ദേശീയപാത വികസനം: ഒഴിപ്പിക്കല്‍ തുടങ്ങി
കൊടുവള്ളി: കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാത വികസനത്തിന്റെ ഭാഗമായി റോഡരികിലെ കൈയേറ്റങ്ങളും അനധികൃത നിര്‍മാണങ്ങളും പൊളിച്ചുനീക്കുന്ന നടപടി പുരോഗമിക്കുന്നു. കുന്ദമംഗലത്തുനിന്ന് വെള്ളിയാഴ്ച്ച ആരംഭിച്ച നടപടി ഇന്നലെ കൊടുവള്ളി ടൗണ്‍, പാലക്കുറ്റി, നെല്ലാംകണ്ടി, വാവാട് എന്നിവിടങ്ങളിലെത്തി ദേശീയപാതയോരത്തെ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചു.
ഇന്ന് പരപ്പന്പോയിലില്നിന്ന് പ്രവൃത്തി തുടങ്ങും. ആദ്യഘട്ടത്തില്‍ കുന്ദമംഗലം മുതല്‍ വയനാട് ചുണ്ടേല്‍ വരെയുള്ള ഭാഗത്തേയും രണ്ടാം ഘട്ടത്തില്‍ ചുണ്ടേല്‍ മുതല്‍ മുത്തങ്ങ വരെയുമുള്ള കൈയേറ്റങ്ങളാണ് ഒഴിപ്പിക്കുന്നത്. ദേശീയപാതയോരത്തെ പെട്ടിക്കടകള്‍, പാര്‍ട്ടി കൊടിമരങ്ങള്‍, പരസ്യ ബോര്‍ഡുകള്‍, മറ്റു അനധീകൃത നിര്‍മാണങ്ങള്‍ എന്നിവയാണ് നീക്കം ചെയ്യുന്നത്. ഒഴിപ്പിക്കലിന് മുന്നോടിയായുള്ള അറിയിപ്പുകള് മാധ്യമങ്ങള്‍ വഴിയും പൊതുസ്ഥലങ്ങളില്‍ നോട്ടിസുകള്‍ പതിപ്പിച്ചും നല്‍കിയിരുന്നതായി ദേശീയപാത അധികൃതര്‍ പറഞ്ഞു. പൊലിസിന്റെ സഹായത്തോടെയാണ് ഒഴിപ്പിക്കല്‍ നടപടി നടക്കുന്നത്.
കൊടുവള്ളി പ്രദേശത്തെ നിരവധി കൈയേറ്റങ്ങള്‍ അധികൃതര്‍ ഇന്നലെ ഒഴിപ്പിച്ചു. പ്രവര്‍ത്തനരഹിതമായ വാഹനങ്ങള്‍ റോഡ് സൈഡില്‍ നിര്‍ത്തിയാണ് പല കച്ചവടങ്ങളും നടത്തുന്നത്. റോഡിനോട് ചേര്‍ന്നുള്ള കടയുടെ മുന്‍ഭാഗം കച്ചവടത്തിനായി കൈയേറിയവരുമുണ്ട്. ദേശീയപാത അസിസ്റ്റന്റ് എന്‍ജിനീയര്‍മാരായ എം.പി ലക്ഷ്മണന്, നൂറുദ്ദീന്‍, ഓവര്‍സിയര്‍മാരായ ആന്റോപോള്‍, അബ്ദുസലീം എന്നിവരുടെ നേതൃത്വത്തിലാണ് നടപടി പുരോഗമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."