കാഞ്ഞിരത്തിനാല്‍ ഭൂമിപ്രശ്‌നം എം.എല്‍.എ വസ്തുതകള്‍ മറച്ചുവയ്ക്കുന്നെന്ന് സമരസഹായസമിതി
കല്‍പ്പറ്റ: കാഞ്ഞിരത്തിനാല്‍ ഭൂമിപ്രശ്‌നത്തില്‍എം.എല്‍.എയും എല്‍.ഡി.എഫ് നേതാക്കളും വസ്തുതകള്‍ മറച്ചുവച്ചാണ് സംസാരിക്കുന്നതെന്ന് സമരസഹായസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട് സബ്കലക്ടറുടെ റിപ്പോര്‍ട്ട് ആധികാരികമാണെന്നിരിക്കെയാണ് ഇപ്പോള്‍ പുതിയ റിപ്പോര്‍ട്ട് തയാറാക്കാന്‍ ആവശ്യപ്പെടുന്നത്.
2009ലെ വിജിലന്‍സ് റിപ്പോര്‍ട്ടും ചീഫ് സെക്രട്ടറി അധ്യക്ഷനായ യോഗത്തിലെ തീരുമാനപ്രകാരം വയനാട് സബ് കലക്ടര്‍ തയാറാക്കിയ റിപ്പോര്‍ട്ടും ആധികാരികമാണെന്നിരിക്കെ വീണ്ടും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത് പ്രസ്തുത വിഷയത്തില്‍ നിന്നുള്ള എം.എല്‍.എ അടക്കമുള്ള എല്‍.ഡി.എഫ് നേതാക്കളുടെ ഒളിച്ചുകളിയാണ് വ്യക്തമാക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. വനംവകുപ്പിന്റെ ഭാഗത്ത് നിന്നും അതിക്രൂരമായ നടപടിയാണ് ഉണ്ടായതെന്ന് 2009ല്‍ വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. വി.എസ് സര്‍ക്കാരിന്റെ കാലത്ത് നികുതി സ്വീകരിച്ചതിന് ശേഷം 2008ലാണ് കുടുംബത്തെ പ്രസ്തുതഭൂമിയില്‍ നിന്നും ഇറക്കിവിടുന്നത്. സമരസമിതിയുടെ ഇടപെടല്‍ മൂലം ഈ മാസം തിരുവനന്തപുരത്ത് വച്ച് നടത്തിയ ചര്‍ച്ച പ്രഹസനമായിരുന്നു. കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ കൈവശമുണ്ടായിരുന്ന 12 ഏക്കര്‍ ഭൂമി വനംവകുപ്പ് കള്ളരേഖകള്‍ ചമച്ച് പിടിച്ചെടുക്കുകയായിരുന്നുവെന്ന് സര്‍ക്കാര്‍ തലത്തിലുള്ള വിവിധ അന്വേഷണ റിപ്പോര്‍ട്ടുകള്‍ നിലവിലിരിക്കെയാണ് കള്ളത്തരത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത്. ഹൈക്കോടതി ഭൂമി സംബന്ധിച്ച കേസ് തള്ളിയ സാഹചര്യത്തില്‍ കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ ഭൂമി ഏതാണെന്ന് കണ്ടെത്താന്‍ വനംവകുപ്പിന് നിര്‍ദേശം നല്‍കുകയാണ് ബുധനാഴ്ച തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായത്.
ഇതാണ് ചര്‍ച്ച പ്രഹസനമാണെന്ന് ഉറപ്പിച്ചുപറയാന്‍ കാരണം. റവന്യൂമന്ത്രിയുടെ സാന്നിധ്യത്തില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എയും വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമി ഏതാണെന്ന് വനംവകുപ്പും അന്വേഷണ ഏജന്‍സികളും നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നിന്നാണ് വനംവകുപ്പ് കുടുംബത്തെ ഇറക്കിവിട്ടത്. ഇനി കണ്ടെത്തേണ്ടത് യഥാര്‍ത്ഥത്തില്‍ പിടിച്ചെടുക്കേണ്ടിയിരുന്ന ഭൂമി ഏതാണെന്നാണ്. പക്ഷെ ചര്‍ച്ചയില്‍ തീരുമാനമെടുത്തതാകട്ടെ ജോര്‍ജിന്റെ ഭൂമി ഏതാണെന്ന് കണ്ടെത്താനും. യഥാര്‍ഥത്തില്‍ വിജ്ഞാപനം ചെയ്ത ഭൂമിക്കു പകരം മാനന്തവാടി താലൂക്ക് കാഞ്ഞിരങ്ങാട് വില്ലേജിലെ കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ 12 ഏക്കര്‍ ഭൂമി വനംവകുപ്പ് തെറ്റായി പിടിച്ചെടുക്കുകയായിരുന്നുവെന്നും ഈ വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നുമാണ് വിജിലന്‍സ്, സബ് കലക്ടര്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തില്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്.
വസ്തുതകള്‍ ഇതായിരിക്കെ കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് നീതി ലഭിക്കില്ലെന്നാണ് തിരുവനന്തപുരം ചര്‍ച്ച വ്യക്തമാക്കുന്നത്. കാഞ്ഞിരത്തിനാല്‍ ജോര്‍ജ്ജിന്റെ കുടുംബത്തിന് അനുകൂലമായ റിപ്പോര്‍ട്ടുകള്‍ കോടതിയില്‍ സമര്‍പ്പിച്ച് നീതി വാങ്ങിക്കൊടുക്കേണ്ടതിന് പകരം വീണ്ടും കലക്ടറുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഭൂമിപ്രശ്‌നം വൈകിപ്പിക്കാനുള്ള ഗൂഢനീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത പി.പി ഷൈജല്‍, ജോസഫ് വളവനാല്‍, പി.ടി പ്രേമാനന്ദന്‍, എം.ജി സുനില്‍കുമാര്‍ എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."