ആലുവയില്‍ മോഷണം തുടര്‍ക്കഥ; പൊലിസ് നിസംഗതയില്‍ പ്രതിഷേധം ശക്തം
ആലുവ: ആലുവയില്‍ രണ്ടാഴ്ചയായി മോഷണം തുടരുമ്പോളും പൊലിസ് നിസംഗത പാലിക്കുന്നതില്‍ പ്രതിഷേധവുമായി വ്യാപാരികള്‍. നഗരത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു വ്യാപാര സ്ഥാപനങ്ങളിലാണു മോഷണം നടന്നത്. കാരോത്തുക്കുഴി ജങ്ഷനിലെ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കൊര്‍ദോവ കള്‍ച്ചറല്‍ ഷോപ്പി, ഓണ്‍ലൈന്‍ ഐ.ടി ഷോപ്പി, ഡി ആന്റ് ഡബ്ലിയു ഇന്റീരിയര്‍ വര്‍ക്ക് എന്നീ സ്ഥാപനങ്ങളിലാണു മോഷ്ടാക്കള്‍ കയറിയത്. ഒന്നാം നിലയിലേക്കുള്ള ഗോവണിയുടെ ഷട്ടര്‍ കമ്പിപ്പാര ഉപയോഗിച്ച് കുത്തിതുറന്നാണ് മോഷ്ടാക്കള്‍ മുകളില്‍ കയറിയത്.
പുലര്‍ച്ചെ രണ്ടോടെ ആദ്യം കൊര്‍ദോവയിലാണ് മോഷ്ടാവ് കയറിയത്. കടയുടെ ഷട്ടര്‍ കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാവ് പണപ്പെട്ടിയില്‍ കിടന്നിരുന്ന മൂവായിരത്തോളം രൂപക്കുള്ള ചില്ലറ നോട്ടുകള്‍ എടുത്തു. നൂറോളം നൈറ്റികള്‍, മഫ്ത പിന്നുകള്‍, വിലകൂടിയ പെര്‍ഫ്യുമുകള്‍ തുടങ്ങിയവയും മോഷ്ടിച്ചു. കമ്പ്യുട്ടര്‍ സെന്റര്‍, ഇന്റീരിയര്‍ കട എന്നിവയുടെ ഷട്ടറുകള്‍ തുറക്കാന്‍ കഴിഞ്ഞെങ്കിലും അകത്തുള്ള ഷട്ടറുകള്‍ തുറക്കാനായില്ല. ചുമരുകള്‍ കുത്തിപൊളിക്കാനുള്ള ശ്രമവും വിജയിച്ചില്ല.
രാവിലെ മോഷണ വിവരമറിഞ്ഞ കടയുടമയും ജീവനക്കാരുടെ പൊലീസിനെ വിവരമറിയിച്ചപ്പോള്‍ സ്റ്റേഷനിലെത്തി പരാതി എഴുതി നല്‍കിയാല്‍ കേസെടുക്കാമെന്നായിരുന്നു മറുപടി. മോഷണം നടന്നാല്‍ പോലും നേരിട്ടെത്തി സാഹചര്യങ്ങള്‍ മനസിലാക്കുന്നതിന് പൊലീസ് തയ്യാറാവുന്നില്ലെന്നാണ് ആക്ഷേപം. പൊലിസ് പെട്രോളിങ് ശക്തമാക്കണമെന്നും കള്ളന്‍മാരെ പിടികൂടാന്‍ പൊലീസ് ജാഗ്രത പാലിക്കണമെന്നും ആലുവ മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് ഇ.എം നസീര്‍ ബാബു സെക്രട്ടറി അഡ്വ റിയാസ് എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."