ഡല്‍ഹിയില്‍ 40ലധികം സ്‌കൂളുകളില്‍ ബോംബ് ഭീഷണി; കുട്ടികളെ തിരിച്ചയച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 40ലധികം സ്‌കൂളുകളില്‍ ബോംബ് ഭീഷണി. നഗരത്തിലെ പ്രമുഖ സ്‌കൂളുകള്‍ക്കാണ് ഭീഷണി ലഭിച്ചത്. ഇമെയില്‍ വഴിയായിരുന്നു സന്ദേശം. അജ്ഞാത സന്ദേശത്തിന് പിന്നാലെ സ്‌കൂളുകളില്‍ നിന്ന് കുട്ടികളെ ഒഴിപ്പിച്ചു.
ആര്‍.കെ പുരത്തെ ഡിപിഎസ്, പശ്ചിം വിഹാറിലെ ജിഡി ഗോയങ്ക സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ആദ്യം സന്ദേശമെത്തിയത്. സ്‌കൂള്‍ ബില്‍ഡിംഗുകളില്‍ പലയിടത്തായി ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. ബോംബ് നിര്‍വീര്യമാക്കണമെങ്കില്‍ രണ്ട് കോടിയിലധികം രൂപ വേണമെന്നും ഭീഷണി സന്ദേശത്തിലുണ്ട്.
രാവിലെ അസംബ്ലി തുടങ്ങിയതിന് പിന്നാലെയാണ് സന്ദേശമെത്തിയത്. ഉടന്‍ തന്നെ കുട്ടികളെ വീട്ടിലക്കേയച്ച് സ്‌കൂളുകള്‍ ഫയര്‍ ഡിപാര്‍ട്ട്‌മെന്റിലും പൊലിസിലും വിവരമറിയിച്ചു. അഗ്‌നിരക്ഷാസേന നടത്തിയ പരിശോധനയില്‍ ഒന്നും കണ്ടെത്താനായിട്ടില്ല.
ബോംബ് പൊട്ടിയാല്‍ അനേകം ജീവനുകള്‍ പൊലിയുമെന്നും എല്ലാവരും നരകിക്കണമെന്നും സന്ദേശത്തില്‍ പറയുന്നു. മെയില്‍ അയച്ചിരിക്കുന്ന ഐപി അഡ്രസ് ഉപയോഗിച്ച് പ്രതിയെ പിടികൂടാനാണ് പൊലിസിന്റെ നീക്കം.
നേരത്തേ ഒക്ടോബറില്‍ പ്രശാന്ത് വിഹാറിലെ സിആര്‍പിഎഫ് സ്‌കൂളിന് സമീപം ബോംബ് സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് അപകടമുണ്ടായിരുന്നു. അന്ന് കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആളപായമുണ്ടായില്ല.
ഇതിന് പിറ്റേദിവസം ഡല്‍ഹിയിലെ എല്ലാ സ്‌കൂളുകളിലും ബോംബ് വച്ചിട്ടുണ്ടെന്ന് കാട്ടി സമാന രീതിയില്‍ ഭീഷണി സന്ദേശമെത്തി. അന്ന് നടത്തിയ പരിശോധനയിലും ഒന്നും കണ്ടെത്താനായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."