സിംഗപ്പൂര്‍ ഉച്ചകോടി ചര്‍ച്ചയ്ക്കായി യു.എസ് ദൗത്യസംഘം ഉത്തര കൊറിയയില്‍
പ്യോങ്യാങ്: ഡൊണാള്‍ഡ് ട്രംപ്- കിം ജോങ് ഉന്‍ അസ്വാരസ്യങ്ങള്‍ക്കു പിന്നാലെ നേരത്തേ നിശ്ചയിച്ച കൂടിക്കാഴ്ച അതുപോലെ നടത്താനുള്ള നീക്കം ശക്തമായി. ഇതിന്റെ ഭാഗമായി യു.എസ് ദൗത്യസംഘം ഉത്തര കൊറിയയിലെത്തി. കിം ജോങ് ഉന്നും താനും തമ്മിലുള്ള ഉച്ചകോടിക്ക് വേണ്ട ഒരുക്കങ്ങള്‍ക്കായി അമേരിക്കന്‍ സംഘം ഉത്തര കൊറിയയിലെത്തിയതായി ട്രംപ് ട്വീറ്റ് ചെയ്തു.
ഒരു ദിവസം ശക്തമായ സാമ്പത്തിക-വാണിജ്യ രാഷ്ട്രമാകാനുള്ള എല്ലാവിധ ശേഷിയും ഉത്തര കൊറിയക്കുണ്ടെന്നാണു തന്റെ വിശ്വസമെന്നും അവര്‍ ഒരിക്കല്‍ ശക്തിയാര്‍ജിക്കുമെന്നും ട്രംപ് പറഞ്ഞു.
ഇരുകൊറിയകള്‍ക്കുമിടയിലുള്ള സൈനിക രഹിത മേഖലയായ പാന്‍മുന്‍ജോം ഗ്രാമത്തില്‍ വച്ചാണ് യു.എസ്-ഉത്തര കൊറിയന്‍ ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തിയത്. ഇക്കാര്യം ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഫിലിപ്പൈന്‍സിലെ യു.എസ് അംബാസഡറും മുതിര്‍ന്ന നയതന്ത്രജ്ഞനുമായ സങ് കിം ആണ് യു.എസ് സംഘത്തെ നയിച്ചത്. കൊറിയന്‍ വംശാവലിയുള്ള സങ് മുന്‍പ് ദക്ഷിണ കൊറിയയിലെ യു.എസ് അംബാസഡറായിട്ടുണ്ട്. ഉത്തര കൊറിയയുമായുള്ള ആറംഗ യു.എസ് അനുരഞ്ജന സംഘത്തിലും അദ്ദേഹം അംഗമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."