1.25 ലക്ഷം പേര്‍ക്ക് പകര്‍ച്ചപ്പനി
മലപ്പുറം: അഞ്ചു മാസത്തിനിടെ ജില്ലയില്‍ പകര്‍ച്ചപ്പനി ബാധിച്ചത് 1.25 ലക്ഷം പേര്‍ക്ക്. ഇക്കാലയളവില്‍ 15 പേരാണ് വിവിധ പകര്‍ച്ചവ്യാധികള്‍മൂലം മരിച്ചത്. കഴിഞ്ഞ ജനുവരി മുതല്‍ മെയ് 21 വരെയുള്ള കണക്കാണിത്.
പകര്‍ച്ചപ്പനി ബാധിച്ചു മാത്രം ഇക്കാലയളവില്‍ അഞ്ചു പേരാണ് മരിച്ചത്. 30,440 പേര്‍ കടുത്ത വയറിളക്കം (എ.ഡി.ഡി) ബാധിച്ചു ചികിത്സ തേടി. ഇതില്‍ ഒരാള്‍ മരണപ്പെട്ടു. ഡെങ്കിപ്പനി ബാധിച്ച് 180 പേര്‍ ചികിത്സ തേടിയതില്‍ രണ്ട് പേര്‍ മരിച്ചു. ഇതിനിടെ ഇന്നലെ കൊളത്തൂരില്‍ ഒരാള്‍കൂടി പനി ബാധിച്ചു മരിച്ചു. നിപാ വൈറസ് ബാധിച്ച് ഇവിടെ നേരത്തെ ഒരാള്‍ മരിച്ചിരുന്നു. കഴിഞ്ഞ ദിവസം മാത്രം 15 പേര്‍ ഡെങ്കി ബാധിച്ചു ചികിത്സ തേടിയിട്ടുണ്ട്. അഞ്ചു പേര്‍ക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുമുണ്ട്.
മലയോര മേഖലയിലാണ് ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്നത്. പൂക്കോട്ടൂര്‍, പാണ്ടിക്കാട്, പൊരൂര്‍, വണ്ടൂര്‍, എടവണ്ണ എന്നിവിടങ്ങളിലാണ് ഡെങ്കി സ്ഥിരീകരിച്ചത്. ഇതിനിടെ നിലമ്പൂരില്‍ മലമ്പനിയും സ്ഥിരീകരിച്ചതു വെല്ലുവിളിയുയര്‍ത്തുകയാണ്. കുറുവിലങ്ങാട്ടാണ് ഡെങ്കിക്കൊതുകിന്റെ സാന്ദ്രത ഏറ്റവും കൂടിയ പ്രദേശം. ഇവിടെ മുളങ്കൂട്ടം വെട്ടിമാറ്റിയ കുറ്റിയില്‍ മുട്ടയിട്ടു വിരിഞ്ഞാണ് ഇവ പെരുകിയിത്. നേരത്തെ ഡെങ്കി ബാധിച്ചു കരുളായിയില്‍ യുവതി മരിച്ചിരുന്നു.
ഡിഫ്തിരിയ ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് അഞ്ചു മാസത്തിനിടെ 14 പേരാണ് ചികിത്സ തേടിയത്. ഇതില്‍ മൂന്നു പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ഒരാഴ്ച മുന്‍പു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ച 18 വയസുകാരനു ഡിഫ്തീരിയയായിരുന്നെന്ന സംശയത്തെ തുടര്‍ന്നു തൊണ്ടയിലെ സ്രവം പരിശേധനയ്ക്കയച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഡിഫ്തീരിയ ഭീതിയെ തുടര്‍ന്നു ബോധവല്‍ക്കരണവും വാക്‌സിനുകളും നല്‍കിയിരുന്നു. അന്നു രണ്ടു പേര്‍ മരിക്കുകയും മുപ്പതിലധികം പേര്‍ക്കു രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
2016ലും ഡിഫ്തീരിയ ബാധിച്ചു രണ്ടു പേര്‍ മരിക്കുകയും 248 പേര്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. ഇതില്‍ 42 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. അപ്രതീക്ഷിതമായുണ്ടായ വേനല്‍മഴയാണ് പനിയും മറ്റു പകര്‍ച്ചവ്യാധികളും ഇത്രയധികം പടരാന്‍ പ്രധാന കാരണമെന്ന് ആര്‍.സി.എച്ച് ഓഫിസര്‍ ഡോ. എച്ച്. രേണുക പറഞ്ഞു. കൂട്ടായ പ്രവര്‍ത്തനത്തിലൂടെയും വാക്‌സിനേഷനിലൂടെയും രോഗം ഇല്ലാതാക്കാന്‍ കഴിയുമെന്നും മീസില്‍സ് കുറക്കാന്‍ കഴിഞ്ഞത് ഇതിന് ഉദാഹരണമാണെന്നും അവര്‍ പറഞ്ഞു. ഇതിനിടെ നിപാ ഭീതിയില്‍ അയവുവന്നെങ്കിലും മരണപ്പെട്ടവരുടെ ബന്ധുക്കളെ ആരോഗ്യ വകുപ്പ് നിരീക്ഷിച്ചുവരികയാണ്.
കോഴികള്‍ക്കെതിരേ വ്യാജ പ്രചാരണമെന്ന് പരാതി
മലപ്പുറം: നിപാ വൈറസ് ബ്രോയിലര്‍ കോഴികളില്‍നിന്നു വരുന്നതാണെന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ നിയമ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കേരളാ ചിക്കന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ പൊലിസ് സൂപ്രണ്ടിനു പരാതി നല്‍കി. ആരോഗ്യവകുപ്പോ മൃഗസംരക്ഷണ വകുപ്പോ സര്‍ക്കാര്‍ സംവിധാനങ്ങളോ അത്തരം കാര്യങ്ങള്‍ കണ്ടെത്തിയതായി അറിയിച്ചിട്ടില്ലെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."