കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്‌നം; പ്രചാരണായുധമാക്കിയവരും കൈയൊഴിയുന്നു
കല്‍പ്പറ്റ: വര്‍ഷങ്ങളായി നീതി നിഷേധത്തിന്റെ കാഞ്ഞിര കയ്പറിഞ്ഞ കാഞ്ഞിരത്തിനാല്‍ കുടുംബത്തിനെ മുന്‍പ് ഏറ്റെടുത്തവരും കൈയൊഴിയുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് കല്‍പ്പറ്റ മണ്ഡലത്തില്‍ സജീവ ചര്‍ച്ചയായിരുന്ന കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമി പ്രശ്‌നം ഏറ്റവും കൂടുതല്‍ പ്രചാരണായുധമാക്കിയ ഇടതുപക്ഷം വിഷയം കൈയൊഴിഞ്ഞ അവസ്ഥയാണ്.
തെരഞ്ഞെടുപ്പ് കാലത്ത് ഇടതുപക്ഷത്തിന്റെ മൂന്നു സ്ഥാനാര്‍ഥികളും കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ സമര പന്തലിലെത്തി കുടുംബത്തിന് നീതി ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഭരണത്തിലേറിയിട്ടും 580ലധികം ദിവസങ്ങളായി സമരമുഖത്തുള്ള കുടുംബത്തിന് നീതി ലഭ്യമാക്കാന്‍ ഇടതുപക്ഷ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കുടുംബത്തിന് നീതി ലഭ്യമാക്കുമെന്ന ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇതോടെ പാഴ്‌വാക്കായി.
കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 10ന് രണ്ടു യുവാക്കള്‍ കലക്ടറേറ്റ് കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണിമുഴക്കിയിരുന്നു. തുടര്‍ന്ന് കലക്ടറുടെ അഭാവത്തില്‍ കാഞ്ഞിരത്തിനാല്‍ കുടുംബത്തെ സഹായിക്കാന്‍ രൂപീകരിച്ച സമരസമിതിയുമായി എ.ഡി.എം കെ രാജു നടത്തിയ ചര്‍ച്ചയില്‍ മാര്‍ച്ച് 15ന് തിരുവനന്തപുരത്തു വച്ച് മുഖ്യമന്ത്രി, വനം, റവന്യൂ മന്ത്രിമാര്‍, സ്ഥലം എം.എല്‍.എ എന്നിവരുടെ സാന്നിധ്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി വിഷയം ചര്‍ച്ച ചെയ്യാമെന്ന് വയനാട് എ.ഡി.എം രേഖാമൂലം ഉറപ്പു നല്‍കിയതോടെയാണ് യുവാക്കള്‍ താഴെയിറങ്ങിയത്.
എന്നാല്‍, ഈ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല. റവന്യൂ മന്ത്രിയും കല്‍പ്പറ്റ എം.എല്‍.എയും മാത്രമാണ് പങ്കെടുത്തത്. ജില്ലയിലെ മറ്റു ജനപ്രതിനിധികളെ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുക പോലും ചെയ്തിട്ടില്ല. ചര്‍ച്ചയില്‍ കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമി കണ്ടെത്തി കലക്ടറോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍, വിഷയത്തില്‍ വ്യക്തമായ അന്വേഷണം നടത്തി മുന്‍ മാനന്തവാടി സബ ്കലക്ടര്‍ ശീറാം സംബശിവറാവു അധ്യക്ഷനായ മൂന്നംഗ റവന്യൂ ഉദ്യോഗസ്ഥ സംഘത്തിന്റെ റിപ്പോര്‍ട്ടും വിജിലന്‍സ് റിപ്പോര്‍ട്ടും നിലനില്‍ക്കെയാണ് പുതിയ റിപ്പോര്‍ട്ടിന് നിര്‍ദേശിച്ചിരിക്കുന്നത്. കൂടാതെ വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുണ്ടായിരുന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമിക്ക് നികുതി സ്വീകരിക്കാന്‍ ഉത്തരവിടുകയും നികുതി സ്വീകരിക്കുകയും ചെയ്തിരുന്നു.
അതേ വിഷയത്തിലാണ് ഇപ്പോഴത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭൂമി കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ വിഷയത്തിലുള്ള എല്‍.ഡി.എഫിന്റെ ഇരട്ടത്താപ്പ് വെളിച്ചെത്തായിരിക്കുകയാണ്.
കൂടാതെ, ഫെബ്രുവരി 27ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന റവന്യൂ ദിനാഘോഷ പരിപാടിയില്‍ കോടതി പരിഗണനയിലിരിക്കെ കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമി വിഷയത്തില്‍ സര്‍ക്കാരിന് ഇടപെടാന്‍ കഴിയുന്നില്ലെന്നു സി.കെ ശശീന്ദ്രന്‍ എം.എല്‍.എ പറഞ്ഞിരുന്നു.
എന്നാല്‍, 2016 ഡിസംബര്‍ ഏഴിന് ഹൈക്കോടതി ഈ കേസ് തള്ളി. എന്നിരിക്കെയാണ് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ എം.എല്‍.എ പരാമര്‍ശം നടത്തിയത്.
കൂടാതെ 2016 നവംബറില്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരം സബ് കലക്ടര്‍ വിഷയം അന്വേഷിച്ച് രേഖകള്‍ ഉള്‍പെടെ അഞ്ഞൂറോളം പേജുകളുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇത് ഡിസംബറില്‍ ഹൈക്കോടതി കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നെങ്കില്‍ കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് നീതി ലഭിക്കുമായിരുന്നു.
എന്നാല്‍, ചീഫ് സെക്രട്ടറിയുടെ ടേബിളിലെത്തിയ റിപ്പോര്‍ട്ട് കോടതിയിലെത്തിക്കാനുള്ള നടപടിയും ബന്ധപ്പെട്ടവര്‍ സ്വീകരിച്ചിരുന്നില്ല. ഇതോടെ ഉദ്യോഗസ്ഥ ഗൂഢാലോചനയില്‍ വര്‍ഷങ്ങളായി നീതി നിഷേധിക്കപ്പെടുന്ന കാഞ്ഞിരത്തിനാല്‍ കുടുംബം നീതിക്കായി ഇനിയും കാത്തിരിക്കേണ്ട സ്ഥിതിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."