ബി.ജെ.പിയുടെത് അധികാരം കൈയടക്കാനുള്ള ഭ്രാന്തന്‍ നടപടികള്‍: വി.എസ്
ചെങ്ങന്നൂര്‍ : നിയമസംവിധാനങ്ങളെയും രാഷ്ട്രീയ ധാര്‍മികതയെയും പിച്ചിച്ചീന്തി അധികാരം കൈയടക്കാനുള്ള ഭ്രാന്തന്‍ നടപടികളാണ് ബിജെപി സ്വീകരിക്കുന്നതെന്ന് ഭരണപരിഷ്‌കാര കമീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. ജനാധിപത്യം നിലവിലുള്ള ഒരു രാജ്യത്തും നടക്കാത്ത വൃത്തികേടാണ് മോദിയും കൂട്ടരും കര്‍ണാടകയില്‍ പരീക്ഷിച്ചത്.
ഗവര്‍ണറെപ്പോലും നോക്കുകുത്തിയാക്കി അധികാരം പിടിച്ചെടുക്കാനുള്ള കുത്സിത നീക്കങ്ങളെ ജനാധിപത്യ മതനിരപേക്ഷ കക്ഷികള്‍ ഒരുമിച്ചുനിന്ന് പരാജയപ്പെടുത്തുകയായിരുന്നു. ഇതോടെ ബിജെപിയുടെ രാഷ്ട്രീയ കള്ളക്കളിയുടെ പൊറാട്ടു നാടകങ്ങളെ ജനങ്ങള്‍ ചവറ്റുകുട്ടയില്‍ എറിഞ്ഞുകഴിഞ്ഞു. തെക്കേയിന്ത്യയിലേക്ക് കടക്കാമെന്ന ബിജെപിയുടെ ആഗ്രഹം മലര്‍പ്പൊടിക്കാരന്റെ സ്വപ്നമാണ്. മതനിരപേക്ഷ ശക്തികള്‍ കൂടുതല്‍ യോജിപ്പോടെ പോരാടിയാല്‍ ബിജെപിയുടെ കെട്ടിപ്പൊക്കിയ കോട്ടകളൊക്കെ ചീട്ടുകൊട്ടാരം പോലെ നിലംപതിക്കുമെന്നതാണ് കര്‍ണാടകത്തിലെ സംഭവങ്ങള്‍ തെളിയിക്കുന്നത്.
ഇതിനെല്ലാം വല്ല മറുപടിയും ഇവിടുത്തെ ബിജെപി സ്ഥാനാര്‍ഥിക്കുണ്ടോയെന്നും വി എസ് ചോദിച്ചു. എന്നാലും അവര്‍ കേന്ദ്രഭരണത്തിന്റെ അധികാരവും ശക്തിയും ഉപയോഗിച്ച് ഇവിടെ എന്തെങ്കിലും ചെയ്യാനാകുമോയെന്ന് അവര്‍ വെറുതേ ചിന്തിക്കുകയാണ്. ഒരിക്കലും നടക്കാത്ത സ്വപ്നങ്ങള്‍ എന്ന സിനിമാ ഡയലോഗാണ് അവരെ ഓര്‍മപ്പെടുത്താനുള്ളത്. ഇഎംഎസ് സര്‍ക്കാര്‍ മുതലുള്ള ഇടതുപക്ഷ സര്‍ക്കാരുകള്‍ തുടങ്ങിവച്ച വികസനപദ്ധതികളിലെ പോരായ്മകള്‍ പരിഹരിച്ച് നവകേരളം കെട്ടിപ്പടുക്കാനുള്ള നടപടികളുമായാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.
ഭൂരഹിതര്‍ക്ക് ഭൂമി, കൃഷി, തൊഴില്‍, വിദ്യാഭ്യാസം, പരിസ്ഥിതി, ആരോഗ്യം, വ്യവസായം തുടങ്ങി സമസ്ത മേഖലയിലും നവീന പദ്ധതികളുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നേറുകയാണ്. 1957ലെ ഭൂപരിഷ്‌കരണ നടപടികളുടെ തുടര്‍ച്ച എന്ന നിലയിലാണ് ഭവനരഹിതരില്ലാത്ത കേരളം എന്ന പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. എല്‍ഡിഎഫിനെ എങ്ങനെയെങ്കിലും ക്ഷീണിപ്പിക്കാനുള്ള തത്രപ്പാടിലാണ് കോണ്‍ഗ്രസും ബിജെപിയും. അതിനായി കള്ളപ്രചാരണം നടത്തുന്നു. എന്നാല്‍ പാണ്ടന്‍ നായുടെ പല്ലിനു ശൗര്യം പണ്ടേപോലെ ഫലിക്കുന്നില്ല' എന്ന മട്ടിലാണ് കാര്യങ്ങളുടെ കിടപ്പെന്നും അദ്ദേഹം പരിഹസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."