നികുതി പിരിവ്: വെള്ളമുണ്ട പഞ്ചായത്തില്‍ പൊതുജനത്തിന് 'ക്യൂ' ദുരിതം
വെള്ളമുണ്ട: നികുതി അടക്കാന്‍ നോട്ടിസ് നല്‍കി വിളിച്ചുവരുത്തി ക്യൂവില്‍ നിര്‍ത്തി പീഡിപ്പിക്കുന്നതായി പരാതി. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലാണ് നികുതി പിരിവിന്റെ പേരില്‍ പൊതുജനത്തെ വരി നിര്‍ത്തി പ്രയാസപ്പെടുത്തുന്നത്.
മറ്റെല്ലാ ഗ്രാമ പഞ്ചായത്തുകളും നികുതി സ്വീകരിക്കാനായി ക്യാംപുകള്‍ സംഘടിപ്പിക്കുമ്പോള്‍ വെള്ളമുണ്ട പഞ്ചായത്തില്‍ നികുതി അടക്കാന്‍ പൊതുജനം പെടാപാട് പെടുകയാണ്. 2013-14 മുതലുള്ള കെട്ടിട നികുതികളടക്കാനാണ് പഞ്ചായത്ത് പൊതുജനങ്ങളെ വട്ടം കറക്കുന്നത്. കാര്യക്ഷമമല്ലാത്ത ഫ്രണ്ട് ഓഫിസ് സൗകര്യവും ഉത്തവാദിത്തമില്ലാത്ത ജീവനക്കാരുമാണ് പഞ്ചായത്തിലെത്തുന്ന സാധാരണക്കാരനെ വലക്കുന്നത്.
വീടുകള്‍ക്ക് പലപ്പോഴായി ഇട്ട പുതിയതും പഴയതുമായ വീട്ടു നമ്പറുകള്‍, മുന്‍കാലങ്ങളില്‍ നികുതി അടച്ച രശീതികള്‍, വീടിന്റെ അയല്‍ക്കാരുടെ പേരുകള്‍ എന്നിവ തുടര്‍ച്ചയായി നികുതിയടക്കുന്നവരില്‍ നിന്ന് പോലും ജീവനക്കാര്‍ ആവശ്യപ്പെടുകയാണ്.
ഇത്തരത്തില്‍ ദിവസങ്ങളോളം ഓഫിസ് കയറിയിറങ്ങിയാണ് പലരും നികുതിയടച്ചത്. എന്നാല്‍ അത്തരത്തില്‍ നികുതി അടച്ചവര്‍ക്കും തീരെ അടക്കാത്തവര്‍ക്കുമെല്ലാം ഇപ്പോള്‍ പഞ്ചായത്ത് സെക്രട്ടറി വീണ്ടും നികുതിയടക്കാനാവശ്യപ്പെട്ട് ഡിമാന്റ് നോട്ടീസുകള്‍ അയച്ചിട്ടുണ്ട്. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം നോട്ടീസില്‍ ആവശ്യപ്പെട്ട നികുതി അടക്കുകയോ അടക്കാത്തതിന് വ്യക്തമായ കാരണം സെക്രട്ടറി മുന്‍പാകെ ബോധ്യപ്പെടുത്താതിരിക്കുകയോ ചെയ്താല്‍ ജപ്തി നടപടികളും പ്രോസിക്യൂഷന്‍ നടപടികളും കൈകൊള്ളുമെന്നാണ് നോട്ടീസില്‍ കാണിച്ചിരിക്കുന്നത്.
നികുതിയടച്ചവര്‍ പോലും അടച്ച രേഖകളുമായി പഞ്ചായത്തിലെത്തി നീണ്ട ക്യൂവില്‍ നിന്നു നികുതിയടച്ച രേഖകള്‍ കാണിച്ച് തൃപ്തിപ്പെടുത്തേണ്ട ദുരവസ്ഥയാണ് നിലവിലുള്ളത്. ഇതിനായി രാവിലെയെത്തുന്നവര്‍ വൈകുന്നേരം വരെ പഞ്ചായത്ത് ഓഫിസില്‍ കാത്തിരിക്കണം.
അടച്ച തുകയും നോട്ടീസില്‍ അടക്കാന്‍ ആവശ്യപ്പെട്ട തുകയും തമ്മില്‍ വലിയ വിത്യാസങ്ങളുള്ളതായും പരാതിയുണ്ട്. കംപ്യൂട്ടര്‍ വല്‍ക്കരണവുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് പഞ്ചായത്തിനെതിരെയുള്ളത്. നേരത്തെ അടച്ച നികുതികളെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇപ്പോഴും പൂര്‍ണമായും ഡാറ്റാ എന്‍ട്രി കഴിഞ്ഞിട്ടില്ലെന്നും ഇതുകാരണം പൊതുജനം കഷ്ടപ്പെടുകയാണെന്നുമാണ് പരാതികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."