പട്ടികവര്‍ഗ സമഗ്ര സര്‍വേയുമായി കിനാനൂര്‍ കരിന്തളം
നീലേശ്വരം: പഞ്ചായത്തിലെ മുഴുവന്‍ പട്ടികവര്‍ഗ കുടുംബങ്ങളുടേയും പൂര്‍ണമായ സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കാന്‍ കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പദ്ധതി തയാറാക്കി. പ്രത്യേക സര്‍വേ ഫോറം തയാറാക്കി വിവരശേഖരണം നടത്താനാണ് പഞ്ചായത്ത് ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി ഈ വിഭാഗങ്ങളില്‍ നിന്നു തന്നെ സര്‍വേ നടത്താനാവശ്യമായ ഫീല്‍ഡ് സര്‍വേയര്‍മാരെയും കണ്ടെത്തിയിട്ടുണ്ട്. പല ഘട്ടങ്ങളിലായി ഇവര്‍ക്കുള്ള പരിശീലനവും പൂര്‍ത്തിയായി. ഇവര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡും നല്‍കും.
ഓരോ കുടുംബങ്ങളുടേയും വീടിന്റെ സ്ഥിതി, ഭൂമി സംബന്ധമായ കാര്യങ്ങള്‍, ബാങ്ക് വായ്പ സംബന്ധിച്ച വിവരങ്ങള്‍ എന്നിവ ശേഖരിക്കും. ഇതോടൊപ്പം ആരോഗ്യ സംബന്ധമായ കാര്യങ്ങളും ചോദ്യാവലിയിലുണ്ട്. സ്ഥിരം രോഗികള്‍, വികലാംഗര്‍, പാലിയേറ്റിവ് സഹായം ആവശ്യമുള്ളവര്‍ എന്നിവരെ സര്‍വേയിലൂടെ കണ്ടെത്തും. തുടര്‍ന്ന് ഇവര്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കാനും പദ്ധതിയുണ്ട്.
മദ്യം, പാന്‍, പുകയില ഉല്‍പന്നങ്ങള്‍ എന്നിവ ഉപയോഗിക്കുന്നവരെ കണ്ടെത്താനും ഈ കണക്കെടുപ്പിലൂടെ ശ്രമമുണ്ട്. വിദ്യാഭ്യാസ സംബന്ധമായ കാര്യങ്ങള്‍ക്കും സര്‍വേയില്‍ പ്രത്യേക ഊന്നല്‍ നല്‍കുന്നുണ്ട്. പാതിവഴിയില്‍ പഠനം മുടങ്ങിയവരെ കണ്ടെത്താനും അവര്‍ക്കു തുടര്‍പഠനത്തിനുള്ള സാഹചര്യമൊരുക്കാനും പഞ്ചായത്ത് ഭരണസമിതി ആലോചിക്കുന്നുണ്ട്. പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലേയും കണക്കെടുപ്പു പൂര്‍ത്തിയായതിനു ശേഷം ഇവ ക്രോഡീകരിക്കും. തുടര്‍ന്നു കലക്ടറെ പങ്കെടുപ്പിച്ചു കൊണ്ട് ജില്ലാതല അദാലത്ത് നടത്താനും പദ്ധതിയുണ്ടെന്നു പ്രസിഡന്റ് എ വിധുബാല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."