ദേശീയ പാതയ്ക്ക് സ്ഥലം ഏറ്റെടുക്കല്‍ ഭൂവുടമകളുമായിട്ടുള്ള കൂടിക്കാഴ്ച തുടങ്ങി
ഹരിപ്പാട്: ദേശീയ പാതയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഭൂവുടമകളുമായിട്ടുള്ള കൂടിക്കാഴ്ച തുടങ്ങി.ഹരിപ്പാട് എഴിയ്ക്കകത്ത് ജങ്ഷന് തെക്ക് ഭാഗത്തുള്ള ദേശീയപാത വിഭാഗം സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ ഓഫീസിലാണ് കൂടിക്കാഴ്ച നടക്കുന്നത്.കാര്‍ത്തികപ്പള്ളി താലൂക്ക് പരിധിയില്‍ ഏറ്റെടുക്കുന്ന ഭൂമിയുടെ ഉടമകളുടെ പരാതിയാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. സ്ഥലമെടുപ്പ് വിജ്ഞാപനം വന്ന ശേഷം രേഖാമൂലം പരാതി നല്‍കിയവരെയാണ് വിളിച്ചിരിക്കുന്നത്.ദേശീയപാത സ്ഥലമെടുപ്പ് വിഭാഗം സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ ജാന്‍സി ഡാനിയേലിന്റെ മേല്‍നോട്ടത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്.ഇന്നലെ 99 പേരുടെ പരാതികള്‍ കേട്ടു .
കായംകുളം, ഹരിപ്പാട്, കാര്‍ത്തികപ്പള്ളി എന്നിവിടങ്ങളിലുള്ളവരുടെ പരാതികളാണ് കേട്ടത്. കായംകുളത്ത് നിന്നെത്തിയവരില്‍ കുറേ പേര്‍ നഷ്ടപരിഹാര തോത് ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കി.ആദ്യ ദിവസമായ തിങ്കളാഴ്ച 58 പേരുടെ പരാതികളാണ് പരിഗണിച്ചത്. ഒരു കാരണവശാലും സ്ഥലം വിട്ടുകൊടുക്കുകയില്ലെന്ന് വാദിച്ചവരുമുണ്ട്. മെച്ചപ്പെട്ട വില ലഭിക്കണമെന്നും ഏറ്റെടുക്കുന്നതിന്റെ ബാക്കി സ്ഥലത്ത് വീട് വയ്ക്കുവാന്‍ അനുമതി വേണമെന്നാവശ്യപ്പെട്ടവരുമുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം പുറപ്പെടുവിച്ചുകഴിഞ്ഞാല്‍ നടപടികളുമായി മുന്നോട്ടു പോകേണ്ടി വരുമെന്ന് ഉദ്യോഗസ്ഥര്‍ പരാതിക്കാരെ ബോധ്യപ്പെടുത്തുന്നുണ്ട്.പുനരധിവാസം, പുതിയ നിയമ പ്രകാരമുള്ള നഷ്ടപരിഹാരം ഇവയൊക്കെ സാധ്യമാണ്. പുനരധിവാസത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. സ്ഥലമേറ്റെടുക്കുന്നതിന്റെ മുന്‍പു തന്നെ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലെ ഭൂവുടമകളുമായിട്ടുള്ള കൂടിക്കാഴ്ച ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. 24, 25 ,27,28, 30, 31 തീയതികളിലും പരാതികള്‍ കേള്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."