സൊഹ്റാബുദ്ദീന്‍ കേസില്‍ നാല് പ്രതികള്‍ക്ക് വാറന്‍ഡ്
ന്യൂഡല്‍ഹി: സൊഹ്റാബുദ്ദീന്‍ ശൈഖിനെയും തുള്‍സിറാം പ്രജാപതിയെയും വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസില്‍ നാലുപ്രതികള്ക്കെതിരേ കോടതി അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിച്ചു.
ഗുജറാത്ത് പൊലിസ് ഓഫിസര്‍ മുകേഷ് പാര്‍മര്‍, രാജസ്ഥാന് പൊലിസ് ഓഫിസര്‍മാരായ ഹിമാന്‍ഷു സിങ് റാവത്ത്, ശ്യാംസിങ് ചരണ്‍, മറ്റൊരുപ്രതി രാജേന്ദ്ര ജിറാവാല എന്നിവര്‍ക്കാണ് മുംബൈ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി എസ്.ജെ ശര്‍മ വാറന്‍ഡ് പുറപ്പെടുവിച്ചത്. കഴിഞ്ഞദിവസം നടന്ന വിചാരണക്കിടെ ഇവരുടെ അഭിഭാഷകര്‍ വരാതിരുന്നതോടെയാണ് കോടതിയുടെ നടപടി. കേസിന്റെ വിചാരണ അടുത്തമാസം നാലിനു വീണ്ടും നടക്കും. അന്നേദിവസം നാലുപേരെയും ഹാജരാക്കാന്‍ സി.ബി.ഐയുടെ മുംബൈ സൂപ്രണ്ടിനു കോടതി നിര്‍ദേശം നല്കുകയുംചെയ്തു.
അതേസമയം, ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ ആരോപണവിധേയനായ ഈ കേസില്‍ രണ്ടുസാക്ഷികള്‍ കൂടി കൂറുമാറി. കൊല്ലപ്പെടുന്നതിനു മുമ്പ് പ്രജാപതി തടവില്‍ കഴിഞ്ഞിരുന്ന ഉദയ്പൂര്‍ ജയില്‍ എസ്.ഐ ആണ് കൂറുമാറിയവരില്‍ ഒരാള്‍.
കൊല്ലപ്പെടുന്നതിന്റെ തലേദിവസം ഉദയ്പൂരില്‍ നിന്ന് പ്രജാപതിയെ അഹമ്മദാബാദിലേക്കു കൊണ്ടുപോവുമ്പോള്‍ അദ്ദേഹത്തിന്റെ സുരക്ഷാസംഘത്തില്‍ താന്‍ വേണ്ടെന്ന് അറിയിച്ച് അന്നത്തെ ജില്ലാ പൊലിസ് മേധാവി വിളിച്ചതായി നേരത്തെ ജയില്‍ എസ്.ഐ മൊഴിനല്‍കിയിരുന്നു.
എന്നാല്‍, ഈ മൊഴിയില്‍ ഉറച്ചുനില്ക്കാതിരുന്നതോടെ അദ്ദേഹത്തെ കൂറുമാറിയതായി പ്രഖ്യാപിക്കുകയായിരുന്നു. 90 സാക്ഷികളുള്ള ഈ കേസില്‍ ഇതിനകം പ്രധാനസാക്ഷികളുള്പ്പെടെ 61 പേരാണ് കൂറുമാറിയത്. കഴിഞ്ഞദിവസം കൂറുമാറിയ രണ്ടാമത്തെ സാക്ഷിയും പൊലിസ് ഉദ്യോഗസ്ഥനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."