ലോറിയ്ക്കുള്ളില്‍ അര്‍ജുന്റെ മകന്റെ കളിപ്പാട്ടവും; ഫോണുകളും വാച്ചും ബാഗും കണ്ടെത്തി; അവശേഷിക്കുന്ന കണ്ണീര്‍ കാഴ്ച്ചകള്‍
ഷിരൂര്‍: ഗംഗാവലിപ്പുഴയില്‍ നിന്ന് കണ്ടെത്തിയ അര്‍ജുന്റെ ലോറിയുടെ ക്യാബിനില്‍ നിന്ന് അര്‍ജുന്റെ രണ്ടുഫോണുകള്‍ കണ്ടെത്തി. അര്‍ജുന്‍ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍, പാത്രങ്ങള്‍, ഭക്ഷ്യ വസ്തുക്കള്‍, ബാഗ്, വാച്ച്, മകനുവാങ്ങിയ കളിപ്പാട്ടം എന്നിവയും കണ്ടെടുത്തു. പുഴയില്‍ നിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയ അര്‍ജുന്റെ ലോറി ഇന്ന് പൊളിച്ച് പരിശോധിക്കുന്നതിനിടയിലാണ് ഈ വസ്തുക്കള്‍ കണ്ടെത്തിയത്.
മകന്റെ കളിപ്പാട്ടം ലോറിയില്‍ കാബിന് മുന്നില്‍ വെച്ചാണ് അര്‍ജുന്‍ യാത്ര ചെയ്തിരുന്നത്. മകന് വേണ്ടി അര്‍ജുന്‍ വാങ്ങി നല്‍കിയതായിരുന്നു ഇതെന്ന് അനിയന്‍ അഭിജിത്ത് പറഞ്ഞു. പിന്നീട് തിരികെ പോയപ്പോള്‍ ഈ കളിപ്പാട്ട വണ്ടിയും അര്‍ജുന്‍ കൂടെക്കൊണ്ടുപോയിരുന്നു.
കഴിഞ്ഞ ദിവസം ലോറിയില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങളുടെ 75 ശതമാനമാണ് പുറത്തെടുത്തത് എന്ന് കാര്‍വാര്‍ എം.എല്‍.എ സതീഷ് കൃഷ്ണ സെയ്ല്‍ അറിയിച്ചിരുന്നു.
ഇന്നലെയാണ് അര്‍ജുന്റെ ശരീരഭാഗങ്ങളും ലോറിയും ഗംഗാവലി പുഴയില്‍ നിന്നും കണ്ടെത്തിയത്. കാബിന്‍ പൊളിച്ചു നീക്കി ചെളി നീക്കിയപ്പോളാണ് അര്‍ജുന്റെ വസ്ത്രങ്ങളുള്‍പ്പെടെ ലഭിച്ചത്. ലോറിയുടെ ക്യാബിനുള്ളില്‍ നിന്നും അസ്ഥികള്‍ കണ്ടെത്തിയിരുന്നു. അര്‍ജുന്റെ മൃതദേഹം നാളെ കുടുംബത്തിന് വിട്ടുനല്‍കും.
മണ്ണിടിച്ചിലുണ്ടായി 71 ദിവസങ്ങള്‍ക്ക് ശേഷമാണ് ലോറിയും മൃതദേഹത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തുന്നത്. മൂന്നാം ഘട്ട തിരച്ചിലിന്റെ നാലാം ദിവസമാണ്, ഗംഗാവാലി പുഴയുടെ അടിത്തട്ടില്‍ മണ്ണും കല്ലും മൂടിയ നിലയില്‍ ലോറിയും ക്യാബിനിനുള്ളില്‍ മൃതദേഹത്തിന്റെ ഭാഗങ്ങളും കണ്ടെത്തിയത്. സംസ്ഥാന ദുരന്ത പ്രതികരണ സേനാ വിഭാഗം പരിശോധന നടത്തിയ ശേഷമാണ് ക്യാബിനില്‍ നിന്ന് മൃതദേഹ ഭാഗങ്ങള്‍ ബോട്ടില്‍ കരയിലേക്ക് എത്തിച്ചത്.
കരയില്‍നിന്ന് 65 മീറ്റര്‍ അകലെ ഗംഗാവാലി പുഴയില്‍ 12 മീറ്റര്‍ താഴ്ചയില്‍ നിന്നാണ് ലോറിയുടെ ക്യാബിന്‍ കണ്ടെത്തിയത്. ലോഹഭാഗത്തിന്റെ സിഗ്‌നല്‍ ലഭിച്ച (കോണ്‍ടാക്ട് പോയിന്റ്-2 ) സ്ഥലത്തുനിന്നാണ് ലോറി ഉയര്‍ത്തിയെടുത്തത്. ക്രെയിന്‍ ഉള്‍പ്പെടെയുള്ള യന്ത്രങ്ങളുപയോഗിച്ചാണ് ലോറിയുടെ ക്യാബിന്‍ കരക്കെത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."