ആദ്യ കാലത്ത് പുസ്തക ശേഖരണവും വയോജന വിദ്യാഭ്യാസവുമായിരുന്നു പ്രധാന പ്രവര്‍ത്തനം. സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തെക്കുറിച്ച് പ്രദേശവാസികളില്‍ അവബോധമുണ്ടാക്കാന്‍ വായനശാലയിലെത്തുന്ന ദിന പത്രങ്ങള്‍ സഹായിച്ചെങ്കിലും പ്രദേശത്തെ സാമൂഹ്യവും വിദ്യാഭ്യാസ പരവുമായ പിന്നോക്കാവസ്ഥ മൂലം പ്രതീക്ഷിച്ച വളര്‍ച്ച നേടാനായില്ല.
സ്വന്തമായി സ്ഥലവും കെട്ടിടവും ഇല്ലാത്തതും വായനശാലയുടെ വളര്‍ച്ചക്ക് വിഘാതമായി. നാലു പതിറ്റാണ്ട് മുന്‍പ് തന്നെ പ്രവര്‍ത്തനം നിലച്ചെങ്കിലും പിന്നീട് പുനരുജ്ജീവിപ്പിച്ചു.
ഇതിനിടെ ഗ്രന്ഥശാലാ സംഘത്തിന്റെ എ ഗ്രേഡും ലഭിച്ചു. ഇപ്പോള്‍ സര്‍ക്കാര്‍ ഗ്രാന്റിനെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. 500ല്‍ പരം അംഗങ്ങളും 12,000 ത്തോളം പുസ്തകങ്ങളുമുള്ള വായനശാലയില്‍ ബാലവേദി, വനിതാവേദി എന്നിവ സജീവമാണ്. സൗജന്യ പി.എസ്.സി പരിശീലനവും നല്‍കുന്നുണ്ട്. സ്വന്തമായി സ്ഥലമില്ലാത്തതിനാല്‍ ലൈബ്രറി കൗണ്‍സിലിന്റെ കെട്ടിട ഗ്രാന്റ് ഉപയോഗിക്കാന്‍ കഴിയുന്നില്ല.
സ്ഥലം വാങ്ങുന്നതിന് നാട്ടുകാരായ ഉദാരമതികളുടെ സഹായമാണ് നാട്ടുകാരുടെ പ്രതീക്ഷ. പരാധീനതകള്‍ക്കിടയിലും ഒട്ടനവധി പരിപാടികളാണ് വായനശാലയുടെ നേതൃത്വത്തില്‍ നടത്തുന്നത്. ജൈവ പച്ചക്കറി കൃഷിയുമായി ബന്ധപ്പെട്ട് നിരവധി ക്ലാസുകള്‍ നടത്തി.
വിത്തുകളും നടീല്‍ വസ്തുക്കളും സൗജന്യമായി വിതരണം ചെയ്യാറുമുണ്ട്. എ.കെ മജീദ് പ്രസിഡന്റും പി.കെ അബ്ദുല്‍ മനാഫ് സെക്രട്ടറിയുമാണ്. റഫീഖത്ത് അഷ്‌റഫാണ് ലൈബ്രേറിയന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."