കടല്‍ക്ഷോഭം: ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കണമെന്ന് മന്ത്രി
ആലപ്പുഴ : ആലപ്പുഴ ജില്ലയിലെ തീരദേശത്ത് കടല്‍ക്ഷോഭം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് സൗജന്യറേഷന്‍ അനുവദിക്കണമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ആവശ്യപ്പെട്ടു.
നിരവധി കുടുംബങ്ങള്‍ക്ക് വീടും സ്ഥലവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത് ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് അമ്പലപ്പുഴ മണ്ഡലത്തിലെ തീരദേശവാസികളാണ്. കഴിഞ്ഞ 7 വര്‍ഷക്കാലമായി വീടും സ്ഥലവും നഷ്ടപ്പെട്ട് 129 കുടുംബങ്ങള്‍ വിവിധ ക്യാംപുകളിലും ബന്ധുവീടുകളിലുമായി കഴിയുകയാണ്.
ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഇതിനകം 46 കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കി പുനരധിവസിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കടല്‍ക്ഷോഭത്തെതുടര്‍ന്ന് 15 വീടുകള്‍ നഷ്ടപ്പെടുകയും 10 ഓളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് വേണ്ടി ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കുവാന്‍ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇവരടക്കം അമ്പലപ്പുഴ മണ്ഡലത്തില്‍ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന എല്ലാ കുടുംബങ്ങള്‍ക്കും അടിയന്തിരമായി ഒരു മാസത്തെ സൗജന്യ റേഷന്‍ അനുവദിക്കണമൊവശ്യപ്പെട്ട് റവന്യു വകുപ്പ് മന്ത്രിയ്ക്ക് കത്ത് നല്‍കിയതായി മന്ത്രി ജി.സുധാകരന്‍ അറിയിച്ചു.
തീരദേശ സംരക്ഷണത്തിന് ശാസ്ത്രീയമായ ദീര്‍ഘകാല പദ്ധതികള്‍ അടിയന്തിരമായി ആവിഷ്‌കരിച്ച് നടപ്പിലാക്കണമെന്നും അതോടൊപ്പം തീരദേശത്തെ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മത്സ്യത്തൊഴിലാളി ഭവനങ്ങള്‍ സംരക്ഷിക്കുന്നതിന് കല്ലും പുലിമുട്ടും നിക്ഷേപിക്കുന്നത് അടക്കമുള്ള ഹ്രസ്വകാല നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രിയ്ക്കും മത്സ്യബന്ധന വകുപ്പ് മന്ത്രിയ്ക്കും ജലവിഭവ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയ്ക്കും ഇറിഗേഷന്‍ ചീഫ് എഞ്ചിനീയര്‍ക്കും കത്ത് നല്‍കിയതായും മന്ത്രി അറിയിച്ചു.
മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തി പകര്‍ച്ച വ്യാതികളും ജലജന്യരോഗങ്ങളും ഉണ്ടാകാതിരിക്കാനും പകര്‍ന്ന് പിടിക്കാതിരിക്കാനും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും മന്ത്രി ജി.സുധാകരന്‍ ആലപ്പുഴ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."