പുരോഹിതന്റെ എതിര്‍പ്പ് തെരഞ്ഞെടുപ്പില്‍ അനുഗ്രഹമായി: അഡ്വ. എന്‍. ശംസുദ്ദീന്‍ എം.എല്‍.എ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു പുരോഹിതന്‍ ഇടതുമുന്നണിക്കൊപ്പം നിന്ന് തന്നെ എതിര്‍ത്തത് അനുഗ്രഹമായെന്ന് മുസ്്‌ലിം ലീഗ് അംഗം എന്‍. ശംസുദ്ദീന്‍ നിയമസഭയില്‍ പറഞ്ഞു.
ഉര്‍വശീശാപം ഉപകാരം എന്നു പറയുന്നതുപോലെയാണ് പുരോഹിതന്റെ എതിര്‍പ്പ് തനിക്കു പ്രയോജനപ്പെട്ടതെന്ന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ ശംസുദ്ദീന്‍ പറഞ്ഞു. അദ്ദേഹം എതിര്‍ത്തു എന്ന കാരണത്താല്‍ ഇടതുപക്ഷക്കാര്‍ പോലും തനിക്കു വോട്ട് ചെയ്തു. ശുദ്ധ മതേതര വോട്ടുകള്‍ നേടിയാണ് താന്‍ ജയിച്ചത്. കേരളത്തില്‍ ആര്‍.എസ്.എസ് ഭീതിപടര്‍ത്തി വോട്ടു പിടിച്ച ഇടതുപക്ഷം ബിഹാറില്‍ മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ച് സംഘ്പരിവാറിനെ സഹായിക്കുകയാണ് ചെയ്തത്.
യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയം കാരണം കേരളീയ സമൂഹത്തില്‍ സമാധാനമുണ്ടായി. മദ്യമാഫിയയ്ക്കു വേണ്ടി അതു മാറ്റാനാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മദ്യമാഫിയയുമായി സര്‍ക്കാര്‍ രഹസ്യധാരണയിലാണ്. ജനകീയാസൂത്രണം വീണ്ടും കൊണ്ടുവരുമെന്ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നുണ്ട്. 20 വര്‍ഷം മുമ്പ് അതു കേരളത്തിന് ഉചിതമായിരുന്നിരിക്കാം. എന്നാല്‍ അധികാര വികേന്ദ്രീകരണം ഏറെ മുന്നോട്ടുപോയ ഇന്നത്തെ സാഹചര്യത്തില്‍ അത് ഗുണകരമാവാനിടയില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."