എസ്.ഐ രാജന് സഹായവുമായി പൊലിസ് വെല്‍ഫെയര്‍ ബ്യൂറോ
തളിപ്പറമ്പ്: മണല്‍കടത്ത് തടയുന്നതിനിടെ മണല്‍ മാഫിയയുടെ അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പരിയാരം പൊലിസ് സ്റ്റേഷനിലെ എസ്.ഐ എം.എ രാജന് സഹായവുമായി പൊലിസ് വെല്‍ഫെയര്‍ ബ്യൂറോ. ചികിത്സാ ചെലവ് മുഴുവവനായി സര്‍ക്കാറും പൊലിസും വഹിക്കുന്നതിന്റെ മുന്നോടിയായി പൊലിസ് വെല്‍ഫെയര്‍ ബ്യൂറോയില്‍ നിന്ന് അടിയന്തിരമായി ഒരു ലക്ഷം രൂപ അനുവദിച്ചു.
2015 മെയ് 16ന് പുലര്‍ച്ചെയായിരുന്നു എസ്.ഐ രാജനെ മണല്‍ മാഫിയ ആക്രമിച്ചത്. പരിയാരം പഞ്ചായത്തിലെ തിരുവട്ടൂര്‍ പാറോളി കടവില്‍ മണല്‍ കടത്തുകാരെ പിടിക്കാന്‍ ബൈക്കില്‍ എത്തിയ രാജന് മണല്‍ ലോറിയുമായി രക്ഷപ്പെടാന്‍ ശ്രമിച്ചവരെ പിന്തുടരുകയും ലോറിയില്‍ ചാടിക്കയറുകയും ചെയ്തു.
മണല്‍കടത്ത് സംഘം രാജനെ ഇരുമ്പ് വടി കൊണ്ട് തലക്കടിച്ച് മരിച്ചെന്ന് കരുതി റോഡരികില്‍ തള്ളുകയായിരുന്നു. രാജന്റ കൂടെയുണ്ടായിരുന്ന പൊലിസുകാരന് വിവരമറിയിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ പൊലിസെത്തിയാണ് അബോധാവസ്ഥയിലായിരുന്ന രാജനെ ആശുപത്രിയിലെത്തിച്ചത്.
ആക്രമണത്തില്‍ ഒരു കണ്ണിന്റെ കാഴ്ചയും സംസാരശേഷിയും നഷ്ടപ്പെട്ടു. ഇപ്പോള്‍ ട്യൂബിലൂടെ ദ്രവരൂപത്തിലാണ് ഭക്ഷണം നല്‍കുന്നത്. ഈ മാസം 31 ന് രാജന് സര്‍വിസില്‍ നിന്ന് വിരമിക്കുകയാണ്. വിരമിച്ചതിന് ശേഷം ഇപ്പോള്‍ ലഭിക്കുന്ന പരിഗണനയും സഹായവും ലഭിക്കുമോ എന്നുള്ള ആശങ്കയിലിരിക്കെയാണ് സഹായ വാഗ്ദാനവുമായി ഡി.ജി.പി ലോക്നാഥ് ബെഹറ രംഗത്തുവന്നത്.
നിലവില്‍ 13,24,536 രൂപ ചികിത്സക്കായി നല്‍കിയിട്ടുണ്ട്. സര്‍ക്കാറിലേക്ക് അയച്ച ബാക്കിയുള്ള 1,66,431 രൂപയുടെ ബില്ലുകള്‍ എത്രയും പെട്ടെന്ന് പാസാക്കുന്നതിന് ഒരു ലെയിസണ്‍ ഓഫിസറെ നിയോഗിച്ചിട്ടുണ്ട്.
പൊലിസ് വെല്‍ഫെയര്‍ ബ്യൂറോയില്‍നിന്ന് മൂന്ന് ലക്ഷംരൂപ ഗ്രാന്റായും ഒരു ലക്ഷം രൂപ ലോണായും നല്‍കിയതിന് പുറമെയാണ് ഇപ്പോള്‍ ഒരുലക്ഷം കൂടി അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."