ആശീര്‍വാദം തേടി കുഞ്ഞാലിക്കുട്ടി
മലപ്പുറം: യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടി ഇന്നലെ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലും പുത്തനങ്ങാടി ശുഹദാ ജാറം മഖാമിലും ഫാത്തിമമാത ഫൊറോന പള്ളിയിലും സന്ദര്‍ശനം നടത്തി.
ക്ഷേത്രത്തില്‍ രാവിലെ 11.30ഓടെയാണ് എത്തിയത്. പിന്നീട് ക്ഷേത്രം ഭാരവാഹികളുടെ വസതിയും ഓഫിസും സന്ദര്‍ശിച്ചു. ട്രസ്റ്റി ഇന്‍ ചാര്‍ജ് എ.സി വേണുഗോപാലരാജയുടെ വസതിയിലാണ് ആദ്യമെത്തിയത്. തുടര്‍ന്നു ക്ഷേത്ര സന്നിധിയിലെത്തി മാനേജര്‍ സി. സുരേന്ദ്രകുറുപ്പിനെ കണ്ടു. ശേഷം സ്വാതന്ത്ര്യ സമരസേനാനി എം.പി നാരായണ മേനോന്റെ വസതിയിലുമെത്തി.
നാരായണ മേനോന്റെ സഹോദരപുത്രി മാലിനി ടീച്ചറെകണ്ട് അനുഗ്രഹം വാങ്ങി.
12.30ന് ചര്‍ച്ചിലെത്തിയ അദ്ദേഹം വികാരി ഡോ. ജേക്കബ് കുത്തൂരുമായി കൂടിക്കാഴ്ച നടത്തി. പിന്നീട് പെരിയാപുരം എസ്.എച്ച് കോണ്‍വെന്റിലുമെത്തി.
പുത്തനങ്ങാടി ശുഹദാ ജാറത്തില്‍ ഉച്ചയ്ക്ക് ഒന്നോടെയാണ് കുഞ്ഞാലിക്കുട്ടിയെത്തിയത്. പള്ളിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളെ കണ്ട് കുശലാന്വേഷണം നടത്തിയ ശേഷമാണ് മലപ്പുറത്തേക്ക് തിരിച്ചത്.
പി.വി അബ്ദുല്‍ വഹാബ് എം.പി, ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ, പി. രാധാകൃഷ്ണന് മാസ്റ്റര്‍, ഉമര്‍ അറക്കല്‍ പങ്കെടുത്തു. രാവിലെ 10.30ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളുടെ വസതിസന്ദര്ശിച്ച ശേഷമാണ് കുഞ്ഞാലിക്കുട്ടി പ്രചരണത്തിനിറങ്ങിയത്. മലപ്പുറത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി. മങ്കട, കൊണ്ടോട്ടി, വേങ്ങര, മലപ്പുറം നിയോജക മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്തു.
ഇന്നു രാവിലെ പെരിന്തല്‍മണ്ണ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും. വൈകിട്ട് പെരിന്തല്‍മണ്ണ, മഞ്ചേരി, വള്ളിക്കുന്ന് മണ്ഡലം കണ്‍വന്‍ഷനുകളിലും പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."