കുമ്പളങ്ങി കല്ലഞ്ചേരി കായലിലെ എക്കല്‍ മത്സ്യബന്ധനത്തിന് തടസമാകുന്നു
പള്ളുരുത്തി: എക്കല്‍ അടിഞ്ഞ് കൂടിയതിനെ തുടര്‍ന്ന് കുമ്പളങ്ങി കല്ലഞ്ചേരി കായലില്‍ മത്സ്യബന്ധനം അപ്രാപ്യമായി. ഇതുമൂലം മാനാശ്ശേരി മുതല്‍ അന്ധകാരനഴി വരെയും കോണം മുതല്‍ കുമ്പളങ്ങി തെക്കേയറ്റം വരെയുള്ള അയ്യായിരത്തോളം മത്സ്യത്തൊഴിലാളികളാണ് ദുരിതത്തിലായിരിക്കുന്നത്. നിത്യ ചിലവിന് പോലും വക ലഭിക്കാതെ തൊഴിലാളികള്‍ നട്ടം തിരിയുന്ന സാഹചര്യമാണുള്ളത്.
കായലിന്റെ മുക്കാല്‍ ശതമാനവും എക്കല്‍ അടിഞ്ഞ് കൂടിയ അവസ്ഥയിലാണ്. മത്സ്യ ലഭ്യത കുറഞ്ഞുവെന്ന് മാത്രമല്ല പ്രജനനവും ഇല്ലാതായി കൊണ്ടിരിക്കുകയാണ്. നേരത്തേ ഏഴര മീറ്റര്‍ ആഴമുണ്ടായിരുന്ന കായല്‍ ഇപ്പോള്‍ ചിലഭാഗത്ത ഒന്നര മീറ്ററും മറ്റ് ചില ഭാഗത്ത് രണ്ടര മീറ്റര്‍ ആഴവുമായി കുറഞ്ഞു. ദിവസം നാല് ടണ്‍ വരെ നാരന്‍ ചെമ്മീനും അഞ്ച് ടണ്‍ വരെ തെള്ളി ചെമ്മീനും ലഭിച്ചിരുന്ന കായലില്‍ ഇപ്പോള്‍ ഇവ പേരിന് മാത്രമാണ് ലഭിക്കുന്നത്.
എക്കല്‍ അടിഞ്ഞത് മൂലം മീന്‍ പേന്‍ എന്ന ജീവിയുടെ ശല്യവും രൂക്ഷമാണ്.
വലയില്‍ കുടുങ്ങുന്ന മീനുകളെ വരെ ഈ ജീവി വകവരുത്തുകയാണെന്നാണ് മത്സ്യതൊഴിലാളികള്‍ പറയുന്നത്. കായലില്‍ വേലിയേറ്റ സമയത്ത് പോലും വഞ്ചി ഇറക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. കടലില്‍ മത്സ്യ വറുതിയുണ്ടാകുമ്പോള്‍ പരമ്പരാഗത വിഭാഗത്തിന് പുറമേയുള്ളവരും കായലിനേയാണ് ആശ്രയിക്കുന്നത്.
പല കമ്പ വലകളും മണല്‍തിട്ടയില്‍ തട്ടി നശിഞ്ഞ സ്ഥിതിയിലാണ്. പല കുടുംബങ്ങളും കടക്കെണിയിലാണെന്നും തൊഴിലാളികള്‍ പറയുന്നു. കായല്‍ ഡ്രഡ്ജ് ചെയ്യുക മാത്രമാണ് ഇതിനുള്ള ഏക പോംവഴി. ഡ്രഡ്ജ് ചെയ്യുവാനുള്ള നടപടി അധികൃതര്‍ സ്വീകരിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ശനിയാഴ്ച കല്ലഞ്ചേരി കായല്‍ മത്സ്യതൊഴിലാളി മഹാസമ്മേളനം നടത്തുവാനുള്ള തീരുമാനത്തിലാണ് തൊഴിലാളികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."