സാമ്പത്തിക പ്രതിസന്ധിയില്‍ വലഞ്ഞ് കോണ്‍ഗ്രസ് നേതൃത്വം
ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി കോണ്‍ഗ്രസിനെ പ്രയാസപ്പെടുത്തുന്നുവെന്ന് വിവരം. സാമ്പത്തിക സ്ഥിതിയില്‍ ഏറ്റവും മെച്ചപ്പെട്ട നിലയിലുള്ള ബി.ജെ.പിയെ നേരിടുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നതെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വാര്‍ത്തകള്‍. സാമ്പത്തിക പ്രതിസന്ധികാരണം 2019ലെ പൊതുതെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് എങ്ങനെ അതിജീവിക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്.
സാമ്പത്തിക പരാധീനത കാരണം ഏതാനും മാസങ്ങളായി കീഴ്ഘടകങ്ങള്‍ക്കാവശ്യമായ ഫണ്ട് വിതരണം കോണ്‍ഗ്രസ് ദേശീയകമ്മിറ്റി നിര്‍ത്തിവച്ചിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലുള്ള ഓഫിസുകള്‍ നടത്താനും മറ്റുമുള്ള ചെലവിലേക്കുള്ള തുക അതതു സംസ്ഥാനങ്ങളില്‍ നിന്നുതന്നെ കണ്ടെത്തണമെന്ന നിര്‍ദേശമാണ് പാര്‍ട്ടി നല്‍കിയിരിക്കുന്നത്. മുഴുവന്‍സമയ പ്രവര്‍ത്തകര്‍ക്കുള്ള ആനുകൂല്യങ്ങള്‍ കുറച്ചേക്കുമെന്നാണ് സൂചന.
ബി.ജെ.പിയെ അപേക്ഷിച്ച് കോണ്‍ഗ്രസിനു രാജ്യത്തെ വ്യവസായികളില്‍ നിന്നുള്ള ഫണ്ടിങ് കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ താഴേത്തട്ടില്‍നിന്നു തന്നെ വിഭവങ്ങള്‍ ശേഖരിച്ചുള്ള സമാഹരണം വേണ്ടിവരുമെന്ന് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയാ പ്രചാരണത്തിനു നേതൃത്വം നല്‍കിയ ദിവ്യ സ്പന്ദന പറഞ്ഞു. സാധാരണക്കാരില്‍ നിന്ന് ഫണ്ട് ശേഖരിക്കുന്ന ആം ആദ്മി പാര്‍ട്ടി ശൈലി പിന്തുടരാനും കോണ്‍ഗ്രസില്‍ ആലോചനയുണ്ട്.
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വിഭവസമാഹരണത്തില്‍ ബി.ജെ.പിക്ക് 588 കോടി രൂപ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് 350 കോടിയാണ് ലഭിച്ചതെന്ന് അസോസിയേഷന്‍ ഫോര്‍ ഡമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട കണക്കില്‍ പറയുന്നു.
കോണ്‍ഗ്രസിന് 2017 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം 225 കോടി രൂപയാണ് സംഭാവനയായി ലഭിച്ചത്. ഇതാകട്ടെ അതിനു തൊട്ടുമുന്‍വര്‍ഷം ലഭിച്ചതിനെക്കാള്‍ 14 ശതമാനം കുറവാണ്. ഇക്കാലയളവില്‍ കോണ്‍ഗ്രസിനു ലഭിച്ചതിന്റെ നാലിരട്ടിയാണ് ബി.ജെ.പിക്കു കിട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."