ലബനാനില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍? ഇരു രാജ്യങ്ങളും ഉടന്‍ തീരുമാനമെടുത്തേക്കുമെന്ന് സൂചന
ബൈറൂത്ത്: ലബനാനില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് സാധ്യത. താല്‍ക്കാലിക വെടിനിര്‍ത്തലലില്‍ ഇസ്‌റാഈലും ലബനാനും ഉടന്‍ തീരുമാനമെടുത്തേക്കുമെന്നാണ് സൂചന. ലബനാന്‍ അതിര്‍ത്തിയില്‍ 21 ദിവസം വെടിനിര്‍ത്തലിന് ലോക രാജ്യങ്ങള്‍ സംയുക്ത ആഹ്വാനം നടത്തിയിരുന്നു. യു.എസ്, ഫ്രാന്‍സ്, സഊദി, ജര്‍മനി, ഖത്തര്‍, യു.എ.ഇ, ആസ്‌ത്രേലിയ, യൂറോപ്യന്‍ യൂണയിയന്‍ തുടങ്ങിയവരാണ് വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തത്. ഹിസ്ബുല്ലക്കും ഇസ്‌റാഈലിനുമിടയില്‍ സമാദാന ചര്‍ച്ചകള്‍ നടത്തുന്നതിന് വേണ്ടിയാണ് ലോകരാജ്യങ്ങള്‍ വെടിനിര്‍ത്തല്‍ മുന്നോട്ടു വെച്ചത്.
വെടിനിര്‍ത്തലിനുള്ള സംയുക്ത ആഹ്വാനത്തെ പിന്തുണയ്ക്കണമോ എന്ന് ലെബനനും ഇസ്‌റാഈലും 'മണിക്കൂറുകള്‍ക്കുള്ളില്‍' തീരുമാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എ.എഫ്.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗസ്സയിലെ വെടിനിര്‍ത്തലിനും പൂര്‍ണ പിന്തുണ നല്‍കുമെന്ന് യു.എന്‍ പൊതുസഭയില്‍ നടന്ന ദീര്‍ഘമായ ചര്‍ച്ചയില്‍ രാഷ്ട്രങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ലബനാന്‍, ഇസ്‌റാഈല്‍ സര്‍ക്കാറുകളടക്കം മുഴുവന്‍ കക്ഷികളും വെടിനിര്‍ത്തലിന് തയ്യാറാവണമെന്ന് വൈറ്റ്ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു.
അതേസമയം ലബനാനില്‍ ഇസ്‌റാഈല്‍ ശക്തമായ ആക്രമണം തുടരുകയാണ്. ബുധനാഴ്ച നടത്തിയ രൂക്ഷമായ വ്യോമാക്രമണത്തില്‍ 72 പേരാണ് കൊല്ലപ്പെട്ടത്. നാനൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇസ്‌റാഈലിന്റെ രൂക്ഷമായ ആക്രമണത്തെ തുടര്‍ന്ന് അഞ്ച് ലക്ഷം പേരാണ് ലബാനില്‍ ഭവനരഹിതരായത്.
ലബനാന്‍ വിടാന്‍ പൗരന്മാര്‍ക്ക് ആസ്‌ത്രേലിയന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലബനാനില്‍ താമസിക്കുന്ന 15,000 പൗരന്മാരോട് രാജ്യം വിടാനും അല്ലെങ്കില്‍ സ്ഥിതി വഷളായാല്‍ ഒറ്റപ്പെടാന്‍ സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."