കര്‍ണാടക രാഷ്ട്രീയത്തിലെ നിലപാട് കോണ്‍ഗ്രസ് ദേശീയതലത്തില്‍ തുടരണം
ഇന്ന് വൈകീട്ട് 4.30ന് എച്ച്.ഡി കുമാരസ്വാമിയുടെ നേതൃത്വത്തില്‍ കര്‍ണാടകയില്‍ പുതിയ ഭരണകൂടം നിലവില്‍ വരികയാണ്. തെരഞ്ഞെടുപ്പിന് ശേഷം നടന്ന രാഷ്ട്രീയ വടംവലിക്ക് ശേഷം കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ സര്‍ക്കാര്‍ സുസ്ഥിരമായൊരു ഭരണം കാഴ്ചവയ്ക്കുമെന്നാണ് രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികള്‍ പ്രതീക്ഷിക്കുന്നത്. അതിനിടയില്‍ കുമാരസ്വാമി അഞ്ച് വര്‍ഷം ഭരിക്കുമെന്നതിന് ഉറപ്പില്ല എന്ന തരത്തില്‍ കോണ്‍ഗ്രസില്‍ നിന്നുണ്ടാകുന്ന പ്രതികരണങ്ങള്‍ ഒട്ടും ആശാസ്യമല്ല.
രാജ്യത്ത് വരാന്‍ പോകുന്ന പ്രതിപക്ഷ ഐക്യനിരയുടെ നാന്ദിയായിട്ടുവേണം ഈ മന്ത്രിസഭയെ വിലയിരുത്താന്‍. തെരഞ്ഞെടുപ്പിന് മുമ്പ് ബദ്ധവൈരികളായിരുന്ന രണ്ട് രാഷ്ട്രീയപ്പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിന് ശേഷം സഖ്യത്തിലാവുന്നത് രാജ്യം ഫാസിസ്റ്റ് പിടിയില്‍ അമരുന്നുവെന്ന തിരിച്ചറിവില്‍ നിന്നാണ്.
ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന് വൈകിയുദിച്ച ഈ വിവേകമാണ് ദക്ഷിണേന്ത്യയില്‍ കടന്നുകയറാനുള്ള ബി.ജെ.പിയുടെ ശ്രമം ഇല്ലാതാക്കിയത്. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ കോണ്‍ഗ്രസ്-ജനതാദള്‍ എസ്. സഖ്യം ഉണ്ടായിരുന്നുവെങ്കില്‍ ബി.ജെ.പിയെ കര്‍ണാടക രാഷ്ട്രീയത്തില്‍ നിന്ന് തന്നെ തുടച്ചുനീക്കാമായിരുന്നു. ഈ ഭരണം അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുക എന്ന ബാധ്യത അതിനാല്‍ തന്നെ കോണ്‍ഗ്രസിനാണ്.
പഴയകാല പ്രതാപത്തിന്റെ നിഴല്‍ മാത്രമാണിന്ന് കോണ്‍ഗ്രസ് എന്ന യാഥാര്‍ഥ്യം മനസ്സിലാക്കി വര്‍ത്തമാനകാല രാഷ്ട്രീയത്തെ ഉള്‍ക്കൊണ്ട് സംസ്ഥാന തലങ്ങളില്‍ വല്യേട്ടന്‍ മനോഭാവം ഒഴിവാക്കി നീക്ക്‌പോക്ക് നടത്തിയാല്‍ മാത്രമേ ദേശീയതലത്തില്‍ കോണ്‍ഗ്രസിന് തിരിച്ചു വരവ് സാധ്യമാകൂ.
ഇന്നത്തെ അവസ്ഥയില്‍ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം കര്‍ണാടക ഭരണമല്ല പ്രധാനം. കര്‍ണാടകയില്‍ ബി.ജെ.പിയെ മാറ്റിനിര്‍ത്താന്‍ കഴിഞ്ഞു എന്നത് വലിയ വിജയമാണ്. 2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള നിലമൊരുക്കല്‍ മാത്രമായിരിക്കണം കര്‍ണാടക തെരഞ്ഞെടുപ്പിനെയും വരാനിരിക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറാം നിയമസഭാ തെരഞ്ഞെടുപ്പുകളെയും കോണ്‍ഗ്രസ് കാണാന്‍. ഇവിടങ്ങളിലെ പ്രാദേശിക പാര്‍ട്ടികളുടെ ശക്തി കോണ്‍ഗ്രസ് അംഗീകരിക്കുക തന്നെ വേണം. കഴിയുന്നത്ര വിട്ടുവീഴ്ചകള്‍ ചെയ്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സഖ്യം ഉറപ്പിക്കുക എന്നതായിരിക്കണം കോണ്‍ഗ്രസിന്റെ ഇവിടങ്ങളിലെ ദൗത്യം.
സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് കുറ്റിയറ്റുപോയിട്ടില്ല. സംസ്ഥാനങ്ങളിലെ പ്രാദേശിക കക്ഷികളുടെ സഹായത്താല്‍ മാത്രമേ ലോക്‌സഭയില്‍ കോണ്‍ഗ്രസിന് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനെങ്കിലും കഴിയൂ. ഇന്ത്യയുടെ മഹത്തായ സംസ്‌കാര പാരമ്പര്യം തന്നെയാണ് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെയും സംസ്‌കാരം. നാനാജാതി മതസ്ഥരെയും സംസ്‌കാരങ്ങളെയും വികാര വിചാരങ്ങളെയും ഉള്‍കൊള്ളാന്‍ മാത്രം മഹിതമായൊരു പാരമ്പര്യം ഇന്ത്യക്കുണ്ട്. അതേ പാരമ്പര്യം കോണ്‍ഗ്രസിനുമുണ്ട്. നാനാജാതി മത വിഭാഗങ്ങളെയും അവര്‍ണനെയും സവര്‍ണനെയും ഉള്‍ക്കൊണ്ട് മതേതര ജനാധിപത്യ സംസ്‌കാരത്തില്‍ ഊട്ടിയുറപ്പിക്കപ്പെട്ടതാണ് കോണ്‍ഗ്രസ്. ഏതെങ്കിലും ഒരു മത വിഭാഗത്തെ ശത്രുപക്ഷത്ത് നിര്‍ത്തി അവരെ കൊല്ലുന്ന പ്രവണത ഫാസിസ്റ്റ് സംഘടനയായ ബി.ജെ.പിക്കുള്ളതു പോലുള്ള ചരിത്രം കോണ്‍ഗ്രസിനില്ല.
അതിനാല്‍ തന്നെ ബി.ജെ.പി തീവ്ര ഹിന്ദുത്വം പ്രചരിപ്പിക്കുമ്പോള്‍ അതിന് ബദലായി മൃദു ഹിന്ദുത്വമല്ല കോണ്‍ഗ്രസില്‍ നിന്നുണ്ടാകേണ്ടത്. രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും ജാതിമത ഭേദമന്യേ മതേതര ജനാധിപത്യത്തില്‍ അടിയുറച്ച് നില്‍ക്കുന്നവരാണെന്ന യാഥാര്‍ഥ്യം കോണ്‍ഗ്രസ് ഉള്‍കൊള്ളണം. ബി.ജെ.പി ക്ഷേത്രങ്ങള്‍ കയറിയിറങ്ങുന്നതിനെ അനുകരിക്കേണ്ടവരല്ല കോണ്‍ഗ്രസ് നേതൃത്വം.
മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് മന്ത്രിസഭ ജനോപകാരപ്രദമായ ഭരണമാണ് കാഴ്ചവച്ചത്. അഞ്ചു രൂപ കൊടുത്താല്‍ ഉച്ച ഭക്ഷണം ലഭിക്കുന്ന കാന്റീനുകള്‍ വരെ അവിടെ ഉണ്ടായിരുന്നു. ഭരണനേട്ടം ഉയര്‍ത്തിക്കാട്ടിയല്ല കോണ്‍ഗ്രസ് പ്രചാരണം നടത്തിയത്. ലിംഗായത്ത്, വൊക്കാലിംഗ വിഭാഗങ്ങളില്‍ ജാതി വികാരം കുത്തിക്കയറ്റിയതിനാലാണ് അവിടെ പരാജയപ്പെട്ടത്.
വര്‍ത്തമാന കാല രാഷ്ട്രീയത്തില്‍ വിട്ടുവീഴ്ചകളില്ലാതെ ഇനി കോണ്‍ഗ്രസിന് മുന്നോട്ട് പോകാനാവില്ല. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് അത്തരമൊരു രാഷ്ട്രീയ വിചാരത്തിന്റെ തുടക്കമാകണം ഇന്ന് അധികാരമേല്‍ക്കുന്ന കോണ്‍ഗ്രസ്-ജനതാദള്‍ എസ്. സഖ്യ ഭരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."