കൈവരി തകര്‍ന്ന് കാട്ടാമ്പള്ളി പാലം
കാട്ടാമ്പള്ളി: അരനൂറ്റാണ്ട് പഴക്കമുള്ള കാട്ടാമ്പള്ളി പാലത്തിന്റെ കൈവരികള്‍ തകര്‍ന്ന് അപകടാവസ്ഥയില്‍. കാലപ്പഴക്കത്താലും വാഹനങ്ങള്‍ തട്ടിയും പാലത്തിന്റെ ഇരുവശത്തുള്ള കൈവരികളും തകര്‍ന്നിട്ടുണ്ട്. ഇഷ്ടികകള്‍ കൊണ്ട് നിര്‍മിച്ച കൈവരിയുടെ സിമന്റ് അടര്‍ന്ന് വീണ് ഇഷ്ടികയും കോണ്‍ക്രീറ്റിന്റെ കമ്പികളും പുറത്ത് കാണുന്ന നിലയിലാണ്. ഏത് സമയവും കൈവരി പൂര്‍ണമായും അടര്‍ന്നുവീഴുമെന്നതിനാല്‍ ഇതിലൂടെയുള്ള യാത്ര അപകടകരമായി മാറിയിരിക്കുകയാണ്. 1963 ല്‍ ഐക്യകേരളത്തിന്റെ ആദ്യ മന്ത്രിസഭയാണ് വളപട്ടണം പുഴയ്ക്കു കുറുകെ കാട്ടാമ്പള്ളി റഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതി നടപ്പാക്കിയത്.
കാട്ടാമ്പള്ളി പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച കാട്ടാമ്പള്ളി പാലം നാറാത്ത്, കൊളച്ചേരി, മയ്യില്‍, കുറ്റിയാട്ടൂര്‍, പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് ജില്ലാ ആസ്ഥാനമായ കണ്ണൂര്‍ നഗരവുമായി ബന്ധപ്പെടാനുള്ള എളുപ്പവഴിയായി മാറി. അതിന് മുമ്പ് വളപട്ടണം, ഇരിക്കൂര്‍ എന്നീ പ്രദേശങ്ങളെയാണ് എല്ലാ വിധ ആവശ്യങ്ങള്‍ക്കും ഇവിടെയുള്ള ജനങ്ങള്‍ ആശ്രയിച്ചിരുന്നത്. കടത്തുതോണിയും ബോട്ടുമായിരുന്നു പാലം വരുന്നതിനു മുമ്പ് അക്കാലത്തെ പ്രധാന ഗതാഗതമാര്‍ഗം. അടുത്തയിടെ വളപട്ടണം പാലത്തിന്റെ അറ്റകുറ്റപ്പണിയുടെ ഭാഗമായി വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയപ്പോള്‍ കണ്ണൂരില്‍നിന്ന് കാസര്‍കോട് ഭാഗത്തേക്കുള്‍പ്പെടെ ദിവസേന ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നു പോയത് കാട്ടാമ്പള്ളി പാലം വഴിയാണ്. കണ്ണാടിപ്പറമ്പ്, നെല്ലിക്കപ്പാലം, ചെക്കിക്കുളം, മയ്യില്‍, അരിമ്പ്ര, മുല്ലക്കൊടി എന്നീ ഭാഗങ്ങളിലേക്കായി നിരവധി ദിവസേന നൂറുകണക്കിന് ബസുകളും ഇതുവഴി കടന്നുപോകുന്നുണ്ട്. പാലം കൂടുതല്‍ അപകടത്തിലാകുന്നതിനു മുമ്പ് അധികൃതര്‍ അറ്റകുറ്റപ്പണി നടത്തണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."