കുമ്മനത്തെ ഗവര്‍ണറാക്കിയത് പാര്‍ട്ടി നേതൃസ്ഥാനത്തുനിന്ന് ഒഴിവാക്കാന്‍
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷനെന്ന നിലയില്‍ പരാജയമായതോടെയാണ് കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണറാക്കാന്‍ കേന്ദ്ര നേതൃത്വം തീരുമാനിച്ചത്. ഗവര്‍ണര്‍ പദവി നല്‍കുന്നതിലൂടെ കുമ്മനം സജീവ രാഷ്ട്രീയത്തില്‍നിന്ന് പുറത്താകും.
രൂക്ഷമായ ഗ്രൂപ്പിസം നിലനിന്നിരുന്ന അവസരത്തില്‍ വി. മുരളീധരന്റെയും പി.കെ കൃഷ്ണദാസിന്റെയും പക്ഷക്കാരല്ലാത്ത പുറത്തുനിന്നൊരാളെ സംസ്ഥാന പ്രസിഡന്റാക്കുകയെന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി അംഗം അല്ലാതിരുന്നിട്ടും കുമ്മനത്തെ പ്രസിഡന്റാക്കിയത്. പാര്‍ട്ടിയെ ഗ്രസിച്ചിരിക്കുന്ന രൂക്ഷമായ വിഭാഗീയത അവസാനിപ്പിക്കാന്‍ ഇതിലൂടെ കഴിയുമെന്ന് കേന്ദ്ര നേതൃത്വം വിശ്വസിച്ചു.
എന്നാല്‍, വിഭാഗീയത അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, തന്റെ ബലഹീനതകള്‍ കാരണം പി.കെ കൃഷ്ണദാസ് പക്ഷത്തിനൊപ്പം കുമ്മനം ചേരുകയും ചെയ്തു. തുടര്‍ന്ന് കരുത്തരായ കൃഷ്ണദാസ് വിഭാഗം മറുപക്ഷത്തെ വേട്ടയാടല്‍ ആരംഭിക്കുകയും ചെയ്തു. ഇതോടെ കുമ്മനത്തിന്റെ കീഴില്‍ പാര്‍ട്ടി വളര്‍ന്നില്ലെങ്കിലും വിഭാഗീയത വളര്‍ന്നു. ഇതിന്റെ ഫലമായാണ് മെഡിക്കല്‍ കോഴ അടക്കമുള്ള വിവാദങ്ങള്‍ പുറത്തുവന്നത്.
കോഴ ആരോപണത്തില്‍പ്പെട്ടവര്‍ക്കെതിരേ നടപടിയെടുക്കുന്നതിനുപകരം കോഴ വിവാദം പുറത്തുകൊണ്ടുവന്നവരെ പുറത്താക്കുകയാണ് കുമ്മനം ചെയ്തത്. ഇത് എതിര്‍ചേരിയുടെ ശക്തമായ എതിര്‍പ്പിന് കാരണമായി. കുമ്മനത്തിനെതിരേ ഒരുവിഭാഗം കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കുന്നതിനുപോലും ഇത് കാരണമായി. ഇത് കേന്ദ്ര നേതൃത്വത്തിനുമുന്നില്‍ കുമ്മനത്തിന്റെ പ്രതിച്ഛായ മോശമാക്കി.
കെ. സുരേന്ദ്രനെ മുരളീധരന്റെ പക്ഷക്കാരനായതിനാല്‍ സുപ്രധാന ചുമതലകളില്‍നിന്ന് ഒഴിവാക്കിയതും വിഭാഗീയതയുടെ ഒരുപക്ഷത്തേക്ക് കുമ്മനത്തെ കൊണ്ടെത്തിച്ചു. സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരേ നടത്തിയ കേരള രക്ഷാ യാത്രയിലൂടെയും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ കുമ്മനത്തിനായില്ല. മലപ്പുറം ജില്ലയിലെ വേങ്ങര മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ ദയനീയമായ അവസ്ഥ സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേടായി വിലയിരുത്തിയിരുന്നു. കേന്ദ്ര നേതൃത്വമാണ് വാഗ്ദാനങ്ങള്‍ നല്‍കിയതെങ്കിലും ബി.ഡി.ജെ.എസിനെ എന്‍.ഡി.എയില്‍ പിടിച്ചുനിര്‍ത്തുന്നതില്‍ കുമ്മനം പരാജയപ്പെട്ടതായും ആക്ഷേപമുണ്ടായി.
ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ കെ.എം മാണിയുടെ കാര്യത്തില്‍ കുമ്മനവും മുരളീധരനും വ്യത്യസ്ത അഭിപ്രായങ്ങള്‍ പറഞ്ഞതും കേന്ദ്ര നേതൃത്വം വിലയിരുത്തിയിരുന്നു. അഴിമതിക്കാരനായ മാണിയെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുന്നതിലൂടെ തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്ന വിലയിരുത്തലാണ് അക്കാര്യത്തില്‍ ഉണ്ടായത്. കുമ്മനത്തെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് കൊണ്ടുവന്നതിലൂടെ എന്താണോ ലക്ഷ്യമിട്ടത് അതിന്റെ വിപരീത ഫലമാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് ലഭിച്ചത്. സംസ്ഥാനത്തെ ആര്‍.എസ്.എസ് നേതൃത്വവുമായി ഒരുഘട്ടത്തിലും കലഹിച്ചിരുന്നില്ലെന്നത് മാത്രമാണ് കുമ്മനത്തിന്റെ നേട്ടമായിട്ടുള്ളത്.
ഇങ്ങനെ മുന്നോട്ടുപോയാല്‍ അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്ന് ഒരുസീറ്റുപോലും ബി.ജെ.പിക്ക് നേടാനാകില്ലെന്ന് കേന്ദ്ര നേതൃത്വം കണക്കുകൂട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് കുമ്മനത്തെ മാറ്റാന്‍ തീരുമാനമെടുത്തത്. കുമ്മനത്തെ അധ്യക്ഷസ്ഥാനത്തുനിന്ന് പെട്ടെന്ന് ഒഴിവാക്കുന്നത് തിരിച്ചടിയാകുമെന്ന് കേന്ദ്ര നേതൃത്വം വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രമന്ത്രിസ്ഥാനം നല്‍കി കേരളത്തില്‍നിന്ന് ഒഴിവാക്കാന്‍ നേരത്തേ ആലോചിച്ചിരുന്നു. എന്നാല്‍, മന്ത്രിസ്ഥാനത്തിരുന്ന് കുമ്മനം കേന്ദ്രത്തിന് ബാധ്യതയാകുമോയെന്നകാര്യം ഉയര്‍ന്നപ്പോഴാണ് അത് ഉപേക്ഷിച്ചത്. വിവാദങ്ങളില്ലാതെ കുമ്മനത്തെ ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഗവര്‍ണര്‍ സ്ഥാനം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."