ബഹുസ്വരതയെ ഉള്‍ക്കൊള്ളുംവിധം ഇന്ത്യന്‍ ജനാധിപത്യം പുനര്‍നിര്‍വചിക്കണം: കുമാര്‍ സാഹ്നി
കൊല്ലം: ബഹുസ്വരതയോട് വൈമുഖ്യം കാട്ടുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന് ഭീഷണിയാണെന്ന് വിഖ്യാത ചലച്ചിത്രകാരന് കുമാര്‍ സാഹ്നി അഭിപ്രായപ്പെട്ടു. കേരളാ മീഡിയ അക്കാദമി കൊല്ലം പ്രസ് ക്ലബിന്റെയും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും സഹകരണത്തോടെ 'ദേശസ്നേഹം,ജനാധിപത്യം, മാധ്യമം' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരാള്‍ വിശ്വസിക്കുന്ന മതം, ദൈവം, രാഷ്ട്രീയം എന്നിവ മാത്രമാണ് ശരിയെന്നും ഇതിനു പുറത്തുള്ളവരെല്ലാം ദേശവിരുദ്ധരാണെന്നുമുള്ള പ്രചാരണം തെറ്റാണ്.
ഇറോം ശര്‍മിളയെപ്പോലെ ഒരു വനിതയ്ക്ക് നീതിക്കായി ദശാബ്ദക്കാലത്തിലധികം സമരം ചെയ്യേണ്ടിവന്ന ഇന്ത്യയില്‍ ജനാധിപത്യത്തെ പുനര്‍നിര്‍വചിക്കേണ്ടതുണ്ട്. എന്നാല്‍ രാജ്യം നേരിടുന്ന ഇത്തരം വെല്ലുവിളികളെ തുറന്നു കാട്ടുന്നതില്‍ മാധ്യമങ്ങള്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും കുമാര്‍ സാഹ്നി പറഞ്ഞു.
മീഡിയ അക്കാദമി ചെയര്മാന് ആര്.എസ് ബാബു അധ്യക്ഷത വഹിച്ചു. മാധ്യമങ്ങള്‍ക്ക് ശക്തമായ നിലപാട് ഉണ്ടായിരുന്നാല്‍ മാത്രമേ ശരിയുടെ ഭാഗത്ത് നിലയുറപ്പിക്കാന്‍ അവയ്ക്ക് സാധിക്കൂവെന്ന അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ മണിപ്പൂരിലെ ജനാധിപത്യപോരാളി ഇറോം ശര്‍മിളയെ ആദരിച്ചു. സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് മാന്‍ഹോള്‍ സംവിധായിക വിധു വിന്‍സെന്റിനെ അനുമോദിച്ചു. ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണന് സെമിനാറിന്റെ മോഡറേറ്ററായി. പി.എം മനോജ്, സെര്‍ജി ആന്റണി, വി.കെ ജോസഫ്, പ്രസ്ക്ലബ് പ്രസിഡന്റ് സി വിമല്‍കുമാര്‍, പ്രസ്ക്ലബ് സെക്രട്ടി ഡി ജയകൃഷ്ണന്, കെ ജി സന്തോഷ്, കെ.ആര് പ്രമോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."